ഇസ്രയേൽ – ഇറാൻ സംഘർഷം: ബിയർ വില 15 ശതമാനം വരെ വർധിക്കാൻ സാധ്യത
ന്യൂഡൽഹി: പശ്ചിമേഷ്യയിൽ തുടരുന്ന ഇസ്രയേൽ – ഇറാൻ യുദ്ധം ആഗോള വിപണികളെ ബാധിച്ചു തുടങ്ങവേ, ഇന്ത്യയിൽ ബിയർ വിലയിൽ വൻ വർധനവിനും ക്ഷാമത്തിനും സാധ്യതയെന്ന് റിപ്പോർട്ടുകൾ. വേനൽക്കാലം ആരംഭിച്ചിരിക്കെ ബിയർ വിലയിൽ 12 മുതൽ 15 ശതമാനം വരെ വർധനവ് ഉണ്ടായേക്കുമെന്ന് മദ്യ നിർമാണ മേഖലയിലുള്ളവർ മുന്നറിയിപ്പ് നൽകുന്നു. ഹൈനെക്കൻ, കാൾസ്ബർഗ് തുടങ്ങിയ പ്രമുഖ കമ്പനികൾ തങ്ങളുടെ ഉത്പാദന ചിലവ് വർധിച്ചതിനാൽ വില വർധിപ്പിക്കാൻ അനുമതി തേടി വിവിധ സംസ്ഥാന സർക്കാരുകളെ സമീപിച്ചിട്ടുണ്ട്.
യുദ്ധം മൂലം ഊർജ പ്രതിസന്ധി രൂക്ഷമായതോടെ ഗ്ലാസ് കുപ്പികളുടെ ഉത്പാദനം തടസപ്പെട്ടു. കുപ്പികൾ നിർമിക്കുന്ന ഫർണസുകൾ പ്രവർത്തിപ്പിക്കാൻ ആവശ്യമായ പ്രകൃതിവാതകം ലഭിക്കാത്തതാണ് ഇതിന് കാരണം. കുപ്പികളുടെ വിലയിൽ ഏകദേശം 20 ശതമാനത്തോളം വർധനവുണ്ടായിട്ടുണ്ട്. ബിയർ കാനുകൾ നിർമിക്കാൻ ഉപയോഗിക്കുന്ന അലുമിനിയത്തിന്റെ വിതരണ ശൃംഖലയിലും തടസങ്ങൾ നേരിടുന്നുണ്ട്. ഇത് കാനുകളിൽ ലഭിക്കുന്ന ബിയറിന്റെ ലഭ്യതയെ ബാധിക്കും.
കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ മദ്യത്തിന് വില നിശ്ചയിക്കുന്നത് സർക്കാരായതിനാൽ, വരും ദിവസങ്ങളിൽ ഇതേക്കുറിച്ച് ഔദ്യോഗിക തീരുമാനമുണ്ടാകാൻ സാധ്യതയുണ്ട്. വേനൽക്കാലത്ത് ബിയറിന് ഡിമാൻഡ് കൂടുന്ന സമയമായതിനാൽ, ഉത്പാദനം കുറയുന്നത് വിപണിയിൽ ബിയർ ക്ഷാമത്തിനും വഴിതെളിച്ചേക്കാം.
