പേരാവൂർ ക്ഷീര സംഘം അഴിമതി; ക്രിമിനൽ കേസെടുക്കണമെന്ന് കോൺഗ്രസ്

പേരാവൂർ : സി.പി.എം ഭരിക്കുന്ന പേരാവൂർ ക്ഷീര സംഘത്തിൽ നടന്ന ലക്ഷങ്ങളുടെ ക്രമക്കേടിനുത്തരവാദികൾക്കും, കൂട്ടുനിന്നവർക്കുമെതിരെ ക്രിമിനൽ കേസെടുക്കണമെന്ന് കോൺഗ്രസ് പേരാവൂർ ബ്ലോക്ക് നേതൃയോഗം ആവശ്യപ്പെട്ടു. സി.പി.എം പേരാവൂർ ഏരിയ കമ്മിറ്റിയംഗം നേതാവ് കെ. ശശീന്ദ്രൻ പ്രസിഡൻ്റായ ഭരണസമിതി നിയന്ത്രിച്ച സംഘത്തിൽ ലക്ഷങ്ങളുടെ ക്രമക്കേടുകളാണ് നടത്തിയത്. ക്ഷീരകർഷകരുടെ അത്താണിയാകേണ്ട ക്ഷീരസംഘത്തെ സി.പി.എം നേതാക്കളും ഉദ്യോഗസ്ഥരും ചേർന്ന് കൊള്ളയടിക്കുകയായിരുന്നു
സഹകാരികളും പൊതുജനങ്ങളും സംഘത്തിലെ ക്രമക്കേടുകളെ സംബന്ധിച്ച് പരാതികൾ ഉന്നയിച്ചെങ്കിലും ബന്ധപ്പെട്ട വകുപ്പുകൾ ചെവിക്കൊള്ളാൻ തയ്യാറായില്ല. ഓഡിറ്റിംഗ് റിപ്പോർട്ടിൽ ലക്ഷങ്ങളുടെ ക്രമക്കേട് കണ്ടെത്തിയ വിവരം പുറംലോകമറിഞ്ഞപ്പോഴാണ് ഗത്യന്തരമില്ലാതെ സംഘം ഭരണ സമിതിയെ പിരിച്ച് വിട്ട് മുഖം രക്ഷിക്കുവാൻ വകുപ്പ് ശ്രമിച്ചത്.
പണം തട്ടിയെടുത്തവരുടെ പേരിൽ കേസെടുക്കണമെന്നും അല്ലാത്ത പക്ഷം ബഹുജന പ്രക്ഷോഭം സംഘടിക്കുവാൻ കോൺഗ്രസ് തയ്യാറാകുമെന്നും യോഗം മുന്നറിയിപ്പ് നൽകി.
സണ്ണി ജോസഫ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡൻ്റ് ജൂബിലി ചാക്കോ അധ്യക്ഷത വഹിച്ചു. ചന്ദ്രൻ തില്ലങ്കേരി, ലിസി ജോസഫ്, ബൈജു വർഗീസ്, പി.സി. രാമകൃഷ്ണൻ, വർഗീസ് നടപ്പുറം, റോയ് നമ്പുടാകം, വി. രാജു, ഷഫീർ ചെക്യാട്ട്, സണ്ണി വേലിക്കകത്ത്, സുരേഷ് ചാലാറത്ത്, സി. ഹരിദാസൻ, വി. പ്രകാശൻ, പി .പി. മുസ്തഫ, കെ.എം. ഗിരീഷ്, മജീദ് അരിപ്പയിൽ എന്നിവർ സംസാരിച്ചു.