കൊളക്കാടിലെ ആൽബർട്ടിന്റെ മരണം കർഷക ആത്മഹത്യ തന്നെയെന്ന് കിഫ

കൊളക്കാട്: എം. ആർ. ആൽബർട്ടിന്റെ മരണം കർഷക കടബാധ്യത മൂലം തന്നെയെന്ന് കേരള ഇൻഡിപെൻഡന്റ് ഫാർമേഴ്സ് അസോസിയേഷൻ കണ്ണൂർ ജില്ലാ കമ്മിറ്റി. അടിസ്ഥാന കാരണം എന്നത് 28ന് മുൻപ് ലോൺ തിരിച്ചടയ്ക്കണമെന്ന പേരാവൂർ കേരള ബാങ്കിന്റെ നോട്ടീസ് ആണെന്ന് കിഫ ജില്ലാ ഭാരവാഹികൾ പറഞ്ഞു.
ഇതേ തുടർന്ന് പണം സ്വരൂപിക്കാനായി നടത്തിയ പരിശ്രമങ്ങൾ ഫലം കാണാതെ വന്നതിലുള്ള മാനസിക വ്യഥയും, നിരാശയും മൂലം കർഷകൻ ജീവനൊടുക്കുകയായിരുന്നു. പെൻഷൻ മുടങ്ങിയസാഹചര്യവും അദ്ദേഹം തന്റെ ആത്മഹത്യാക്കുറിപ്പിൽ പറഞ്ഞിട്ടുണ്ട്.കഴിഞ്ഞ ഒറ്റയാഴ്ചയിൽ കണ്ണൂർ ജില്ലയുടെ മലയോര മേഖലയിൽ രണ്ട് കർഷകർ ജീവനൊടുക്കിയതിന്റെ അടിസ്ഥാന കാരണങ്ങൾ പരിശോധിച്ചാൽ സർക്കാർ ഭരണ സംവിധാനങ്ങളുടെ പരാജയമെന്നത് വ്യക്തമാകുമെന്ന് കിഫ വിലയിരുത്തി.
ലോണിനായി കർഷകൻ ബാങ്കുകളെ ആശ്രയിക്കുന്നത് കാർഷിക വിളകളിലൂടെ അഭിവൃദ്ധി ഉണ്ടാകുമെന്ന് പ്രതീക്ഷിച്ചും, അതിലൂടെ ലോൺ തിരിച്ചടയ്ക്കാമെന്ന കണക്കുകൂട്ടലിലും ആണ്. എന്നാൽ കടുത്ത വന്യമൃഗശല്യം നിമിത്തം ഉൽപാദന തകർച്ച നേരിട്ടും, വിലത്തകർച്ച മൂലവും പ്രതീക്ഷകൾ തകിടം മറിയുമ്പോൾ ലോൺ തിരിച്ചടവ് മുടങ്ങുന്നു എന്നതാണ് വാസ്തവം.
ആ സമയത്ത് കടാശ്വാസ ഇളവുകളോ, സാവകാശമോ ലഭിക്കാതെ വരികയും, പെൻഷൻ പോലെയുള്ള സർക്കാർ ധനസഹായങ്ങൾ മുടങ്ങുകയും ചെയ്യുമ്പോൾ കർഷകൻ മാനസികമായി തകരുന്നു. ഇതാണ് ഈ രണ്ടു മരണങ്ങളിലും സംഭവിച്ചതെന്ന് കിഫ ഭാരവാഹികൾ പറഞ്ഞു.