യു.ഡി.എഫ്. വ്യക്തിഹത്യ തുടരുന്നു, തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകും: കെ.കെ.ശൈലജ

Share our post

വടകര: വ്യാജപ്രചാരണങ്ങളിലൂടെ യു.ഡി.എഫ്. വ്യക്തിഹത്യ ചെയ്യുന്നത് തുടരുകയാണെന്നും ഇതിനെതിരെ തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കുമെന്നും വടകര മണ്ഡലം എൽ.ഡി.എഫ്. സ്ഥാനാർഥി കെ.കെ. ശൈലജ പത്രസമ്മേളനത്തിൽ പറഞ്ഞു. ഇതെല്ലാം യു.ഡി.എഫ്. സ്ഥാനാർഥിയുടെ അറിവോടെയാണ്. ഒരു സംഘത്തെ ഇതിനായി ഇറക്കിയിരിക്കുകയാണെന്നും ശൈലജ ആരോപിച്ചു.

ഏറ്റവുമൊടുവിൽ ലവ് ജിഹാദുമായി ബന്ധപ്പെട്ട് ഞാൻ പറഞ്ഞതെന്ന പേരിൽ മാതൃഭൂമി ഓൺലൈനിന്റെ പേരിൽ വ്യാജവാർത്താ കാർഡ് പുറത്തിറക്കി. മാതൃഭൂമിയുമായി ബന്ധപ്പെട്ടപ്പോൾ ഓൺലൈനിൽ അങ്ങനെ ഒരുവാർത്ത കൊടുത്തിട്ടില്ലെന്ന മറുപടിയാണ് കിട്ടിയത്. നേരത്തെ ഇതേപോലുള്ള വ്യാജപ്രചാരണം വന്നപ്പോൾ മാതൃഭൂമി നിയമനടപടി സ്വീകരിക്കുമെന്ന് പറഞ്ഞിരുന്നു.

കാന്തപുരം ഉസ്താദിന്റെ വ്യാജ ലെറ്റർ പാഡുണ്ടാക്കി പ്രചാരണം നടത്തി. അവരുമായി ബന്ധപ്പെട്ടപ്പോൾ അങ്ങനെയൊരു പ്രസ്താവന അവർ പുറത്തിറക്കിയിട്ടില്ലെന്ന് പറഞ്ഞു. ആ വിഷയത്തിൽ കാരന്തൂർ മർക്കസ് അധികൃതർ പോലീസിൽ പരാതി നൽകിയിട്ടുണ്ട്. ഇതോടെ ആ പ്രചാരണം പൊളിഞ്ഞു.

ഒരു ചാനലിന് നൽകിയ അഭിമുഖത്തിലെ ചില ഭാഗങ്ങൾ അടർത്തിയെടുത്ത് പ്രചരിപ്പിച്ചു. കൊട്ടിയം സ്വദേശി നൗഷാദിനൊപ്പം നിൽക്കുന്ന എന്റെ ചിത്രം ഉപയോഗിച്ച് പാനൂർ ബോംബ് സ്‌ഫോടനക്കേസിലെ അമലിന്റെ ചിത്രമാണെന്ന് പറഞ്ഞ് പ്രചരിപ്പിച്ചു. ഇതെല്ലാം കുടുംബ ഗ്രൂപ്പുകളിലാണ് ആദ്യം എത്തിക്കുന്നത്. കുടുംബങ്ങളുമായുളള എന്റെ ബന്ധം തകർക്കാനാണ് ഇത്. ഇത്തരം പ്രചാരണങ്ങളെക്കുറിച്ച് പറയുമ്പോൾ എനിക്കൊന്നുമറിയില്ലെന്ന് നിഷ്‌കളങ്കമായി മറുപടി പറയുന്ന യു.ഡി.എഫ്. സ്ഥാനാർഥി വ്യജ പ്രചാരണം നടത്തുന്നവരോട് അത് വേണ്ടെന്നു പറയണം.

വ്യാജ പ്രചാരണങ്ങൾക്കെതിരെ ചൊവ്വാഴ്ച തന്നെ പരാതി നൽകുമെന്നും വോട്ടർമാർ ഇത്തരം പ്രചാരണങ്ങൾക്കെതിരെ ജാഗ്രത പാലിക്കണമെന്നും കെ.കെ. ശൈലജ പറഞ്ഞു. കെ.ടി.കുഞ്ഞിക്കണ്ണൻ, നഗരസഭ ചെയർപേഴ്‌സൺ കെ.പി. ബിന്ദു, എടയത്ത് ശ്രീധരൻ എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!