പതിനാറുകാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കി; യുവാവിന് 103 വർഷം കഠിനതടവ്

മഞ്ചേരി : പതിനാറുകാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ സംഭവത്തിൽ യുവാവിന് 103 വർഷം കഠിനതടവും മൂന്നരലക്ഷം രൂപ പിഴയും ശിക്ഷ. എടവണ്ണ മുണ്ടേങ്ങര കൊളപ്പാടൻ അൻസിഫിനെ (25)യാണ് മഞ്ചേരി സ്‌പെഷ്യൽ പോക്‌സോ കോടതി ജഡ്ജി എ.എം അഷ്‌റഫ് ശിക്ഷിച്ചത്. ബലാത്സംഗത്തിനും പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചതിനും 30 വർഷംവീതം കഠിനതടവും ഒരുലക്ഷം രൂപവീതം പിഴയുമാണ് ശിക്ഷ. ബാലിക സംരക്ഷണ നിയമപ്രകാരം 40 വർഷം കഠിനതടവും ഒരുലക്ഷം രൂപ പിഴയുമടക്കണം.
പിഴയടക്കാത്ത പക്ഷം മൂന്ന് വകുപ്പുകളിലും മൂന്നുമാസം വീതം അധിക തടവ് അനുഭവിക്കണം. വീട്ടിൽ അതിക്രമിച്ചുകയറിയതിന് മൂന്നുവർഷം കഠിന തടവ്, അരലക്ഷം രൂപ പിഴ, പിഴയടക്കാത്തപക്ഷം രണ്ടുമാസത്തെ അധിക തടവ് എന്നിങ്ങനെയും ശിക്ഷയുണ്ട്. പ്രതി പിഴയടക്കുന്ന തുക അതിജീവിതക്ക് നൽകണമെന്നും കോടതി വിധിച്ചു.
2021 ഒക്‌ടോബർ 10ന് പുഴയരികിലും നവംബർ 28ന് പെൺകുട്ടിയുടെ വീട്ടിലും അതിക്രമിച്ചു കയറിയാണ് പീഡിപ്പിച്ചത്. ശാരീരിക അസ്വാസ്ഥ്യമുണ്ടായ കുട്ടിയെ വീട്ടുകാർ ആസ്‌പത്രിയിൽ പ്രവേശിപ്പിച്ചപ്പോഴാണ് ഗർഭിണിയാണെന്ന വിവരം അറിഞ്ഞത്. തുടർന്ന് എടവണ്ണ പൊലീസിൽ പരാതി നൽകുകയായിരുന്നു. പ്രതിയെ തവനൂർ സെൻട്രൽ ജയിലിലേക്കയച്ചു. സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ എ.സോമസുന്ദരൻ 18 സാക്ഷികളെ വിസ്തരിച്ചു. ഇൻസ്‌പെക്ടറായിരുന്ന അബ്ദുൽ മജീദാണ് കേസന്വേഷിച്ചത്.