സ്വർണം സ്‌കാൻ ചെയ്താൽ വരുമാനമെന്ന് വാഗ്ദാനം; വീട്ടമ്മയുടെ 15 പവനുമായി യുവാവ് മുങ്ങി

Share our post

കോഴിക്കോട്: കൈയിലുള്ള സ്വർണം സ്‌കാൻ ചെയ്താൽ നല്ല വരുമാനമുണ്ടാക്കാമെന്ന് വാഗ്ദാനംചെയ്ത് വീട്ടമ്മയുടെ 15 പവനുമായി മുങ്ങി. പന്നിയങ്കര കണ്ണഞ്ചേരിയിലുള്ള 40-കാരിയാണ് തട്ടിപ്പിനിരയായത്. സംഭവത്തിൽ മെഡിക്കൽ കോളേജ് പോലീസ് അന്വേഷണം തുടങ്ങി.

ജൂലായ് 13-ന് രാവിലെ 10-ന് വീട്ടമ്മയുടെ വാട്സാപ്പ് നമ്പറിൽ അഷ്ഫാൻ എന്ന് സ്വയം പരിചയപ്പെടുത്തി ഒരാൾ വിളിച്ചിരുന്നു. നറുക്കെടുപ്പിൽ സമ്മാനം ലഭിച്ചിട്ടുണ്ടെന്ന് വാട്സാപ്പ് മെസേജ് അയച്ച് വിശ്വസിപ്പിക്കുകയും ചെയ്തു. തുടർന്ന് നറുക്കെടുപ്പുമായി ബന്ധപ്പെട്ട വിവരങ്ങളെന്ന വ്യാജേന നിരന്തരം പല സന്ദേശങ്ങളുമയച്ചു. സമ്മാനമൊന്നും കിട്ടിയില്ലെങ്കിലും വീട്ടമ്മയുമായി ഇയാൾ സൗഹൃദം സ്ഥാപിച്ചു.

വീട്ടമ്മയുടെ കൈയിലുള്ള സ്വർണാഭരണങ്ങളുടെ മാതൃകയിൽ സ്വർണമുണ്ടാക്കുന്നുണ്ടെന്ന് ഇയാൾ പിന്നീട് അവരെ വിശ്വസിപ്പിച്ചു. ഇതിനായി സ്വർണം സ്‌കാൻ ചെയ്യേണ്ടതുണ്ടെന്നും ഇത്തരത്തിൽ സ്‌കാൻ ചെയ്യാൻ നൽകിയാൽ അതിൽനിന്ന് വരുമാനം ലഭിക്കുമെന്നും ഇയാൾ വിശ്വസിപ്പിച്ചു. അരയിടത്തുപാലത്തുള്ള ജൂവലറിയിലാണ് ആഭരണങ്ങൾ സ്‌കാൻ ചെയ്യുന്നതെന്നാണ് വീട്ടമ്മയോട് പറഞ്ഞത്. ഇതനുസരിച്ച് വീട്ടമ്മ ജൂലായ് 25-ന് ജൂവലറിക്കുസമീപമെത്തി. കൈയിലുള്ള 15 പവൻ കൈമാറുകയും ചെയ്തു.

എന്നാൽ, പിന്നീട് ഇയാൾ ആഭരണങ്ങളുമായി കടന്നുകളയുകയായിരുന്നെന്ന് പരാതിയിൽ പറഞ്ഞു. മെഡിക്കൽ കോളേജ് എസ്.ഐ. ടി. രമേശിനാണ് അന്വേഷണച്ചുമതല.

 


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!