ഓൺലൈൻ പഠനത്തിന് അംഗീകാരം നൽകില്ല: ദേശീയ മെഡിക്കൽ കമ്മീഷൻ

കോഴിക്കോട് : യുദ്ധം തുടരുന്ന ഉക്രയ്‌നിൽ ഇന്ത്യൻ മെഡിക്കൽ വിദ്യാർഥികളുടെ ഓൺലൈൻ പഠനത്തിന് അംഗീകാരം നൽകാനാകില്ലെന്ന് നാഷണൽ മെഡിക്കൽ കമീഷൻ. നേരത്തേ എൻ.എം.സി ഇറക്കിയ സർക്കുലർ പ്രകാരം നാലാം വർഷംവരെ തിയറി ക്ലാസുകൾക്ക് ഓൺലൈൻ പഠനത്തിന് അനുമതി ഉണ്ടായിരുന്നു. കഴിഞ്ഞ ദിവസമാണ് ഓൺലൈൻ ക്ലാസുകൾക്ക് അംഗീകാരം ഉണ്ടാവില്ലെന്ന് കാണിച്ച് എൻ.എം.സി സർക്കുലർ ഇറക്കിയത്.
ഇപ്പോഴും യുദ്ധം തുടരുന്നതിനാൽ ഉക്രയ്‌നിൽ പഠനം പൂർണതോതിൽ നടത്താനായിട്ടില്ല. നേരത്തേ കോവിഡ് മൂലവും മാസങ്ങൾ റഗുലർ ക്ലാസുകൾ നഷ്ടമായിരുന്നു. ഓൺലൈൻ ക്ലാസ് കാലയളവിൽ നഷ്ടമായ പ്രാക്ടിക്കൽ പരിശീലനം പിന്നീട് നടത്താനും ഇതുമായി ബന്ധപ്പെട്ട കോമ്പൻസേറ്ററി സർട്ടിഫിക്കറ്റ് സമർപ്പിക്കാനുമാണ് എൻ.എം.സി അനുമതി നൽകിയത്. നൂറുകണക്കിന് വിദ്യാർഥികളെ പ്രതിസന്ധിയിലാക്കുന്നതാണ് പുതിയ ഉത്തരവ്.
യുദ്ധത്തെ തുടർന്ന് ഉക്രയ്‌നിലെ പഠനം നിർത്തി അയൽരാജ്യങ്ങളിലെ സർവകലാശാലകളിൽ ചേർന്ന വിദ്യാർഥികളെയും ഉക്രയ്‌നിൽ മടങ്ങിയെത്തി പഠനം പുനരാരംഭിച്ചവരേയും പുതിയ ഉത്തരവ് പ്രതികൂലമായി ബാധിക്കും. കൃത്രിമം നടന്നെങ്കിൽ കണ്ടെത്തണമെന്നും എൻ.എം.സി.യുടെ അനുമതിയോടെ ഓൺലൈൻ പഠനം നടത്തിയ വിദ്യാർഥികളെ പ്രതിസന്ധിയാക്കുന്നത് അനീതിയാണെന്നും ഓൾ കേരള ഉക്രയ്‌ൻ മെഡിക്കൽ സ്‌റ്റുഡന്റ്‌സ് ആൻഡ് പാരന്റ്‌സ് അസോസിയേഷൻ ചൂണ്ടിക്കാട്ടുന്നു.
പത്തുവർഷത്തിനകം മെഡിക്കൽ പഠനത്തിന്റെ നടപടിക്രമം പൂർത്തിയാക്കണമെന്നാണ് എൻ.എം.സി.യുടെ ചട്ടം. യുദ്ധവും കോവിഡും നീണ്ട കാലയളവിൽ പഠനം മുടക്കിയ സാഹചര്യത്തിൽ നല്ലൊരു ശതമാനം വിദ്യാർഥികൾക്ക് ഇതിനാവില്ല. വിദേശത്ത് മെഡിക്കൽ പഠനം പൂർത്തിയാക്കിയവർ ഒരു വർഷം ഇന്ത്യയിലെ സ്ഥാപനങ്ങളിൽ ഇന്റേൺഷിപ്പ് പൂർത്തിയാക്കണം. പ്രൊവിഷണൽ സർട്ടിഫിക്കറ്റും ഇന്റേൺഷിപ്പും വൈകുന്നത് ലക്ഷങ്ങൾ വായ്പയെടുത്ത് പഠനം നടത്തുന്നവർക്ക് വലിയ പ്രതിസന്ധിയാകുന്നു.