യുവാവിനെ കോണ്‍ക്രീറ്റ് മിക്‌സർ മെഷീനിലിട്ട് കൊലപ്പെടുത്തിയ പ്രതി അറസ്റ്റിൽ

Share our post

കോട്ടയം: കോണ്‍ക്രീറ്റ് കമ്പനി ജീവനക്കാരനായ അസം സ്വദേശിയെ കോണ്‍ക്രീറ്റ് മിക്‌സര്‍ മെഷീനിലിട്ട് കൊലപ്പെടുത്തി മാലിന്യക്കുഴിയില്‍ തള്ളിയ സഹപ്രവര്‍ത്തകന്‍ അറസ്റ്റില്‍.

കോട്ടയം വാകത്താനത്ത് കോണ്‍ക്രീറ്റ് കമ്പനിയിലെ ജീവനക്കാരനായ പാണ്ടിദുരൈ (29) യെയാണ് ജില്ലാ പോലീസ് മേധാവി കെ.കാര്‍ത്തിക്കിന്റെ നേതൃത്വത്തില്‍ അറസ്റ്റുചെയ്തത്.

ഇതേ കമ്പനിയിലെ ഹെല്‍പ്പറായ അസം സ്വദേശി ലേമാന്‍ കിസ്‌കി (19) യേയാണ് കൊലപ്പെടുത്തിയത്.

ജോലിസംബന്ധമായി ഇരുവരും തമ്മില്‍ നേരത്തെ വഴക്കുണ്ടായിരുന്നു. ഇതിലുള്ള വൈരാഗ്യംമൂലം, യുവാവിനെ കൊലപ്പെടുത്തുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.

ഏപ്രില്‍ 26-നായിരുന്നു സംഭവം. വാകത്താനം പ്രീഫാബ് കോണ്‍ക്രീറ്റ് കമ്പനിയിലെ ജീവനക്കാരാണ് ഇരുവരും. കമ്പനിയിലെ പ്ലാന്റ് ഓപ്പറേറ്ററാണ് പാണ്ടിദുരൈ.

കമ്പനിയിലെ വേസ്റ്റ് കുഴിയില്‍ യുവാവിനെ മരിച്ചനിലയില്‍ കണ്ടതിനെത്തുടര്‍ന്നുള്ള അന്വേഷണത്തിലാണ് കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്. ലേമാന്‍ കിസ്‌കി, മിക്‌സര്‍ മെഷീന്‍ ക്ലീന്‍ ചെയ്യാന്‍ ഇറങ്ങിയപ്പോള്‍, പാണ്ടിദുരൈ മെഷീന്‍ പ്രവര്‍ത്തിപ്പിക്കുകയായിരുന്നു. മെഷീനുള്ളില്‍ നിന്ന് കറങ്ങി താഴെവീണ യുവാവിനെ മണ്ണുമാന്ത്രിയന്ത്രം ഉപയോഗിച്ച് കമ്പനിയുടെ മാനില്യക്കുഴിയില്‍ തള്ളി. ഇതിന് മുകളില്‍  മാലിന്യം ഇട്ട് മൂടുകയും ചെയ്തു.

രണ്ടുദിവസത്തിനുശേഷം മാനില്യക്കുഴിക്കുള്ളില്‍ മനുഷ്യന്റെ കൈ ഉയര്‍ന്നു നില്‍ക്കുന്നതുകണ്ടാണ് അന്വേഷണം തുടങ്ങിയത്. വാകത്താനം പോലീസാണ് അന്വേഷിച്ചത്.

ഇലക്ട്രിക്കല്‍ ജോലികൂടി ചെയ്തിരുന്ന പാണ്ടിദുരൈ സംഭവസമയത്ത് കമ്പനിയിലെ സി.സി.ടി.വി.കള്‍, ഇന്‍വെര്‍ട്ടര്‍ തകരാറാണെന്ന് പറഞ്ഞ് ഓഫാക്കിയിരുന്നതായും അന്വേഷണത്തില്‍ കണ്ടെത്തി. പ്രതിയെ കോടതി റിമാന്‍ഡുചെയ്തു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!