പേരാവൂർ താലൂക്കാസ്പത്രി ബഹുനില കെട്ടിട നിർമാണം; അഗ്നിരക്ഷാ വകുപ്പിന്റെ സാങ്കേതിക പരിശോധന പൂർത്തിയായി

പേരാവൂർ: താലൂക്കാസ്പത്രി ബഹുനില കെട്ടിട നിർമാണവുമായി ബന്ധപ്പെട്ട് അഗ്നിരക്ഷാ വകുപ്പിന്റെ എൻ.ഒ.സി രണ്ട് ദിവസത്തിനകം ലഭ്യമാക്കുമെന്ന് അധികൃതർ വ്യക്തമാക്കി.കെട്ടിട നിർമാണവുമായി ബന്ധപ്പെട്ട് അഗ്നിരക്ഷാ വിഭാഗം നടത്തിയ സാങ്കേതിക പരിശോധനകൾ പൂർത്തിയായ സാഹചര്യത്തിൽ എൻ.ഒ.സി ഉടൻ നൽകുമെന്ന് അഗ്നിരക്ഷാ വിഭാഗം ജില്ലാ മേധാവി എസ്.കെ.ബിജുക്കുട്ടൻ പറഞ്ഞു.
ആസ്പത്രിക്ക് കെട്ടിടം നിർമിക്കുന്ന സ്ഥലത്തെ റോഡുകളുടെ വീതി, ആസ്പത്രി കോമ്പൗണ്ടിനുള്ളിലെ റോഡുകളുടെ ഘടന, വൈദ്യുതി കണക്ഷനുകളുടെ ലഭ്യത തുടങ്ങിയ മുഴുവൻ പരിശോധനകളുമാണ് ബുധനാഴ്ച പൂർത്തിയാക്കിയത്. പ്രാഥമിക പരിശോധനകൾ കഴിഞ്ഞയാഴ്ച പൂർത്തിയാക്കിയിരുന്നു.
അഗ്നിരക്ഷാ വിഭാഗം ജില്ലാ മേധാവി എസ്.കെ.ബിജുക്കുട്ടന്റെ നേതൃത്വത്തിൽ കണ്ണൂർ സ്റ്റേഷൻ ഓഫീസർ കെ.വി.ലക്ഷ്മണൻ, പേരാവൂർ സ്റ്റേഷൻ ഓഫീസർ, സി.ശശി എന്നിവരടങ്ങുന്ന സംഘമാണ് പരിശോധനകൾ നടത്തിയത്.താലൂക്കാസ്പത്രി സൂപ്രണ്ട് ഡോ.അശ്വിൻ ഹേമചന്ദ്രന്റെ സാന്നിധ്യത്തിലായിരുന്നു പരിശോധന.