സ്ത്രീകൾ ഇനി തനിച്ചാവില്ല, പിണറായിയിൽ പോലീസ് ‘ഒപ്പ’മുണ്ട്

Share our post

കണ്ണൂർ: തനിച്ചുതാമസിക്കുന്നവരും ഒറ്റപ്പെട്ടവരുമായ സ്ത്രീകൾ ഇനി തനിച്ചാവില്ല, വനിതകൾ ഉൾപ്പെടുന്ന പോലീസ് സേനാംഗങ്ങൾ ഒപ്പമുണ്ട്. ജീവിതത്തിൽ ഒറ്റപ്പെട്ടുപോയ സ്ത്രീകൾക്ക് സുരക്ഷയൊരുക്കുന്ന പദ്ധതി പിണറായി പോലീസാണ് ആവിഷ്കരിച്ചത്. ‘ഒപ്പം’ എന്നുപേരിട്ട പദ്ധതി 30-ന് തുടങ്ങും.

തനിച്ചുതാമസിക്കുന്ന സ്ത്രീകളുടേതായി ഒട്ടേറെ പരാതികൾ എത്തിയതോടെയാണ് ഇവർക്കുവേണ്ടി വല്ലതും ചെയ്യണമെന്ന ചിന്ത പിണറായി സ്റ്റേഷനിലെ സേനാംഗങ്ങൾക്കിടയിലുണ്ടായത്.

നാല് വനിതകളുൾപ്പെടെ 28 അംഗ പോലീസ് സേന രംഗത്തിറങ്ങി. സ്റ്റേഷൻപരിധിയിൽ ഇത്തരത്തിലുള്ള 250 സ്ത്രീകളുണ്ടെന്നാണ് പ്രാഥമികാന്വേഷണത്തിലെ വിവരം.

പലകാരണങ്ങളാൽ ഒറ്റപ്പെട്ടുകഴിയുന്ന ഇവരിൽ മിക്കവരും 50-നു മുകളിലുള്ളവർ. യുവതികളുമുണ്ട്.

“മിണ്ടാനും പറയാനും ആരുമില്ലാത്തതാണ് ഇവരുടെ പ്രാഥമികപ്രശ്നം എന്ന് അന്വേഷണങ്ങളിൽ വ്യക്തമായി. പലരും മാനസികസമ്മർദത്തിലാണ്. സൗഹൃദങ്ങളുണ്ടാക്കിയെടുക്കുക എന്നതാണ് കൂട്ടായ്മകൾ സംഘടിപ്പിക്കുന്നതിലൂടെ ലക്ഷ്യമിടുന്നത്” -സേനാംഗമായ ഷിജു പറയുന്നു.

കൺമഷി, വിളക്കുതിരി, അച്ചാർ നിർമാണം തുടങ്ങിയ ലഘുവായ തൊഴിലുകൾ ചെയ്യാൻ പ്രാപ്തരാക്കുക ഉൾപ്പെടെ ലക്ഷ്യമുണ്ട്. സന്നദ്ധസംഘടനകളുമായി ബന്ധപ്പെട്ട് ഭാവിപരിപാടികൾ നടത്തും. ഇത്തരം സ്ത്രീകളുടെ ആദ്യകൂട്ടായ്മ 30-ന് 9.30-ന് മമ്പറം ഇന്ദിരാഗാന്ധി പബ്ലിക് സ്കൂൾ ഓഡിറ്റോറിയത്തിൽ നടക്കും.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!