പേരാവൂർ ക്ഷീരസംഘത്തിൽ നടന്നത് ലക്ഷങ്ങളുടെ ക്രമക്കേട്

Share our post

പേരാവൂർ: സി.പി.എം ഭരിക്കുന്ന പേരാവൂർ ക്ഷീര വ്യവസായ സഹകരണ സംഘത്തിൽ നടന്നത് ലക്ഷങ്ങളുടെ ക്രമക്കേടെന്ന് ഓഡിറ്റ് റിപ്പോർട്ട്. സംഘത്തിൽ ഏറ്റവുമൊടുവിൽ 2015-2016 വർഷത്തിൽ നടന്ന ഓഡിറ്റ് റിപ്പോർട്ടിലെ ന്യൂനതാ സംഗ്രഹത്തിലാണ് സാമ്പത്തിക ക്രമക്കേടുകളും ഭരണ സമിതിയുടെ ഗുരുതര വീഴ്ചയുമുള്ളത്.

സംഘത്തിൻ്റെ പണം സെക്രട്ടറി തിരിമറി നടത്തിയതായും ദുരുപയോഗം ചെയ്തതായും ഓഡിറ്റിൽ പറയുന്നു. കാലിത്തീറ്റ വില്പന, പാൽ വില്പന, ജീവനക്കാർക്ക് ശമ്പളം നിർണയിച്ചത്, അധിക ബോണസ് നല്കൽ തുടങ്ങി എല്ലാ മേഖലയിലും വൻ സാമ്പത്തിക ക്രമക്കേടുകൾ നടന്നതായി റിപ്പോർട്ടിൽ പറയുന്നു. വ്യക്തമായ കാരണങ്ങളില്ലാതെ പല തവണകളായി സംഘം പ്രസിഡൻറ് വകുപ്പ് 94 (8)ന് വിരുദ്ധമായി പണം കൈപ്പറ്റിയതായും ഓഡിറ്റ് റിപ്പോർട്ടിലുണ്ട്.

മുൻ വർഷത്തെ ഓഡിറ്റിൽ കണ്ട ക്രമക്കേടുകൾ പരിഹരിക്കാൻ ഭരണ സമിതിയുടെ ഭാഗത്ത് നിന്ന് നടപടിയുണ്ടാവുകയോ ആയതിന് ക്ഷീര വികസന വകുപ്പിന് ഭരണ സമിതി നിർദ്ദേശം നല്കുകയോ ചെയ്തില്ലെന്നും ഓഡിറ്റിൽ പറയുന്നു. ഓഡിറ്റ് ന്യൂനതകൾ പൊതുയോഗത്തിൽ അവതരിപ്പിക്കുകയോ ന്യൂനതാ പരിഹരണം നടത്തുകയോ ചെയ്തിട്ടില്ല. സംഘത്തിൽ നടന്ന ക്രമക്കേടുകളിൽ യഥാസമയം നടപടി സ്വീകരിക്കാതെ ഭരണ സമിതി ഗുരുതര വീഴ്ചയാണ് വരുത്തിയതെന്നും റിപ്പോർട്ടിൽ പറയുന്നു.

2016 നു ശേഷം രേഖകൾ യഥാസമയം ലഭ്യമാക്കാത്തതിനാൽ സംഘത്തിൽ ഓഡിറ്റ് നടന്നിട്ടില്ല. ഈ സാഹചര്യത്തിൽ സംഘത്തെ ആർ.എൻ.എയിൽ (റെക്കോർഡ്സ് നോട്ട് അവൈലബിൾ) ഉൾപ്പെടുത്തുകയും ചെയ്തു.

കഴിഞ്ഞ മൂന്നു മാസമായി സംഘത്തിൽ വകുപ്പുതല അന്വേഷണം നടക്കുകയാണ്. ഇതിൻ്റെ ഭാഗമായാണ് ക്ഷീര കർഷകരുടെ ലക്ഷങ്ങൾ ക്രമക്കേടിലൂടെയും അഴിമതിയിലൂടെയും നഷ്ടപ്പെടുത്തിയ സംഘം ഭരണസമിതിയെ പിരിച്ചുവിട്ട് അഡ്മിനിസ്ട്രേറ്ററെ നിയമിച്ചത്. വകുപ്പുതല അന്വേഷണം രണ്ടാഴ്ചക്കകം പൂർത്തിയായേക്കും. ഇതിനിടെ, ക്ഷീര വികസന വകുപ്പിൽ സമ്മർദ്ദം ചെലുത്തി അഡ്മിനിസ്ട്രേറ്ററെ മാറ്റാനും നീക്കം തുടങ്ങിയിട്ടുണ്ട്.

1977- ൽ ഡയറി ഡിപ്പാർട്ട്മെൻ്റിൻ്റെ ഭരണ നിയന്ത്രണത്തിലാണ് പേരാവൂർ ക്ഷീര സംഘം പ്രവർത്തനം തുടങ്ങിയത്. 2016-ൽ ഓഡിറ്റ് നടക്കുമ്പോൾ 1007 അംഗങ്ങളാണ് ക്ഷീര സംഘത്തിനുണ്ടായിരുന്നത്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!