ബസ് യാത്രക്കിടെ ദേഹാസ്വാസ്ഥ്യം; രക്ഷകരായി ബസ് ജീവനക്കാർ

പേരാവൂർ: യാത്രക്കിടെ ദേഹാസ്വാസ്ഥ്യമുണ്ടായ യാത്രക്കാരന് രക്ഷകരായി ബസ് ജീവനക്കാർ. കൊട്ടിയൂർ-കോഴിക്കോട് റൂട്ടിൽ സർവീസ് നടത്തുന്ന അർജുൻ ബസ് ജീവനക്കാരാണ് പത്തനംതിട്ട സ്വദേശിയും വയനാട്ടിലെ താമസക്കാരനുമായ ഗംഗാധരന് രക്ഷകരായത്.
തിങ്കളാഴ്ച രാവിലെ 7.30ഓടെ അമ്പായത്തോടിൽ നിന്നും പുറപ്പെട്ട അർജുൻ ബസിൽ കൊട്ടിയൂരിൽ നിന്നും തലശേരിയിലേക്ക് പോകാനായി കയറിയതായിരുന്നു ഗംഗാധരൻ. പേരാവൂർ ടൗൺ കഴിഞ്ഞ് ഈരായിക്കൊല്ലിയിലെത്തിയപ്പോൾ ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു. ഗംഗാധരനെ ബസിലെ യാത്രക്കാരുടെ സമ്മതത്തോടെ ജീവനക്കാർ ആറു കിലോമീറ്റർ തിരികെ വന്ന് പേരാവൂർ സൈറസ് ആസ്പത്രിയിൽ എത്തിച്ചു.
ഗംഗാധരന് വേണ്ട ചികിത്സ ഉറപ്പാക്കിയ ശേഷമാണ് ബസ് വീണ്ടും സർവീസ് നടത്തിയത്. രാവിലെത്തെ ട്രിപ്പിൽ ലഭിക്കേണ്ട പണം നഷ്ടമായെങ്കിലും ഒരാളുടെ ജീവൻ രക്ഷിക്കാൻ കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് ബസ് ജീവനക്കാരായ പേരാവൂർ കുനിത്തല സ്വദേശി രമിലും കോളയാട് സ്വദേശി രജീഷും.