നോര്‍ക്കയുടെ പേരിൽ തട്ടിപ്പ് തടയാന്‍ ഹോളോഗ്രാമും ക്യു.ആർ കോഡും

നോർക്കയുടെ ഉദ്യോഗസ്ഥരുടെ വ്യാജ ഒപ്പും സീലും പതിപ്പിച്ച് വിദ്യാഭ്യാസ സർട്ടിഫിക്കറ്റുകൾ സാക്ഷ്യപ്പെടുത്തിയുള്ള തട്ടിപ്പ് തടയാൻ ഹോളോഗ്രാമും ക്യു.ആർ കോഡും പുറത്തിറക്കി. ഉദ്യോഗസ്ഥരുടെ ഒപ്പും സീലും വ്യാജമായി നിർമിച്ച് വിദ്യാഭ്യാസ സർട്ടിഫിക്കറ്റുകളിൽ കൃത്രിമം കാണിക്കുന്നതും വ്യാജ അറ്റസ്റ്റേഷൻ നടത്തുന്നതും പിടികൂടിയതിനെ തുടർന്നാണ് പുതിയ സുരക്ഷ ക്രമീകരണം.
ഏപ്രിൽ 29ന് ഇത് നിലവിൽ വരുന്നതോടെ നോർക്കയുടെ അറ്റസ്റ്റേഷന്റെ സാധുത ക്യു.ആർ കോഡിന്റെ സഹായത്തോടെ പരിശോധിക്കാൻ കഴിയും. പുതുക്കിയ അറ്റസ്റ്റേഷൻ സ്റ്റാമ്പിങ്ങിന്റെ മാതൃകയുടെ പ്രകാശനം നോർക്ക റെസിഡന്റ് വൈസ് ചെയർമാൻ പി. ശ്രീരാമകൃഷ്ണൻ നിർവഹിച്ചു.