പുതിയ അധ്യയന വര്‍ഷത്തിന് തുടക്കം, സമ്മാനങ്ങൾ നൽകി കുട്ടികളെ സ്വീകരിച്ച് സര്‍ക്കാര്‍; ആശംസിച്ച് മുഖ്യമന്ത്രി

Share our post

കൊച്ചി: വേനലവധിക്ക് ശേഷം പുതിയ അധ്യയന വര്‍ഷത്തിന് തുടക്കം. കൊച്ചി എളമക്കര സര്‍ക്കാര്‍ സ്കൂളിൽ മുഖ്യമന്ത്രി പിണറായി വിജയൻ സ്കൂൾ പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു. രാവിലെ 9 മണി മുതല്‍ ഒന്നാം ക്ലാസിലെത്തുന്ന കുട്ടികളെ വിദ്യാഭ്യാസമന്ത്രിയുടെ നേതൃത്വത്തില്‍ സ്വീകരിച്ചു. ഇവര്‍ക്ക് ബാഗുകളും കുടകളും സമ്മാനമായി നൽകി. വിജ്ഞാനത്തിനും വിനോദത്തിനും ഉപാധികളുള്ള ഇടമായി സ്കൂളുകൾ മാറിയെന്ന് ഉദ്ഘാടന പ്രസംഗത്തിൽ മുഖ്യമന്ത്രി പറഞ്ഞു.

പലവിധ സൗകര്യങ്ങളാണ് കുട്ടികൾക്കായി സ്കൂളുകളിൽ ഒരുക്കിയതെന്ന് മുഖ്യമന്ത്രി പറഞ്ഞു. പാഠപുസ്തകങ്ങളും യൂനിഫോമുകളും ഇതിനോടകം ലഭിച്ചു. കുട്ടികൾക്ക് ബാഗും കുടകളും നൽകി. ക്ലാസ്മുറികൾ ഹൈടെക്കായി. റോബോട്ടിക് കിറ്റുകൾ ലഭ്യമാക്കും. വിജ്ഞാനത്തിനും വിനോദത്തിനും ഉപാധികളുള്ള ഇടമായി സ്കൂളുകൾ മാറി. ഇതിനെയെല്ലാം ഉപയോഗിച്ച് ജീവിതത്തിൽ മുന്നേറാൻ കുട്ടികൾക്ക് സാധിക്കട്ടെയെന്ന് അദ്ദേഹം ആശംസിച്ചു.

കുട്ടികളുടെ വിദ്യാഭ്യാസം പരമപ്രധാനമായി കണ്ടുകൊണ്ടുള്ള നിലപാടാണ് വിദ്യാഭ്യാസ വകുപ്പ് സ്വീകരിച്ചതെന്ന് മുഖ്യമന്ത്രി പറഞ്ഞു. പുതിയകാലത്തെ നേരിടാനുള്ള പ്രാപ്തി കുട്ടികളിൽ ഉണ്ടാക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യം. പൊതുവിദ്യാഭ്യാസ മേഖലയെ സംരക്ഷിക്കാനാണ് 2016 ൽ പൊതു വിദ്യാഭ്യാസ സംരക്ഷണം യജ്ഞം തുടങ്ങിയത്. അത് പൊതു വിദ്യാഭ്യാസ രംഗത്ത് സമൂല മാറ്റങ്ങൾ ഉണ്ടാക്കി. കുട്ടികളുടെ വിദ്യാഭ്യസം സമൂഹത്തിന്റെ കൂടെ ഉത്തരവാദിത്തമായി മാറി. പരീക്ഷാ നടത്തിപ്പ് അടക്കം പൊതു സമൂഹം ഏറ്റെടുത്തത് കൊവിഡ് കാലത്ത് കണ്ടു. നീതി അയോഗ് റിപ്പോർട്ടിൽ കേരളത്തിലെ വിദ്യാഭ്യസ നിലവാരം ഒന്നാമതാണെന്നും അദ്ദേഹം പറഞ്ഞു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!