തിരുവനന്തപുരം: യുവ ഡോക്ടര്‍ ഷഹനയുടെ മരണത്തിൽ സുഹൃത്തായ ഡോ. റുവൈസിനെതിരെ പൊലീസ് കേസെടുത്തു. മെഡിക്കൽ പി.ജി അസോസിയേഷൻ മുൻ സംസ്ഥാന പ്രസിഡന്റ് കൂടിയായിരുന്നു ഡോ. റുവൈസ്. ഷഹനയുമായി ഇയാളുടെ വിവാഹം നേരത്തെ നിശ്ചയിച്ചിരുന്നു. എന്നാൽ ഉയര്‍ന്ന സ്ത്രീധനം റുവൈസിന്റെ വീട്ടുകാര്‍ ചോദിച്ചതോടെ വിവാഹം മുടങ്ങിയെന്നാണ് ഷഹനയുടെ ബന്ധുക്കൾ ആരോപിച്ചത്. ഡോ. റുവൈസിനെതിരെ ആത്മഹത്യാ പ്രേരണ കുറ്റവും സ്ത്രീധന നിരോധന നിയമത്തിലെ വകുപ്പുകളും ചുമത്തിയാണ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ജാമ്യം ലഭിക്കാത്ത കുറ്റങ്ങളാണ് പ്രതിക്കെതിരെ ചുമത്തിയിരിക്കുന്നത്. ഇയാൾക്കെതിരെ ശക്തമായ തെളിവുകളുണ്ടെന്നും പൊലീസ് പറഞ്ഞു.
സംഭവം വിവാദമായതിന് പിന്നാലെ സംസ്ഥാന അധ്യക്ഷ സ്ഥാനത്ത് നിന്ന് റുവൈസിനെ മെഡിക്കൽ പി.ജി അസോസിയേഷൻ നീക്കി. തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ഓർത്തോ വിഭാഗം പി.ജി വിദ്യാർത്ഥിയാണ് ഇയാൾ. തങ്ങൾ ഡോ. ഷഹനയ്ക്ക് ഒപ്പമാണെന്ന് അസോസിയേഷൻ ഭാരവാഹികൾ വാര്‍ത്താക്കുറിപ്പിറക്കി. ആരോപണത്തിൽ സംസ്ഥാന ന്യൂനപക്ഷ കമ്മീഷൻ സ്വമേധയാ കേസെടുത്തു. മെഡിക്കൽ എജുക്കേഷൻ ഡയറക്ടര്‍, ജില്ലാ കളക്ടര്‍, കമ്മീഷണര്‍ എന്നിവരോട് റിപ്പോര്‍ട്ട് തേടി. ഈ മാസം 14 ന് നേരിട്ട് ഹാജരായി റിപ്പോർട്ട് നൽകാനാണ് മൂവരോടും നിര്‍ദ്ദേശിച്ചിരിക്കുന്നത്.
തിരുവനന്തപുരം മെഡിക്കൽ കോളേജിൽ സർജറി വിഭാഗത്തിൽ പി.ജി വിദ്യാര്‍ത്ഥിയായിരുന്നു ഷെഹന. കഴിഞ്ഞ ദിവസമാണ് ഷഹനയെ ഫ്ലാറ്റിൽ അനസ്തേഷ്യക്കുള്ള മരുന്ന് കുത്തിവെച്ച് മരിച്ച നിലയിൽ കണ്ടെത്തിയത്. ഡോക്ടര്‍ റുവൈസുമായി ഷെഹന അടുപ്പത്തിലായിരുന്നു. ഇരുവരുടെയും വീട്ടുകാർ വിവാഹത്തിന് സമ്മതിച്ചിരുന്നു. ഇതിനിടെ വരൻറെ വീട്ടുകാർ വൻ തുക സ്ത്രീധനം ആവശ്യപ്പെട്ടെന്നാണ് ഷെഹനയുടെ ബന്ധുക്കൾ പറയുന്നത്. താങ്ങാവുന്നതിലും അപ്പുറമുള്ള തുകയായതിനാൽ വിവാഹം മുടങ്ങി. ഇതോടെ ഡോ. റുവൈസും വിവാഹത്തിൽ നിന്ന് പിന്മാറി. ഇത് ഷെഹനയെ മാനസികമായി തകർത്തുവെന്നാണ് ഷഹനയുടെ അമ്മയും സഹോദരനും വെളിപ്പെടുത്തിയത്.
എന്നാൽ ഷഹന ആത്മഹത്യാ കുറിപ്പിൽ ആരുടേയും പേര് പറഞ്ഞിട്ടില്ല. സംഭവത്തിൽ ഡോ. റുവൈസ് പ്രതികരിക്കാൻ തയ്യാറായിട്ടില്ല. സ്ത്രീധനമാണ് ആത്മഹത്യക്ക് പിന്നില്ലെന്ന ആരോപണത്തെ കുറിച്ച് ശിശുവികസന വകുപ്പ് ഡയറക്ടറോട് അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ ആരോഗ്യമന്ത്രി നിർദ്ദേശിച്ചു. വെഞ്ഞാറമൂട് സ്വദേശിയായ ഷെഹന പഠനത്തിൽ മിടുക്കിയായിരുന്നു. മെറിറ്റ് സീറ്റിലായിരുന്നു എം.ബി.ബി.എസ് പ്രവേശനം. വിദേശത്തായിരുന്ന അച്ഛൻ മാസങ്ങൾക്ക് മുമ്പാണ് മരിച്ചത്. ഇതോടെയാണ് കുടംബം സാമ്പത്തിക പ്രതിസന്ധിയിലായത്. സഹോദരൻ ഒരു കമ്പ്യൂട്ടർ സെൻററിൽ ജോലി ചെയ്യുകയാണ്. ഷെഹനയുടെ അച്ഛൻ പലർക്കും പണം കടം കൊടുത്തിരുന്നു. ആ പണവും തിരികെ കിട്ടിയിട്ടില്ല. ഇതും ഈ കുടുംബത്തെ ബുദ്ധിമുട്ടിച്ചിരുന്നുവെന്നാണ് നാട്ടുകാർ പറയുന്നത്.