ദേശിയ അമ്പെയ്ത്ത് താരം സഹായം തേടുന്നു

പേരാവൂർ : ദേശീയ അമ്പെയ്ത്ത് താരം കായികോപകരണം വാങ്ങാൻ സഹായം തേടുന്നു.പേരാവൂർ സ്വദേശി റിമൽ മാത്യുവാണ് വിദേശ നിർമിത അമ്പെയ്ത്ത് ഉപകരണമായ റികർവ് ബോ വാങ്ങാൻ കായിക പ്രേമികളുടെ സഹായം തേടുന്നത്.
അമ്പെയ്ത്തിൽ ദേശീയ, സംസ്ഥാന ചാമ്പ്യൻഷിപ്പുകളിൽ നിരവധി തവണ റിമൽ ജേതാവായിട്ടുണ്ട്.സബ് ജൂനിയർ വിഭാഗത്തിൽ മത്സരിക്കുമ്പോൾ തന്നെ ജൂനിയർ വിഭാഗത്തിലും, സീനിയർ വിഭാഗത്തിലും സംസ്ഥാന മെഡൽ നേടി ദേശിയ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കാൻ റിമലിന് സാധിച്ചിരുന്നു.
ഏഴ് സംസ്ഥാന മെഡലും രണ്ട് നാലാം
സ്ഥാനമുൾപ്പെടെ 9 തവണ ദേശിയ അമ്പെയ്ത്ത് ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കാനും റിമലിന് അവസരം ലഭിച്ചിട്ടുണ്ട്.കഴിഞ്ഞ വർഷം സീനിയർ വിഭാഗത്തിൽ സംസ്ഥാനത്ത് നാലാം റാങ്കും, സബ് ജൂനിയർ വിഭാഗത്തിൽ ഒന്നാം റാങ്കും റിമലിനായിരുന്നു.
എട്ടിൽ പഠിക്കുമ്പോൾ തന്നെ ആദ്യ സംസ്ഥാന ചാമ്പ്യൻഷിപ്പിൽ വെള്ളി മെഡൽ നേടി ദേശിയ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുകയും ചെയ്തിരുന്നു.
അന്ന് വാങ്ങിയ റികർവ് ബോ തകരാറിലായതിനാൽ ഈ വർഷത്തെ ചാമ്പ്യൻഷിപ്പുകളിൽ പങ്കെടുക്കാൻ കഴിയാത്ത അവസ്ഥയിലാണ് റിമൽ. റിമലിന്റ ഇപ്പോഴത്തെ കായികക്ഷമതയ്ക്കനുസരിച്ചുള്ള ബോ വാങ്ങാൻ ചുരുങ്ങിയത് നാലു ലക്ഷം രൂപയോളം വേണ്ടിവരുമെന്നാണ് കോച്ച് പറയുന്നത്.എന്നാൽ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന റിമലിന്റ രക്ഷിതാക്കൾക്ക് ഇത്രയും തുക മുടക്കി ബോ വാങ്ങികൊടുക്കാൻ സാധിക്കില്ല.ചെറിയ പ്രായത്തിൽ ഇത്രയേറെ നേട്ടങ്ങൾ സ്വന്തമാക്കിയ റിമലിന് കായിക പ്രേമികളായ സുമസുകളുടെ സഹായം ആവശ്യമായി വന്നിരിക്കുന്നു.തൃശൂർ സഹൃദയ കോളേജിൽ ഒന്നാം വർഷ ബിരുദ വിദ്യാർത്ഥിയാണ് റിമൽ.