കൊക്കോയ്ക്ക് പ്രിയമേറി,​ കർഷകർക്ക് കോളായി

Share our post

കോട്ടയം: ആർക്കും വേണ്ടാതെ കിടന്ന കൊക്കോയ്ക്ക് വിദേശരാജ്യങ്ങളിൽ പ്രിയമേറിയതോടെ കോളടിച്ചിരിക്കുകയാണ് ജില്ലയിലെ കർഷകർ. കാര്യമായ പരിപാലനമില്ലാതെ മികച്ച വരുമാനം നേടാമെന്നതിനാൽ റബറിന്റെ സ്ഥാനത്ത് കർഷകർ വീണ്ടും കൊക്കോ നട്ടുതുടങ്ങി. കൊക്കോയുടെ വില ആയിരത്തിലെത്തുമോയെന്നാണ് കർഷകർ ഉറ്റുനോക്കുന്നത്.

പിടിച്ചാൽ കിട്ടാത്ത നിലയിലേക്ക് കൊക്കോ വില കൂടിയതോടെ തോട്ടങ്ങൾ സുരക്ഷിതമാക്കുന്നുമുണ്ട് കർഷകർ. കൊക്കോയുടെ പതിവ് ശത്രുക്കളായ അണ്ണാനും കുരങ്ങും പന്നിയേയും ഏഴയലത്ത് അടുപ്പിക്കാതിരിക്കാനുള്ള ശ്രമങ്ങൾ ഒരുവശത്ത്. കള്ളൻമാർ കയറുമോയെന്ന പേടി മറുവശത്ത്. കൊക്കോ തോട്ടങ്ങളിൽ കാവൽ ഒരുക്കുന്നതിനെപ്പറ്റിയും മലയോരത്ത് സജീവ ചർച്ചയുണ്ട്. പതിറ്റാണ്ടുകൾക്ക് മുൻപ് വാനില വില കുതിച്ചു കയറിയപ്പോൾ തോട്ടങ്ങൾക്കു വേലിയും കാവലുമൊക്കെ ഏർപ്പെടുത്തിയിരുന്നു. കായ്ച്ചു തുടങ്ങിയ കൊക്കോയുടെ ചുവട്ടിൽ ഗ്രീൻ നെറ്റ് വിരിച്ച് അണ്ണാറക്കണ്ണനും പക്ഷികളും തിന്നുന്ന കായ്കളുടെ വിത്ത് ശേഖരിക്കുന്ന സംവിധാനം മണിമലയിലുണ്ട്.

1000 സ്വപ്നം

 2 ദിവസം മുൻപ് 850 രൂപയായിരുന്ന ഉണങ്ങിയ കൊക്കോ വില 880ൽ എത്തി. പച്ച കൊക്കോ 250 രൂപയ്ക്കാണ് സംഘങ്ങൾ എടുക്കുന്നത്. ആഗോള വിപണിയിൽ കൊക്കോയുടെ സപ്ലൈ കുറഞ്ഞതാണ് വില കൂടാൻ കാരണം. 40 വർഷത്തിന് ഇടയിലെ എറ്റവും താഴ്ന്ന നിലയിലാണ് കൊക്കോ സപ്ലൈ എന്നും ഇത്തവണ ആഗോള കൊക്കോ ഉൽപാദനം 11% കുറയുമെന്നുമാണ് ഇന്റർനാഷനൽ കൊക്കോ ഓർഗനൈസേഷന്റെ കണക്ക് കൂട്ടൽ. ഇതോടെ വില വീണ്ടും ഉയർന്നേക്കും.

ജില്ലയിൽ കാഞ്ഞിരപ്പള്ളി, വാഴൂർ, പാലാ, ഈരാറ്റുപേട്ട, പാമ്പാടി ബ്ലോക്കുകളിലാണ് കൊക്കോ കൃഷി വ്യാപകം. മണിമല കൊക്കോ ഉത്പ്പാദക സഹകരണ സംഘം അമേരിക്കയിലേയ്ക്ക് മുൻപ് നേരിട്ട് കൊക്കോ കയറ്റി അയച്ചിരുന്നു.

അന്താരാഷ്ട്ര വിപണിയിൽ ഡിമാൻഡ്

* പല രാജ്യങ്ങളിലും 40 വർഷം വരെ പഴക്കമുള്ള മരങ്ങളായതിനാൽ വിളവ് കുറഞ്ഞു

* ആവശ്യത്തിന് അനുസരിച്ച് കൊക്കോ ലഭിക്കുന്നില്ല

* ഒരു വർഷം കൊണ്ട് കൂടിയത് 600 രൂപ വരെ


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!