അംബികക്ക് സഹായവുമായി സുമനസുകൾ

പേരാവൂർ: തകർന്ന വീടിനുള്ളിൽ ദുരിത ജീവിതം നയിക്കുന്ന തൊണ്ടിയിൽ സായീഭവനിൽ അംബികക്കും ഭിന്നശേഷിക്കാരിയായ മകൾ കീർത്തിക്കും സഹായവുമായി സുമനസുകളെത്തി. വാർഡ് മെമ്പർ രാജു ജോസഫും കോൺഗ്രസ് തൊണ്ടിയിൽ ബൂത്ത് കമ്മിറ്റിയുമാണ് അംബികക്ക് താത്കാലിക സഹായങ്ങളെത്തിക്കുന്നത്.
വാർഡ് മെമ്പർമാരായ രാജു ജോസഫ്, നൂറുദ്ദീൻ മുള്ളേരിക്കൽ, കോൺഗ്രസ് പ്രവർത്തകരായ ജെയിംസ് അറക്കൽ, തങ്കച്ചൻ കോക്കാട്ട്, സിബി നിരപ്പേൽ, സജി കൊച്ചു പൂവത്തും മൂട്ടിൽ, ജോബി വാലം കണ്ടത്തിൽ, ബിജു കരിയാട്ടിയിൽ, സിജൊ പുന്നശ്ശേരിൽ എന്നിവർ ചേർന്നാണ് ശ്രമദാനമായി വീടും വീടിന്റെ മേൽക്കൂര ശുചീകരിക്കുന്നത്.
തകർന്ന മേൽക്കൂര മുഴുവനും നീക്കം ചെയ്ത് ഇരുമ്പ് പൈപ്പുകൾ കൊണ്ട് പുതിയ മേൽക്കൂര നിർമിച്ച് ഷീറ്റുകൾ സ്ഥാപിക്കുമെന്ന് രാജു ജോസഫ് പറഞ്ഞു. ഇതിനുള്ള സാധനങ്ങളെല്ലാം കടമായി വാങ്ങി സ്ഥലത്തെത്തിച്ചിട്ടുണ്ട്. അംബികയുടെ സ്ഥലത്തിന്റെ ഉടമസ്ഥാവകാശവുമായി സഹോദരങ്ങൾ കേസ് നടത്തുന്നതിനാൽ പഞ്ചായത്തിന് നിയമപരമായി വീട് നിർമിച്ചു നല്കാൻ സാധ്യമല്ല. എന്നാൽ അമ്മയും മകളും അസുഖ ബാധിതരായതിനാൽ പഞ്ചായത്ത് ഏതെങ്കിലും പദ്ധതിയിലുൾപ്പെടുത്തി ഇവർക്ക് സഹായമെത്തിക്കാൻ ശ്രമം തുടങ്ങിയിട്ടുണ്ട്.
സഹായമെത്തിക്കാം
ഗ്രാമീൺ ബാങ്ക് തൊണ്ടിയിൽ ശാഖയിലെ 40463100003424 എന്ന അക്കൗണ്ടിൽ അംബികക്ക് സഹായങ്ങളെത്തിക്കാം. ഐ.എഫ്.എസ്.സി : KLGB0040463