ആൺവേഷം കെട്ടി ഗർഭിണിയായ യുവതി,ഒപ്പം ഭർത്താവും; സ്‌കൂട്ടർ യാത്രക്കാരിയെ ഇടിച്ചുവീഴ്ത്തി ആഭരണം കവർന്നു

Share our post

ഹരിപ്പാട്(ആലപ്പുഴ): സ്‌കൂട്ടര്‍യാത്രക്കാരിയെ ഇടിച്ചുവീഴ്ത്തിയശേഷം രക്ഷിക്കാന്‍ ശ്രമിക്കുകയാണെന്ന വ്യാജേന മൂന്നുപവന്റെ ആഭരണം പൊട്ടിച്ചെടുത്ത കേസില്‍ അഞ്ചുമാസം ഗര്‍ഭിണിയായ യുവതിയും ഭര്‍ത്താവും അറസ്റ്റില്‍. കരുവാറ്റ വടക്ക് കൊച്ചുകടത്തേരില്‍ പ്രജിത്ത് (37), ഭാര്യ രാജി (32) എന്നിവരാണു പിടിയിലായത്.

പ്രജിത്ത് ഓടിച്ച സ്‌കൂട്ടറിനുപിന്നില്‍ ആണ്‍വേഷംകെട്ടിയാണ് രാജി ഇരുന്നതെന്നും മോഷണശേഷം വേഷംമാറിയാണ് ഇരുവരും രക്ഷപ്പെട്ടതെന്നും കേസന്വേഷിച്ച കരീലക്കുളങ്ങര എസ്.എച്ച്.ഒ. എന്‍. സുനീഷ് പറഞ്ഞു. മേയ് 25-നു രാത്രി ഏഴരയോടെ മുട്ടത്തുനിന്ന് നാലുകെട്ടുംകവലയിലേക്കുള്ള എന്‍.ടി.പി.സി. റോഡിലായിരുന്നു സംഭവം.

രാമപുരത്തെ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരി, പള്ളിപ്പാട് നാലുകെട്ടുംകവല കവലയ്ക്കല്‍ ആര്യ(23)യാണ് ആക്രമിക്കപ്പെട്ടത്. പിടിച്ചുപറിച്ച ആഭരണങ്ങള്‍ പ്രതികള്‍ വിറ്റിരുന്നു. പോലീസ് ഇതു വീണ്ടെടുത്തു. ഇവര്‍ സഞ്ചരിച്ച സ്‌കൂട്ടറും കണ്ടെടുത്തു.

ആര്യയുടെ സ്‌കൂട്ടറിനുപിന്നില്‍ പ്രതികള്‍ സ്‌കൂട്ടര്‍ ഇടിച്ചുകയറ്റുകയായിരുന്നു. തെറിച്ചുവീണ ആര്യയെ രക്ഷിക്കാനെന്ന ഭാവത്തില്‍ എഴുന്നേല്‍പ്പിച്ചശേഷം മാലപൊട്ടിക്കാന്‍ ശ്രമിച്ചു. അപകടം തിരിച്ചറിഞ്ഞ ആര്യ ഓടിരക്ഷപ്പെടാന്‍ ശ്രമിച്ചപ്പോള്‍ പ്രജിത്ത് മുടിക്കുപിടിച്ചുനിര്‍ത്തി കൈച്ചെയിനും പാദസരങ്ങളിലൊന്നും മോതിരവും ഊരിയെടുത്തു. തുടര്‍ന്ന് പ്രതികള്‍ രക്ഷപ്പെട്ടു.

ശക്തമായി മഴയുണ്ടായിരുന്നു. മോഷണത്തിനിടെ പ്രതികള്‍ ആര്യയുടെ മൊബൈല്‍ ഫോണ്‍ വെള്ളക്കെട്ടിലേക്കു വലിച്ചെറിഞ്ഞിരുന്നു.

സി.സി.ടി.വി. ദൃശ്യങ്ങള്‍ പരിശോധിച്ചാണ് പ്രതികളിലേക്കെത്തിയത്. തന്നെ ഇടിച്ചുവീഴ്ത്തിയത് രണ്ടു പുരുഷന്മാരാണെന്നായിരുന്നു ആര്യയുടെ മൊഴി. എന്നാല്‍, ചില സി.സി.ടി.വി. ദൃശ്യങ്ങളില്‍ പുരുഷനെയും സ്ത്രീയെയും കണ്ടു. ഇക്കാര്യത്തില്‍ വ്യക്തത വരുത്തിയാണ് കരുവാറ്റയിലെ വീട്ടില്‍നിന്ന് പ്രതികളെ പിടികൂടിയത്.

മോഷണശേഷം കായംകുളം ഭാഗത്തേക്കാണ് പ്രതികള്‍ പോയത്. ഇതിനിടയില്‍ പ്രജിത്ത് ഉടുപ്പു മാറി. കായംകുളത്ത് എത്തിയശേഷമാണ് രാജി ധരിച്ചിരുന്ന ഉടുപ്പും പാന്റ്‌സും മാറിയത്. ഡാണാപ്പടിയിലെ ഒരു കടയില്‍ ആഭരണങ്ങള്‍ വിറ്റശേഷം തമിഴ്‌നാട്ടിലെ വിവിധ സ്ഥലങ്ങളില്‍ കറങ്ങിയ പ്രതികള്‍ കഴിഞ്ഞദിവസമാണ് നാട്ടിലെത്തിയത്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!