വാഹന ഉടമയുടെ ആധാറുമായി ബന്ധിപ്പിക്കുന്നത് ഇടനിലക്കാരുടെ നമ്പര്‍; തട്ടിപ്പിന് കൂട്ടായി ഉദ്യോഗസ്ഥരും

വാഹനരജിസ്ട്രേഷന്‍ വിവരങ്ങള്‍ ഉടമയുടെ ആധാറുമായി ബന്ധിപ്പിക്കുന്നതില്‍ മോട്ടോര്‍വാഹന വകുപ്പ് ഉദ്യോഗസ്ഥരുടെ സഹായത്തോടെ തിരിമറി. ഉടമയുടെ ആധാറുമായി ബന്ധിപ്പിച്ച മൊബൈല്‍ നമ്പര്‍ ഉള്‍ക്കൊള്ളിക്കുന്നതിന് പകരം ഇടനിലക്കാരുടേത് ചേര്‍ത്താണ് തട്ടിപ്പ്. അപേക്ഷകര്‍ നേരിട്ട് ഓഫീസുകളില്‍ എത്തേണ്ടതില്ലാത്ത ഫെയ്‌സ്ലെസ് സംവിധാനം അട്ടിമറിക്കാന്‍കൂടി വേണ്ടിയാണിത്.
ഉടമസ്ഥാവകാശം മാറ്റാതെ വര്‍ഷങ്ങളായി ഇടനിലക്കാരുടെയും കച്ചവടക്കാരുടെയും കൈവശംസൂക്ഷിച്ച വാഹനങ്ങള്‍ക്ക് രേഖകളുണ്ടാക്കുകയാണ് മറ്റൊരു ക്രമക്കേട്. രേഖകളില്ലാത്ത വാഹനങ്ങള്‍ക്കും ഇതിലൂടെ ആര്‍.സി. സംഘടിപ്പിക്കാം. വാഹനരജിസ്ട്രേഷന്‍രേഖകള്‍ മാര്‍ച്ച് 31-നുമുമ്പ് ഉടമയുടെ ആധാറുമായി ബന്ധിപ്പിക്കണമെന്നാണ് വ്യവസ്ഥ.
ആര്‍.സി.യിലെയും ആധാറിലെയും പേരുകള്‍ തമ്മില്‍ സാമ്യമില്ലെങ്കില്‍ വാഹന്‍ സോഫ്റ്റ്വേര്‍ നിരസിക്കും. ഇത്തരം കേസുകളില്‍ അസ്സല്‍രേഖകള്‍ ഹാജരാക്കിയാല്‍ മൊബൈല്‍ നമ്പര്‍ ഉള്‍ക്കൊള്ളിക്കാനാണ് ഉദ്യോഗസ്ഥര്‍ക്കുള്ള നിര്‍ദേശം. ആധാര്‍, ആര്‍.സി. പകര്‍പ്പുകള്‍, മൊബൈല്‍ നമ്പര്‍, സോഫ്റ്റ്വേര്‍ നിരസിച്ചതിന്റെ സ്‌ക്രീന്‍ഷോട്ട് എന്നിവയാണ് ഹാജരാക്കേണ്ടത്. നിരസിക്കല്‍സന്ദേശമാണ് പ്രധാനരേഖ.
മൊബൈല്‍, ആധാര്‍ നമ്പര്‍ തെറ്റിച്ച് നല്‍കിയാലും നിരസിക്കല്‍സന്ദേശം ലഭിക്കുമെന്ന ന്യൂനതയാണ് മുതലെടുക്കുന്നത്. ആധാര്‍ പകര്‍പ്പില്‍ ഉടമയുടെ മൊബൈല്‍ നമ്പര്‍ ഉണ്ടാകില്ലെന്നതിനാല്‍ ഏത് മൊബൈല്‍ നമ്പര്‍ നല്‍കിയാലും ഉദ്യോഗസ്ഥര്‍ ഉള്‍ക്കൊള്ളിച്ച് കൊടുക്കും. ഹാജരാക്കുന്ന ആധാറിന്റെ ആധികാരികത പരിശോധിക്കുന്നുമില്ല. ഇങ്ങനെ ഉള്‍ക്കൊള്ളിക്കുന്ന മൊബൈല്‍ നമ്പരിലേക്ക് ലഭിക്കുന്ന ഒറ്റത്തവണ പാസ്വേഡ് ഉപയോഗിച്ച് വാഹനത്തിന്റെ ഉടമസ്ഥാവകാശം ഉള്‍പ്പെടെ മാറ്റാനാകും.
ക്രമക്കേട് തടയാം
ആധാര്‍ പകര്‍പ്പിന് പകരം ഇ-ആധാര്‍ ഹാജരാക്കണമെന്ന നിബന്ധന നടപ്പാക്കിയാല്‍ ക്രമക്കേട് തടയാം. ഇ-ആധാറില്‍ മൊബൈല്‍ നമ്പര്‍ രേഖപ്പെടുത്തിയിട്ടുണ്ടാകും. ആധാറിലുള്ളതുപോലെ രജിസ്ട്രേഷന്‍ രേഖകളില്‍ ഉടമയുടെ പേര് മാറ്റുക (മോഡിഫിക്കേഷന്‍) എന്നതാണ് മറ്റൊരുവഴി. ഓഫീസിലെത്തുന്ന അപേക്ഷകളില്‍ ഈമാറ്റം വരുത്തിക്കൊടുത്താല്‍ അപേക്ഷകര്‍ക്ക് സ്വന്തമായി ആധാര്‍ ബന്ധിപ്പിക്കാനാകും.
നമ്പര്‍ തെറ്റിയാലും പ്രശ്‌നം
മൊബൈല്‍ നമ്പര്‍ തെറ്റായി ഉള്‍പ്പെടുത്തിയാല്‍ അത് നീക്കംചെയ്യുക സങ്കീര്‍ണമാണ്. ഉടമയുടെ മേല്‍വിലാസത്തില്‍ രജിസ്ട്രേഡ് തപാല്‍ അയച്ച് വിശദീകരണം തേടിയശേഷമേ നമ്പര്‍ നീക്കാന്‍ കഴിയു. ഒട്ടേറെപ്പേരുടെ മൊബൈല്‍ നമ്പറുകള്‍ അന്യവാഹനങ്ങളുടെ രേഖകളില്‍ ഉള്‍പ്പെട്ടുപോയിട്ടുണ്ട്. നിയമലംഘനത്തിന് പിടിക്കപ്പെടുമ്പോള്‍ ഇവരുടെ മൊബൈല്‍ ഫോണിലേക്കാകും സന്ദേശംവരുക.