അറസ്റ്റ് ചോദ്യംചെയ്തുള്ള കെജ്‌രിവാളിന്റെ ഹര്‍ജി സുപ്രീംകോടതി വാദംകേള്‍ക്കുന്നത് 29-ലേക്ക് മാറ്റി

ന്യൂഡല്‍ഹി: ഡല്‍ഹി മദ്യനയ അഴിമതിക്കേസില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ ഹര്‍ജി വാദംകേള്‍ക്കുന്നത് ഏപ്രില്‍ 29-ലേക്ക് മാറ്റി. കേസുമായി ബന്ധപ്പെട്ട് തന്നെ അറസ്റ്റ് ചെയ്തതിനെ ചോദ്യംചെയ്ത് കെജ്‌രിവാള്‍ നല്‍കിയ ഹര്‍ജിയാണ് വാദം കേള്‍ക്കാനായി 29-ലേക്ക് മാറ്റിയത്. അതേസമയം, കെജ്‌രിവാളിന്റെ ഹര്‍ജിയില്‍ പറഞ്ഞിട്ടുള്ള കാര്യങ്ങളില്‍ വ്യക്തത നല്‍കിക്കൊണ്ടുള്ള റിപ്പോര്‍ട്ട് നല്‍കണമെന്ന് ആവശ്യപ്പെട്ട് കോടതി ഇ.ഡിക്ക് നോട്ടീസ് നല്‍കി.
അറസ്റ്റിനെ ചോദ്യം ചെയ്തുകൊണ്ട് കെജ്‌രിവാള്‍ സമര്‍പ്പിച്ച ഹര്‍ജി ഏപ്രില്‍ 9ന് ഡല്‍ഹി ഹൈക്കോടതി തള്ളിയിരുന്നു. കുറ്റകൃത്യത്തിലും ഗൂഢാലോചനയിലും കെജ്‌രിവാള്‍ ഉള്‍പ്പെട്ടതായി വ്യക്തമാക്കുന്ന തെളിവുകള്‍ ഇ.ഡി. ശേഖരിച്ചിട്ടുണ്ട് എന്നായിരുന്നു ഹര്‍ജി തള്ളിക്കൊണ്ട് ഡല്‍ഹി ഹൈക്കോടതി അന്ന് വ്യക്തമാക്കിയത്.
ഗോവ തിരഞ്ഞെടുപ്പിന് കെജ്രിവാളിന് പണം നല്‍കിയെന്ന് വ്യക്തമാക്കുന്ന മതിയായ തെളിവുകളും ആംആദ്മി പാര്‍ട്ടിയുടെ സ്വന്തം സ്ഥാനാര്‍ഥിയുടെ മൊഴിയും ഇ.ഡിക്ക് ഹാജരാക്കാന്‍ കഴിഞ്ഞതായി കോടതി അന്ന് വ്യക്തമാക്കിയിരുന്നു. ഇത് ചൂണ്ടിക്കാട്ടിയാണ് ജസ്റ്റിസ് സ്വര്‍ണകാന്ത ശര്‍മ കെജ്രിവാളിന്റെ അറസ്റ്റും തുടര്‍ന്നുള്ള റിമാന്‍ഡും ശരിവെച്ചത്. അതോടെയാണ് ഡല്‍ഹി മുഖ്യമന്ത്രി സുപ്രീംകോടതിയെ സമീപിച്ചത്.