പേരാവൂർ: രണ്ട് വർഷത്തെ സേവനം മാത്രമെ മുരിങ്ങോടിയിൽ നിർവഹിക്കാൻ സാധിച്ചിട്ടുള്ളൂ എങ്കിലും ജാതി, മത ഭേദമന്യേ മുരിങ്ങോടിക്കാരുടെ പ്രിയപ്പെട്ട ഉസ്താദായിരുന്നു ചൊവ്വാഴ്ച വാഹനാപകടത്തിൽ മരിച്ച മുരിങ്ങോടി മഹല്ല് ഖത്തീബ് മുസമ്മിൽ ഫൈസി ഇർഫാനി. മഹല്ലിലെ മസ്ജിദിൽ റമദാൻ പ്രഭാഷണ പരമ്പരക്ക് തുടക്കമിട്ട മുസമ്മിൽ ഫൈസി ചൊവ്വാഴ്ച രാവിലെ ‘നരകം എത്ര ഭീകരം’ എന്ന വിഷയം അവതരിപ്പിക്കാനുള്ള യാത്രക്കിടെയാണ് അപകടത്തിൽ പെട്ടത്.
മുരിങ്ങോടി പള്ളിയിൽ നിന്ന് തിങ്കളാഴ്ച സുബഹി നിസ്‌കാരം കഴിഞ്ഞാണ് ഇദ്ദേഹം സ്വദേശമായ മാക്കുന്നിലെ തറവാട്ട് വീട്ടിൽ കുടുംബത്തോടൊപ്പം നോമ്പുതുറക്കാൻ പോയത്. ചൊവ്വാഴ്ച രാവിലെ ഭാര്യയെയും മകനെയും വേങ്ങാട് ഊർപ്പള്ളിയിലെ വീട്ടിലിറക്കിയ ശേഷം സ്‌കൂട്ടറിൽ മുരിങ്ങോടിക്ക് വരവെ ഏതാനും കിലോമീറ്റർ മാത്രം അകലെ വെച്ചാണ് ഒൻപത് മണിയോടെ മുസമ്മിൽ ഫൈസി ഇർഫാനിയുടെ മരണത്തിന് കാരണമായ അപകടം നടന്നത്. പള്ളിയിൽ പത്ത് മണിക്കായിരുന്നു പ്രഭാഷണം തുടങ്ങേണ്ടിയിരുന്നത്.
ഖത്തീബായി അഞ്ച് വർഷം കണ്ണാടിപ്പറമ്പിൽ ജോലി ചെയ്ത ശേഷം 2022-ലാണ് ഇദ്ദേഹം മുരിങ്ങോടി മഹല്ലിലെത്തുന്നത്. പണ്ഡിത ധർമ്മ പ്രയാണത്തിന്റെ പാതിവഴിയിലാണ് ഉസ്താദിന്റെ ആകസ്മിക വിയോഗം. മഹല്ലിലെ ദീനി പ്രബോധന പ്രവർത്തനങ്ങൾക്ക് നേരിട്ട് നേതൃത്വം നല്കിയ ഉസ്താദ് വയോധികർക്കും മദ്രസ വിദ്യാർഥികൾക്കും പൂർവ വിദ്യാർഥികൾക്കുമടക്കം ഞായറാഴ്ചകളിൽ പ്രത്യേക ക്യാമ്പുകൾ സംഘടിപ്പിച്ചിരുന്നു. ആരെയും ആകർഷിക്കുന്ന ശബ്ദത്തിനുടമയായിരുന്നു മുസമ്മിൽ.
മുരിങ്ങോടി പള്ളിയിൽ നോമ്പ് പതിനേഴ് ബദർദിനത്തിന്റെ ആത്മീയ സദസ്സിൽ മുഖ്യ പ്രഭാഷണം നടത്തേണ്ടിയിരുന്ന മുസമ്മിൽ ഫൈസി ഇർഫാനിയുടെ മരണം മഹല്ല് നിവാസികൾക്ക് ഇനിയും വിശ്വസിക്കാൻ കഴിഞ്ഞിട്ടില്ല. മേൽ മുരിങ്ങോടി പുരളിമല മുത്തപ്പൻ മടപ്പുരയിലെ തിരുവപ്പന ഉത്സവത്തോടനുബന്ധിച്ച് നടന്ന സർവ മത സമ്മേളനത്തിൽ മുഖ്യാതിഥിയായിരുന്ന മുസമ്മിൽ ഫൈസി ഇർഫാനിയുടെ പ്രഭാഷണം ശ്രദ്ധ നേടിയിരുന്നു.
ജില്ലാ ആസ്പത്രിയിൽ നിന്ന് പോസ്റ്റ് മോർട്ടത്തിനു ശേഷം വൈകിട്ട് ആറരയോടെ ഊർപ്പള്ളിയിലെ ഭാര്യാവീട്ടിലെത്തിച്ച മയ്യിത്ത് കുടുംബാംഗങ്ങളെ കാണിച്ച ശേഷം ഊർപ്പള്ളി ജുമാ മസ്ജിദിൽ പൊതുദർശനത്തിന് വെച്ചു. തുടർന്ന് സ്വദേശമായ ചെറുകുന്നിലെ വീട്ടിലും ഒളിയങ്കര ജുമാ മസ്ജിദിലും പൊതുദർശനത്തിന് വെച്ച ശേഷം കബറടക്കി. മുരിങ്ങോടി മഹല്ല് ഭാരവാഹികളായ പി.പി. ഷമാസ്, കെ.ടി. മുഹമ്മദ് മുസ്തഫ, സി. അബ്ദുൾ അസീസ്, കെ.പി. ഇസ്മായിൽ ഹാജി, കാട്ടുമാടം ബഷീർ, കെ.മിറാജ്, ബി.കെ.സക്കരിയ്യ, കെ. നിഷാദ്, പി.പി. കാദർ, കെ.സിറാജ് , പി.പി. ഷഫീഖ് തുടങ്ങിയവർ സംസ്‌കാര ചടങ്ങുകൾക്ക് നേതൃത്വം നല്കി.