മാറ്റുന്നെങ്കിൽ കൂട്ടത്തോടെ മാത്രം; പ്രസിഡന്റ് പദവി തിരിച്ചേൽപ്പിക്കണമെന്ന നിലപാടിൽ ഉറച്ച് കെ.സുധാകരൻ

തിരുവനന്തപുരം : കെ.പി.സി.സി പ്രസിഡന്റ് പദവി തന്നെ തിരിച്ചേൽപ്പിക്കണമെന്ന നിലപാടിൽ ഉറച്ച് കെ. സുധാകരൻ. സൂത്രപ്പണിയിലൂടെ തെറിപ്പിക്കാനാണ് ഭാവമെങ്കിൽ പ്രതിപക്ഷ നേതാവിനെ ഉൾപ്പെടെ കൂട്ടത്തോടെ മാറ്റേണ്ടിവരുമെന്ന നിലപാടിലാണ് സുധാകരൻ. എന്നാൽ, സുധാകരനെ മാറ്റുമെന്ന് ഉറപ്പിച്ച പല നേതാക്കളും പ്രസിഡന്റ് പദവിക്കായി ചരടുവലി ശക്തമാക്കി. സീറ്റ് ഒഴിഞ്ഞുകൊടുത്ത പ്രതാപനും സഭകളുടെ താൽപ്പര്യം പറഞ്ഞ് കുഴൽനാടനും സമുദായം പറഞ്ഞ് അടൂർ പ്രകാശും അടക്കം വൻനിര തന്നെ രംഗത്തുണ്ട്.
അതേസമയം, ഹൈക്കമാൻഡ് പറയുമ്പോഴേ സ്ഥാനം ഏറ്റെടുക്കുകയുള്ളൂവെന്നും തനിക്ക് നേതൃത്വത്തിൽ പരിപൂർണ വിശ്വാസമാണെന്നും സുധാകരൻ ഫെയ്‌സ്‌ബുക്കിൽ കുറിച്ചു. ഉടനെ ചുമതല കൈമാറണമെന്ന് ആവശ്യപ്പെട്ടെന്ന വാർത്തകൾ നിഷേധിക്കാനായി ഇട്ട കുറിപ്പിലാണ് താൻ തന്നെയാണ് ചുമതലയേൽക്കാൻ പോകുന്നതെന്ന് വ്യക്തമായി സുധാകരൻ സൂചിപ്പിച്ചത്.
‘തെരഞ്ഞെടുപ്പ് വരെ കെ.പി.സി.സി അധ്യക്ഷന്റെ ചുമതല താൽക്കാലികമായി എം.എം. ഹസന് കൈമാറുന്നു ’ എന്ന് കൃത്യമായി എ.ഐ.സി.സി അറിയിപ്പിൽ പറഞ്ഞിരുന്നുവെങ്കിലും ചുമതലയേൽക്കാൻ വന്നപ്പോൾ സുധാകരനെ അകറ്റിനിർത്തുകയാണ് ചെയ്തത്. ഫലംവരട്ടെ എന്ന നിർദേശം സുധാകരനെയും ഒപ്പമുള്ളവരെയും വേദനിപ്പിക്കുകയും ചെയ്തു. തെരഞ്ഞെടുപ്പ് അവലോകനം ചെയ്യാൻ ചേർന്ന നേതൃയോഗം കഴിഞ്ഞയുടൻ സുധാകരൻ അറിയാതെ ഹസൻ വാർത്താസമ്മേളനം നടത്തുകയായിരുന്നു. പാർടിയുടെ ഭാവി പരിപാടികളും ഹസൻ പ്രഖ്യാപിച്ചു.
തന്നെ ഒതുക്കാനുള്ള കെണിയാണിതെല്ലാമെന്ന് തിരിച്ചറിഞ്ഞ സുധാകരൻ കടുത്ത പ്രതിഷേധത്തിലാണ്. ചുമതല കൈമാറാൻ വൈകിയാൽ മാധ്യമങ്ങളെ കണ്ട് വെട്ടിത്തുറന്ന് കാര്യങ്ങൾ പറഞ്ഞേക്കുമെന്നും സുധാകരന്റെ അടുത്ത അനുയായികൾ സൂചിപ്പിക്കുന്നുണ്ട്.