ലഹരിമരുന്ന് ഉപയോഗിച്ചാൽ പണി പോകും; സ്വകാര്യ മേഖല കേന്ദ്രീകരിച്ച് പോലീസിന്റെ പദ്ധതി

Share our post

കൊച്ചി: ജോലി വേണോ, എങ്കിൽ മയക്കുമരുന്ന് ഉപയോഗിക്കില്ലെന്ന് കരാർ ഒപ്പിടണം. ഇടക്ക് മിന്നൽ പരിശോധനയുണ്ടാകും. ലഹരിയിൽ കുടുങ്ങിയാൽ പണി പോകും. സ്വകാര്യ മേഖല കേന്ദ്രീകരിച്ച് കൊച്ചി സിറ്റി പോലീസിന്റെ നേതൃത്വത്തിൽ നടപ്പാക്കാനൊരുങ്ങുന്ന ലഹരിവിരുദ്ധ പദ്ധതിയിൽ ഉൾപ്പെടുന്നതാണിതെല്ലാം. കൊച്ചിയിൽ തുടങ്ങുന്ന പദ്ധതി വിജയകരമായാൽ സംസ്ഥാനത്തിൻ്റെ മറ്റുഭാഗങ്ങളിലേക്കും വ്യാപിപ്പിക്കും.

ഐ.ടി. കമ്പനികളിൽനിന്നാണ് ഇതിൻ്റെ തുടക്കം. പോളിസി ഫോർ പ്രിവെൻഷൻ ഓഫ് ഡ്രഗ് അബ്യൂസ് (പി.ഒ.ഡി.എ.) എന്നപേരിൽ തയ്യാറാക്കിയിരിക്കുന്ന കരട് നയമനുസരിച്ച് ജോലിയിൽ പ്രവേശിക്കുന്നസമയത്ത് ഓരോ ജീവനക്കാരനും മയക്കുമരുന്ന് ഉപയോഗിക്കില്ലെന്ന കരാർ ഒപ്പിടണം. സ്ഥാപന ഉടമ ആവശ്യപ്പെടുന്ന സമയത്ത് പരിശോധനയ്ക്കും ഹാജരാകണം. മയക്കുമരുന്ന് ഉപയോഗം തെളിഞ്ഞാൽ പിരിച്ചുവിടാൻ തൊഴിലുടമയ്ക്ക് അധികാരമുണ്ടാകും. രക്തം, മൂത്രം, മുടി എന്നിവയാണ് പരിശോധിക്കുക. പോലീസ് കമ്മിഷണർ എസ്. ശ്യാംസുന്ദർ ഐ.ടി. കമ്പനികളുടെ കൂട്ടായ്മ‌യായ ജി-ടെക്കുമായി ഉൾപ്പെടെ കൂടിക്കാഴ്‌ച നടത്തിയശേഷമാണ് പദ്ധതി ആസൂത്രണം ചെയ്‌തത്‌. തുടർനടപടികൾക്കായി നയത്തിന്റെ കരട് കമ്പനികൾക്ക് അയച്ചിട്ടുണ്ട്.

മികച്ച പ്രതികരണം

ഐ.ടി. സ്ഥാപനങ്ങൾ ഉൾപ്പെടെ വിവിധ വാണിജ്യ, വ്യവസായമേഖല പ്രതിനിധികളുമായി ചർച്ച നടത്തിയിരുന്നു. എല്ലാവരും സഹകരണം വാഗ്ദാനം ചെയ്തിട്ടുണ്ട്. ഐ.ടി. കമ്പനികൾക്കിടയിൽ സമവായമുണ്ടാക്കുന്നതിന് പിന്തുണതേടി ഇൻഫോപാർക്ക് സി.ഇ.ഒ.യ്ക്കും കത്തയച്ചിട്ടുണ്ട്. – എസ്. ശ്യാംസുന്ദർ, കൊച്ചി സിറ്റി പോലീസ് കമ്മിഷണർ

പദ്ധതിക്ക് പിന്നിൽ

കൊച്ചിയിൽ മാത്രം കഴിഞ്ഞവർഷം ലഹരി ഉപയോഗവുമായി ബന്ധപ്പെട്ട് 7000-ത്തോളം കേസുകൾ റിപ്പോർട്ട് ചെയ്‌തു. ബെംഗളൂരുവിൽ ഗ്രാമിന് ആയിരം രൂപയുള്ള ലഹരി കൊച്ചിയിലെത്തുമ്പോൾ 6000 മുതൽ 7000 വരെയാകും. 25-നും 35-നും ഇടയിൽ പ്രായമുള്ള നല്ല ജോലിയുള്ള, സാമ്പത്തികമായി മുന്നാക്കം നിൽക്കുന്നവരാണ് വലിയ വില കൊടുത്ത് മയക്കുമരുന്ന് വാങ്ങുന്നത്. രാജ്യത്ത് തൊഴിലെടുക്കുന്നവരിൽ 97 ശതമാനവും സ്വകാര്യ മേഖലയിലാണ്.

നിയമ പിന്തുണ വേണം

ലഹരിക്കെതിരേയുള്ള എന്തു നടപടിയും സ്വാഗതം ചെയ്യും. നിയമത്തിന്റെ പിൻബലമുണ്ടെങ്കിൽ പോലീസ് മുന്നോട്ടുവെച്ച നിർദേശങ്ങൾ നടപ്പാക്കാൻ തയ്യാറാണ്. – വി. ശ്രീകുമാർ, സെക്രട്ടറി, ജി-ടെക്ക്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!