തിരിച്ചെത്തുന്ന ഭായിമാര്‍ക്ക് ലോട്ടറി; കാത്തിരിക്കുന്നത് ഇരട്ടി ശമ്പളത്തോടെ പുതിയ ജോലി

Share our post

കൊച്ചി: കേരളത്തിലെ വിവിധ മേഖലകളില്‍ അന്യസംസ്ഥാന തൊഴിലാളികളുടെ സാന്നിദ്ധ്യം ഒഴിച്ചുകൂടാന്‍ കഴിയാത്തതാണ്. പറമ്പിലെ പണി, ഹോട്ടല്‍ മേഖല, വന്‍കിട നിര്‍മാണ പദ്ധതികള്‍ തുടങ്ങി വിവിധ മേഖലകള്‍ കേരളത്തില്‍ ചലിക്കുന്നതിന് പിന്നില്‍ അന്യസംസ്ഥാന തൊഴിലാളികളുടെ പങ്ക് വളരെ വലുതാണ്. എന്നാല്‍ കഴിഞ്ഞ ഏതാനും മാസങ്ങളിലെ കണക്ക് പരിശോധിച്ചാല്‍ കേരളത്തില്‍ നിന്ന് ഭായിമാര്‍ നാടുവിടുന്ന പതിവ് വ്യാപകമാകുകയാണ്.

2025 അവസാനത്തോടെയാണ് ഭായിമാര്‍ നാട്ടിലേക്ക് മടങ്ങുന്ന പതിവ് വർധിച്ചത് . പണ്ട് കാലത്തെ അപേക്ഷിച്ച് സ്വന്തം നാട്ടില്‍ തന്നെ മെച്ചപ്പെട്ട ശമ്പളത്തോടെ ദിവസേന തൊഴില്‍ ലഭിക്കുന്നതാണ് പലരും കേരളം വിടുന്നതിന് പ്രധാന കാരണം. കേരളത്തില്‍ വളരെ കൂടുതലുള്ള ബംഗാള്‍, അസാം എന്നീ സംസ്ഥാനങ്ങളില്‍ നിന്നുള്ള തൊഴിലാളികള്‍ അവിടങ്ങളിലെ തിരഞ്ഞെടുപ്പ് കൂടി കണക്കിലെടുത്താണ് മടങ്ങിയത്.പശ്ചിമേഷ്യയിലെ യുദ്ധവും തുടര്‍ന്നുള്ള ഗ്യാസ് പ്രതിസന്ധിയും കാരണം നിരവധി ഹോട്ടലുകളാണ് കേരളത്തില്‍ അടച്ച് പൂട്ടിയത്. ഇതോടെ ഇവിടങ്ങളില്‍ ജോലി ചെയ്തിരുന്ന ഭായിമാരും അവരവരുടെ നാടുകളിലേക്ക് മടങ്ങി. ഗ്യാസ് പ്രതിസന്ധിക്ക് നേരിയ ശമനം ഉണ്ടായപ്പോഴും ഹോട്ടലുകള്‍ നടത്തുന്നവര്‍ നേരിട്ട വെല്ലുവിളിയാണ് തൊഴിലാളികളുടെ അഭാവം. പല ഹോട്ടലുകളിലും പാചകം, ക്ലീനിംഗ് ഉള്‍പ്പെടെയുള്ള ജോലികള്‍ ചെയ്യുന്നത് ഭായിമാരാണ്. അതുകൊണ്ട് തന്നെ കേരളത്തിലേക്ക് മടങ്ങിയെത്തുമ്പോള്‍ ഇവരുടെ ഡിമാന്‍ഡ് കൂടുതലായിരിക്കും.ഹോട്ടല്‍ മേഖലയില്‍ പണിയെടുക്കുന്ന ഭായിമാര്‍ക്ക് മെച്ചപ്പെട്ട ഓഫറുകളും ഉയര്‍ന്ന ശമ്പളവും പല ഹോട്ടലുകളും വാഗ്ദാനം ചെയ്യാന്‍ സാദ്ധ്യതയുണ്ടെന്നും ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ പറയുന്നു.കേരളത്തിലെ പല മേഖലകളുടെയും പ്രവര്‍ത്തനം ഇതരസംസ്ഥാന തൊഴിലാളികളില്‍ ആശ്രയിച്ചാണ് മുന്നോട്ട് പോകുന്നത്. നിര്‍മാണം, കൃഷി, മത്സ്യബന്ധന അനുബന്ധ ജോലികള്‍, ഹോട്ടല്‍-റസ്റ്റോറന്റ് മേഖല, ചെറുകിട വ്യവസായങ്ങള്‍ തുടങ്ങി നിരവധി മേഖലകളില്‍ ഇവരുടെ പങ്ക് നിര്‍ണായകമാണ്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!