ലക്ഷങ്ങൾ ചിലവിട്ട് നിർമിച്ച പേരാവൂരിലെ പൊതുശ്മശാനം പൂട്ടിയിട്ടിട്ട് മാസങ്ങൾ

Share our post

പേരാവൂർ: നിർമാണ വേളയിലും ഉദ്ഘാടനത്തിനും ഏറെ വിവാദങ്ങളുണ്ടാക്കിയ പേരാവൂർ പഞ്ചായത്തിലെ പൊതുശ്മശാനം പൂട്ടിയിട്ടിട്ട് പത്ത് മാസങ്ങൾ.മലയോര പഞ്ചായത്തുകളിലെ ഏക പൊതുശ്മശാനം വീണ്ടും തുറന്നു പ്രവർത്തിപ്പിക്കാൻ അധികൃതർ നടപടി സ്വീകരിക്കുന്നില്ലെന്നാണ് ആക്ഷേപമുയർന്നിട്ടുള്ളത്.പൊതുജനത്തിന്റെ നിരന്തരമായ ആവശ്യങ്ങൾക്കൊടുവിൽ യാഥാർഥ്യമായ ശ്മശാനം പെട്ടെന്നാണ് അടച്ചുപൂട്ടിയത്.

പേരാവൂർ പഞ്ചായത്ത് 55 ലക്ഷത്തോളം രൂപ ചിലവിട്ടാണ് 202021 വാർഷിക പദ്ധതിയിലുൾപ്പെടുത്തി ‘സ്മൃതി തീരം; എന്ന പേരിൽ വെള്ളർവള്ളിയിൽ ആധുനിക വാതകശ്മശാനം നിർമിച്ചത്.നിർമാണ വേളയിൽ അഴിമതിയാരോപണമുന്നയിച്ച് യു.ഡി.എഫ് പ്രക്ഷോഭങ്ങൾ നടത്തുകയും മുഴുവൻ സജ്ജീകരണങ്ങളുമാവും മുൻപെ 2020 നവംബറിൽ ഉദ്ഘാടനം ചെയ്യുകയും ചെയ്തു.എന്നിട്ടും മാസങ്ങൾ കഴിഞ്ഞ് 2021ൽ പുതിയ പഞ്ചായത്ത് ഭരണസമിതി നിലവിൽ വന്ന ശേഷമാണ് പ്രവർത്തനമാരംഭിച്ചത്.

പ്രവർത്തനം തുടങ്ങി ഒന്നേകാൽ വർഷമാവുമ്പോഴേക്കും സാങ്കേതിക തകരാർ കാരണം 2023 ഫിബ്രവരിയിൽ ശ്മശാനം പൂട്ടിയിടുകയും ചെയ്തു.പുകക്കുഴൽ ബ്ലോക്കായതിനാൽ ക്രിമിറ്റേറിയത്തിലുണ്ടായ തകരാർ പരിഹരിക്കാനാണ് പൂട്ടിയത്. ഔദ്യോഗിക ഉദ്ഘാടനം കഴിഞ്ഞ് മാസങ്ങൾക്ക് ശേഷം പ്രവർത്തനം തുടങ്ങിയ ശ്മശാനത്തിന് നിർമാണക്കമ്പനി നല്കിയ വാരന്റി കാലാവധി ഇതിനിടെ അവസാനിക്കുകയും ചെയ്തു.ഇതേത്തുടർന്ന് പുതിയ സംവിധാനമൊരുക്കാൻ പഞ്ചായത്ത് ഒൻപത് ലക്ഷം അനുവദിച്ചെങ്കിലും നവീകരണം അനന്തമായി നീളുകയാണ്.

ശ്മശാനത്തിന്റെ പ്രവർത്തനം പൂർണമായും നിലച്ചതോടെ മലയോര പഞ്ചായത്തുകളിലുള്ളവർ കൂത്തുപറമ്പ് വലിയ വെളിച്ചത്തെയും കണ്ണൂർ പയ്യാമ്പലത്തെയും തില്ലങ്കേരി പഞ്ചായത്തിലെയും പൊതുശ്മശാനങ്ങളെയാണ് നിലവിൽ ആശ്രയിക്കുന്നത്.

നവീകരണം ഒരു മാസത്തിനകം പൂർത്തിയാവും

നിലവിലെ സംവിധാനം മാറ്റി പൂർണമായും ഓട്ടോമാറ്റിക്ക് സംവിധാനമാണ് ഒരുക്കുന്നത്.നവീകരണം അന്തിമഘട്ടത്തിലാണ്.ഈ മാസം അവസാനമോ ജനുവരി ആദ്യവാരമോ ശ്മശാനത്തിന്റെ പ്രവർത്തനം പുന:രാരംഭിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും പേരാവൂർ പഞ്ചായത്ത് പ്രസിഡന്റ് പി.പി.വേണുഗോപാലൻ പറഞ്ഞു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!