അവധി ആഘോഷിക്കാൻ വയനാട്ടിലേക്ക് സഞ്ചാരികളുടെ ഒഴുക്ക്; മഴ പെയ്തത് ഇരട്ടി നേട്ടം

Share our post

അമ്പലവയൽ : അവധിക്കാലം ആഘോഷിക്കാൻ ജില്ലയിലേക്ക് സഞ്ചാരികളുടെ ഒഴുക്ക്. അവധിക്കാലവും പെരുന്നാൾ ആഘോഷവും വിഷുക്കാലവുമായതോടെ സന്ദർശകരാൽ നിറഞ്ഞു കവിഞ്ഞു ജില്ലയിലെ വിനോദ സഞ്ചാര മേഖല. കഴിഞ്ഞ ദിവസം മുതൽ കൂടുതൽ വിനോദ സഞ്ചാരികൾ ജില്ലയിലേക്ക് എത്തിയതോടെ പ്രധാന കേന്ദ്രങ്ങളിലെല്ലാം വലിയ തിരക്ക് അനുഭവപ്പെടാൻ തുടങ്ങി. കഴിഞ്ഞ ദിവസങ്ങളിൽ ജില്ലയിൽ ഒട്ടുമിക്ക ഇടങ്ങളിലും മഴ പെയ്തതിനാൽ മുൻ ദിവസങ്ങളെ അപേക്ഷിച്ചു താപനിലയിൽ ചെറിയ കുറവ് അനുഭവപ്പെട്ടതും വിനോദ സഞ്ചാരികൾക്ക് ഏറെ ആശ്വാസമായി.

ഡി.ടി.പി.സിക്ക് കീഴിലുള്ള കേന്ദ്രങ്ങളായ പൂക്കോട് തടാകം, എടയ്ക്കൽ ഗുഹ, ചീങ്ങേരി അഡ്വഞ്ചർ ടൂറിസം, അമ്പലവയൽ ഹെറിറ്റേജ് മ്യൂസിയം, കാന്തൻപാറ വെള്ളച്ചാട്ടം, ബത്തേരി ടൗൺ സ്ക്വയർ, പഴശ്ശി പാർക്ക് എന്നിവയും ജലസേചന വകുപ്പിന് കീഴിലുള്ള കാരാപ്പുഴ ഡാം, കെഎസ്ഇബിക്ക് കീഴിലുള്ള ബാണാസുര സാഗർ ഡാം തുടങ്ങിയവയാണു ജില്ലയിൽ നിലവിൽ തുറന്നു പ്രവർത്തിക്കുന്ന കേന്ദ്രങ്ങൾ. കാരാപ്പുഴ, ബാണാസുര, പൂക്കോട് തടാകം എന്നിവിടങ്ങളിലെല്ലാം ഇന്നലെ രാവിലെ മുതൽ സന്ദർശകരുടെ തിരക്കാണ്. കുറെ ദിവസങ്ങളായി താരതമ്യേന സന്ദർശകർ കുറഞ്ഞ കേന്ദ്രങ്ങളിലും കഴിഞ്ഞ ദിവസം മുതൽ സന്ദർശകർ വർധിച്ചിട്ടുണ്ട്.

കഴിഞ്ഞ ദിവസങ്ങളിലായി വൈകിട്ടു മഴ പെയ്യുന്നതിനാൽ ജില്ലയിലെ താപനില കുറയുന്നത് സന്ദർശകർക്കു കൂടുതൽ ആശ്വാസമാകും. വനംവകുപ്പിനു കീഴിലുള്ള ജില്ലയിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ നിലവിൽ പ്രവേശനമില്ല. മുത്തങ്ങ വന്യജീവി സങ്കേതം, ചെമ്പ്രമല, കുറുവ ദ്വീപ് എന്നിവിടങ്ങളിലെല്ലാം വനംവകുപ്പ് പ്രവേശനം നിരോധിച്ചിരിക്കുകയാണ്. ഇതു ടൂറിസം മേഖലയെ കാര്യമായി ബാധിക്കുമെന്ന ആശങ്കയും നിലനിൽക്കുന്നുണ്ട്. സഞ്ചാരികൾ കൂടുതലായി എത്തുമ്പോൾ കേന്ദ്രങ്ങളെല്ലാം അടഞ്ഞു കിടക്കുന്നതു തിരിച്ചടിയാണ്. ‌ ഇവിടെ ടൂറിസം മേഖലയുമായി ബന്ധപ്പെട്ട് ഉപജീവനം നടത്തുന്നവരും പ്രതിസന്ധിയിലാണ്.

അനൗദ്യോഗിക കേന്ദ്രങ്ങളിലും തിരക്ക്

ജില്ലയിൽ അനൗദ്യോഗിക വിനോദ സഞ്ചാര കേന്ദ്രങ്ങളിലും സഞ്ചാരികളുടെ തിരക്കാണ്. നെല്ലാറചാൽ വ്യൂ പോയിന്റ്, ഫാന്റം റോക്ക്, മഞ്ഞപ്പാറ, പെരുന്തട്ട, മേപ്പാടിയിലെ വിവിധ പ്രദേശങ്ങൾ തുടങ്ങിയ വിവിധയിടങ്ങളിലും സഞ്ചാരികളെത്തുന്നുണ്ട്. നെല്ലാറച്ചാലിൽ എല്ലാ സമയങ്ങളിലും അസ്തമനം കാണാനും ഒട്ടേറെപേരാണ് എത്തുന്നത്. വിശാലമായ കുന്നും പ്രദേശമുള്ളതിനാൽ ഏറെ നേരം ചെലവഴിച്ചാണു സഞ്ചാരികൾ ഇവിടെ നിന്നു മടങ്ങുന്നത്.

ജില്ലയിൽ ഇത്തരത്തിലുള്ള കേന്ദ്രങ്ങളെല്ലാം വികസിപ്പിക്കണമെന്ന ആവശ്യം ശക്തമാണെങ്കിലും അതിനൊന്നും കാര്യമായ നടപടികളില്ല. ഇതിനിടെ ജില്ലയിലേക്കു കൂടുതൽ സഞ്ചാരികൾ എത്താൻ‌ തുടങ്ങിയതോടെ ചുരത്തിൽ ഗതാഗതക്കുരുക്കും വർധിച്ചു. ഇന്നലെ ഏറെ നേരം ഗതാഗതം തടസ്സപ്പെട്ടു. വാഹനങ്ങൾ വർധിച്ചതോടെ ഏറെ സമയമെടുത്താണ് ഇപ്പോൾ ചുരം യാത്ര പൂർത്തിയാക്കാൻ കഴിയുന്നത്. ആഘോഷ ദിവസങ്ങൾക്ക് പിന്നാലെ ജില്ലയിലേക്കു വിനോദ സഞ്ചാരികളെത്തുന്നതു വ്യാപാര മേഖലയിലും ഉണർവാകും.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!