മണ്ണെണ്ണ ക്വാട്ട ; കേന്ദ്രം വെട്ടിക്കുറച്ചത് 60 ശതമാനം വിഹിതം

തിരുവനന്തപുരം: കേരളത്തിനുള്ള റേഷൻ മണ്ണെണ്ണ 60 ശതമാനം വെട്ടിക്കുറച്ച് കേന്ദ്ര സർക്കാർ. നരേന്ദ്രമോദി സർക്കാർ അധികാരത്തിലുള്ള പത്തുവർഷവും മണ്ണെണ്ണ വിഹിതം ഘട്ടം ഘട്ടമായി കുറച്ചു. 2020–- 21 ൽ 37056 കിലോലിറ്ററായിരുന്നു കേരളത്തിന് മണ്ണെണ്ണ ലഭിച്ചിരുന്നത്. 2023–-24 സാമ്പത്തിക വർഷത്തിൽ 7776 കിലോ ലിറ്ററായി വിഹിതം കുത്തനെ കുറഞ്ഞു. ഈ വർഷം ഏപ്രിൽ മുതൽ ജൂൺവരെ ആദ്യ മൂന്നുമാസ കാലയളവിലേക്ക് അനുവദിച്ചത് 780 കിലോ ലിറ്ററാണ്. ഏപ്രിൽ മുതൽ മാർച്ചുവരെ നാലുഘട്ടമായി ലഭിക്കുക 3120 കിലോ ലിറ്റർ മാത്രം.
2022 മുതൽ വൈദ്യുതീകരിച്ച വീടുകളുള്ള മുൻഗണനാ കാർഡുകാർക്ക് അരലിറ്റർ വീതം മണ്ണെണ്ണയായിരുന്നു മൂന്നുമാസത്തിലൊരിക്കൽ വിതരണം ചെയ്‌തിരുന്നത്. വൈദ്യുതീകരിക്കാത്ത വീടുകൾക്ക് നാലു ലിറ്ററും. 2014 മുതൽ 2022 വരെ മാസത്തിൽ യഥാക്രമം അരലിറ്ററും അഞ്ച് ലിറ്ററുമായിരുന്നു വിതരണം ചെയ്‌തിരുന്നത്. ക്വാട്ട വൻ തോതിൽ വെട്ടിക്കുറച്ചതോടെ മൂന്നുമാസത്തിലൊരിക്കൽ കാൽലിറ്റർ പോലും നൽകാൻ കഴിയില്ല.
മൊത്ത വ്യാപാരികൾ കളംവിട്ടു
സബ്‌സിഡി മണ്ണെണ്ണയിൽ വൻ വെട്ടിക്കുറവ് വരുത്തിയതോടെ മൊത്ത വ്യാപാരികളും കളംവിടുകയാണ്. ചെലവ് കൂടുതലും വരവ് കുറവും എന്ന സ്ഥിതിയിലാണ് ഇവരുടെ പിന്മാറ്റം. മണ്ണെണ്ണ വിൽപ്പനയ്‌ക്ക് ലൈസൻസ് എടുക്കണം. ലൈസൻസിന് മുടക്കുന്ന തുക പോലും കമീഷൻ ഇനത്തിൽ റേഷൻ വ്യാപാരികൾക്ക് ലഭിക്കുന്നുമില്ല. ഈ സ്ഥിതിയിൽ വിൽപ്പന ഏറ്റെടുക്കാൻ കഴിയില്ലെന്നാണ് മൊത്ത വ്യാപാരികളുടെയും റേഷൻ കടയുടമകളുടെയും വാദം.