കണ്ണൂർ:അധികൃതർ സംരക്ഷണം മറന്നതോടെ കക്കാട് പുഴ വീണ്ടും മാലിന്യനിക്ഷേപകേന്ദ്രമായി. പതിവുപോലെ ഈ തിരഞ്ഞെടുപ്പിലും പുഴ വോട്ടർമാർക്കിടയിൽ ചർച്ചാവിഷയമാണ് .കഴിഞ്ഞ നിയമാസഭാ തിരഞ്ഞെടുപ്പിൽ കക്കാട് പുഴ സംരക്ഷണവുമായി ബന്ധപ്പെട്ട് നൽകിയ വാഗ്ദാനങ്ങൾ ഇപ്പോഴും അതെ പടി നിലനിൽക്കുകയാണ്.
കണ്ണൂർ കോർപ്പറേഷൻ പരിധിയിലുള്ളവർക്ക് കക്കാട് പുഴയും ഒരു തിരഞ്ഞെടുപ്പ് വിഷയമാണ്.കോർപ്പറേഷന്റെ നേതൃത്വത്തിൽ മൂന്ന് വർഷം മുൻപ് നടത്തിയ പുഴസംരക്ഷണ പ്രവർത്തനം എങ്ങുമെത്തിയില്ല. കൈയേറ്റവും തകൃതിയാണ്. കേന്ദ്ര ധനകാര്യ കമ്മിഷൻ ഗ്രാൻഡിൽ നിന്ന് പ്രത്യേക ഉദ്ദേശഫണ്ടായി ലഭിച്ച ഒരു കോടി ഉപയോഗിച്ചായിരുന്നു കോർപറേഷൻ കക്കാട് പുഴ നവീകരണം അന്ന് ആഘോഷമാക്കിയത്. 12,000 ക്യൂബിക്സ് മീറ്റർ ചെളി പുഴയിൽ നിന്ന് നീക്കിയെന്നും അന്ന് കോർപ്പറേഷൻ അവകാശപ്പെട്ടു. പക്ഷെ ആഘോഷം അന്നുതന്നെ അവസാനിച്ചു.
കഴിഞ്ഞ ബഡ്ജറ്റിൽ കക്കാട് പുഴയോരത്ത് പക്ഷിസങ്കേതം ഒരുക്കുന്നതിന് അഞ്ചുലക്ഷം രൂപ കോർപറേഷൻ നീക്കിയിരുന്നു. എന്നാൽ പുഴ മലിനപ്പെടുത്തുന്നവർക്കെതിരെ രൂപംകൊണ്ട ജനകീയ കൂട്ടായ്മയുടെ ആവേശത്തെ മുതലെടുക്കാൻ പോലും കോർപറേഷന് കഴിഞ്ഞിട്ടില്ല.
പുഴയോരം ഭൂമാഫിയകൾ മണ്ണിട്ട് നികത്തുമ്പോഴും അധികാരികൾ കണ്ട മട്ട് നടിക്കുന്നില്ല.അതിരകം ഡിവിഷനിൽ അമൃത വിദ്യാലയത്തിലേക്കുള്ള വഴിയിൽ പുഴയുടെ വലിയൊരു ഭാഗം നികത്തികഴിഞ്ഞു. പരിസ്ഥിതി പ്രവർത്തകരും പൊതുജനങ്ങളും പ്രതിഷേധം കടുപ്പിച്ചിട്ടും കോർപ്പറേഷൻ കുലുങ്ങിയിട്ടില്ല.ഒരു വർഷം മുൻപ് അമൃത വിദ്യാലയത്തിന് സമീപമുള്ള സ്ഥലം മതിലുകെട്ടി തിരിച്ച് പുഴ നികത്തിയതാണ്. താലൂക്ക് വികസന സമിതി യോഗത്തിൽ ഉയർന്ന പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിൽ ഏക്കർക്കണക്കിന് തണ്ണീർത്തടം മണ്ണിട്ട് നികത്തിയാണ് മതിൽകെട്ടിയെന്ന് ബോദ്ധ്യപ്പെട്ടിരുന്നു.അന്ന് കോർപ്പറേഷൻ റവന്യൂവിഭാഗത്തോട് തഹസിൽദാർ റിപ്പോർട്ടും തേടി. കോർപറേഷന്റെ മൗനാനുവാദമാണ് കൈയേറ്റക്കാർ അവസരമാക്കുന്നതെന്ന ആരോപണവും തിരഞ്ഞെടുപ്പ് കാലത്ത് ഉയരുന്നുണ്ട്.
ചത്തുപൊങ്ങി ജലജീവൻ,വാഗ്ദാനങ്ങളും
വൈവിധ്യമാർന്ന നിരവധി പക്ഷികളുടെയും സസ്യങ്ങളുടെയും കലവറയാണ് കക്കാട് പുഴ.അധികൃതർ തിരിഞ്ഞു നോക്കാതായതോടെ ചാക്കുകെട്ടിലാണ് അറവുമാലിന്യങ്ങൾ ഉൾപ്പെടെ ഇപ്പോൾ കൊണ്ടുതള്ളുന്നത്.
പുഴയിൽ തള്ളുന്ന പ്ലാസ്റ്റിക് മാലിന്യങ്ങളിൽ കുടുങ്ങി വിരുന്നെത്തുന്ന ദേശാടനപക്ഷികളും അപൂർവ്വ ഇനം മത്സ്യങ്ങളും ആമകളും എല്ലാം ചത്തുപൊങ്ങുകയാണ്.
കോർപറേഷൻ മറന്ന വാഗ്ദാനങ്ങൾ
പുഴ നവീകരണത്തിന് പ്രകൃതി സ്‌നേഹികളുടെ കൂട്ടായ്മ ഉണ്ടാക്കും
പുഴയും പുഴയോരവും പക്ഷി സൗഹൃദ കേന്ദ്രമാക്കും
തീരത്ത് മരങ്ങൾ നട്ടുപിടിപ്പിക്കും
മുണ്ടേരികടവ് -വളപട്ടണംപുഴ -നീലേശ്വരം വരെ ബോട്ട് സവാരി
കക്കാട് പുഴ ആഴം കൂട്ടി ബോട്ടുചാൽ ഉണ്ടാക്കും
പുഴയും പരിസരവും ഉല്ലാസ കേന്ദ്രമാക്കും
നടപ്പാത, വെളിച്ചം, ഇരിപ്പിടം ഒരുക്കും