ഡോക്ടർമാരില്ല; പേരാവൂർ താലൂക്കാസ്പത്രിയിൽ ഒ.പിയും അത്യാഹിത വിഭാഗവും പ്രതിസന്ധിയിൽ

പേരാവൂർ: ഡോക്ടർമാരില്ലാതായതോടെ പേരാവൂർ താലൂക്കാസ്പത്രിയിലെ ഒ.പി.യുടെയും അത്യാഹിത വിഭാഗത്തിന്റെയും പ്രവർത്തനം അവതാളത്തിലായി. ദിവസവും എണ്ണൂറോളം രോഗികൾ ചികിത്സ തേടുന്ന ഒ.പി.യിൽ ഒന്നോ രണ്ടോ ഡോക്ടർമാരുടെ സേവനം മാത്രമാണ് നിലവിൽ ലഭിക്കുന്നത്. അത്യാഹിത വിഭാഗത്തിലടക്കം മണിക്കൂറുകൾ ക്യൂ നില്‌ക്കേണ്ട ഗതികേടിലാണ് രോഗികൾ.
ഒ.പി.ക്കും അത്യാഹിത വിഭാഗത്തിനും പുറമെ ജീവിതശൈലീരോഗ ക്ലിനിക്ക്, ട്രൈബൽ മൊബൈൽ മെഡിക്കൽ യൂണിറ്റ്, പനി ക്ലിനിക്ക് എന്നിവയ്ക്കും ഡോക്ടർമാരുടെ സേവനം ആവശ്യമാണ്. എൻ-14 ഡോക്ടർമാരുടെ സേവനം ലഭിക്കേണ്ട ആസ്പത്രിയിൽ ആറു പേരുടെ ഒഴിവുകളുണ്ട്. സൂപ്രണ്ടില്ലാതായിട്ട് ഒരു വർഷത്തോളമായി. കാഷ്വാലിറ്റി മെഡിക്കൽ ഓഫീസർ തസ്തികയിൽ നാലു പേർ വേണ്ടിടത്ത് രണ്ടു പേരാണുള്ളത്. ഒരാൾ അഞ്ച് മാസമായി ലീവിലാണ്. രണ്ട് അസിസ്റ്റന്റ് സർജന്മാരിൽ ഒരാൾ സൂപ്രണ്ടിന്റെ ചുമതല വഹിക്കുന്നതിനാൽ ഒ.പി.യിൽ അദ്ദേഹത്തിന്റെ സേവനം ലഭ്യമല്ല. ജൂനിയർ കൺസൾട്ടന്റ് മെഡിസിൻ വിഭാഗത്തിൽ രണ്ട് പേർ വേണ്ടിടത്ത് മാസങ്ങളായി ഒരാൾ മാത്രമാണുള്ളത്. ദന്തൽ വിഭാഗത്തിൽ അസി.സർജൻ തസ്തികയും ഒരു വർഷത്തോളമായി ഒഴിഞ്ഞു കിടക്കുകയാണ്.
ഒഴിവുള്ള തസ്തികകളിൽ ഡോക്ടർമാരെ നിയമിക്കാൻ ആരോഗ്യവകുപ്പ് തയ്യാറാവുന്നില്ലെന്നാണ് ആക്ഷേപം. മലയോരത്തെ ഏറ്റവും പ്രധാനപ്പെട്ട ഈ ആതുരാലയത്തിൽ മാസങ്ങളായി ഡോക്ടർമാരുടെ കുറവുണ്ടായിട്ടും ബദൽ സംവിധാനം ഒരുക്കാത്ത ആരോഗ്യ വകുപ്പിനെതിരെ പ്രതിഷേധം ഉയരുന്നുണ്ട്. ഡോക്ടർമാർ കുറഞ്ഞതോടെ ഒ.പി.യിലെത്തുന്ന രോഗികൾ ചികിത്സ ലഭിക്കാതെ മടങ്ങുന്ന സാഹചര്യവുമുണ്ട്. ജോലി ക്രമീകരണ വ്യവസ്ഥയിലോ എൻ.എച്ച്.എം മുഖാന്തിരമോ എത്രയുമുടനെ ആവശ്യത്തിന് ഡോക്ടർമാരെ നിയമിക്കാത്ത പക്ഷം ആറളം പുനരധിവാസ മേഖലയിലെ അടക്കം മലയോരത്തെ നിർധന രോഗികൾ എറെ ദുരിതത്തിലാവും. മലയോരത്ത് പകർച്ച വ്യാധികൾ വ്യാപകമായിട്ടും പ്രതിസന്ധിയിലായ താലൂക്കാസ്പത്രിയുടെ പ്രവർത്തനം പരിഹരിക്കാൻ ആരോഗ്യവകുപ്പ് നടപടി സ്വീകരിക്കണമെന്നാണ് ജനങ്ങളുടെ ആവശ്യം.