മാരകമായ മസ്തിഷ്കാർബുദ ചികിത്സയിൽ വഴിത്തിരിവുമായി അമേരിക്കൻ ഗവേഷകർ, ട്യൂമർ ദിവസങ്ങൾക്കുള്ളിൽ ചുരുങ്ങി
കാൻസർ ചികിത്സാരംഗത്ത് നാഴികക്കല്ലായേക്കാവുന്ന കണ്ടുപിടുത്തവുമായി ഗവേഷകർ. മാരകമായ ഗ്ലയോബ്ലാസ്റ്റോമ (glioblastoma) എന്ന മസ്തിഷ്കാർബുദത്തെ പുതിയതരം CAR-T cell തെറാപ്പിയിലൂടെ ചികിത്സിക്കാമെന്നാണ് ഗവേഷകർ പറയുന്നത്. അമേരിക്കയിലെ മാസ് ജനറൽ കാൻസർ സെന്ററിൽ നിന്നുള്ള ഗവേഷകരാണ് ഇതിനുപിന്നിൽ.
2024-ൽ ഇൻസിപിയന്റ് എന്ന പേരിൽ നടത്തിയ ആദ്യഘട്ട ക്ലിനിക്കൽ ട്രയലിന്റെ ഭാഗമായ മൂന്നുരോഗികളിലാണ് ട്യൂമർ ചുരുങ്ങിയതായി കാണപ്പെട്ടതെന്ന് ഗവേഷകർ പറഞ്ഞു. ന്യൂ ഇംഗ്ലണ്ട് മെഡിസിൻ ജേർണലിൽ പഠനം പ്രസിദ്ധീകരിച്ചിട്ടുണ്ട്. CARv3-TEAM-E T സെൽ തെറാപ്പിയാണ് രോഗികളിൽ പരീക്ഷിച്ചത്. ഒരൊറ്റ തവണ മരുന്ന് കയറിയതിനു പിന്നാലെ തന്നെ രോഗികളിൽ ശ്രദ്ധേയമായ രീതിയിൽ ട്യൂമർ ചുരുങ്ങുന്നതായി കാണപ്പെട്ടുവെന്ന് ഗവേഷകർ പറഞ്ഞു. ഒരുരോഗിയിൽ ട്യൂമർ ഏറെക്കുറെ പൂർണമായും ചുരുങ്ങിയതായും കാണപ്പെട്ടു.
രോഗിയുടെ സ്വന്തം രോഗപ്രതിരോധ കോശങ്ങൾ പരിഷ്കരിച്ച് ചികിത്സിക്കുന്ന രീതിയാണ് CAR-T തെറാപ്പി. ബ്ലഡ് കാൻസർ രോഗികളിൽ ഈ ചികിത്സാരീതി വിജയകരമാണെങ്കിലും ഗ്ലയോബ്ലാസ്റ്റോമ പോലുള്ള ട്യൂമറുകളെ ചികിത്സിക്കുന്നതിൽ വെല്ലുവിളി നേരിട്ടിരുന്നു.
അമ്പത്തിയേഴിനും എഴുപത്തിനാലിനും ഇടയിൽ പ്രായമുള്ള മൂന്ന് രോഗികളിലാണ് മരുന്ന് പരീക്ഷിച്ചത്. മൂവരും നേരത്തേ കീമോതെറാപ്പി, റേഡിയേഷൻ ചികിത്സാരീതികളിലൂടെ കടന്നുപോയവരായിരുന്നു. പുതിയ ചികിത്സാരീതി സ്വീകരിച്ച് നാളുകൾക്കുള്ളിൽ തന്നെ ഒരുരോഗിയിൽ വളരെ വേഗത്തിൽ എന്നാൽ താൽക്കാലികമായി ട്യൂമർ ചുരുങ്ങുന്നതായി കണ്ടു. മറ്റൊരാളിൽ അറുപത് ശതമാനത്തോളം ട്യൂമർ ആറുമാസത്തിലേക്കെന്ന രീതിയിൽ ചുരുങ്ങി. മൂന്നാമത്തെ വ്യക്തിയിൽ അഞ്ചുദിവസങ്ങൾക്കുള്ളിൽത്തന്നെ ഏതാണ്ട് പൂർണമായും ട്യൂമർ ചുരുങ്ങിയതായി കണ്ടു.
പ്രാരംഭഘട്ടത്തിൽ പോസിറ്റീവ് ഫലം കണ്ടെങ്കിലും മൂന്നുകേസുകളിലും പിന്നീട് ട്യൂമർ പുരോഗമിക്കുന്നതായി കണ്ടു. എങ്കിലും തെറാപ്പിയുടെ ഫലം ദീർഘകാലത്തേക്ക് ലഭിക്കുന്ന രീതിയിൽ ചികിത്സയെ വികസിപ്പിക്കാനുള്ള ശ്രമങ്ങളിലാണ് ഗവേഷകർ. തെറാപ്പി പൂർണമായും രോഗികളെ സുഖപ്പെടുത്തിയില്ലെങ്കിലും മസ്തിഷ്കാർബുദം പോലെ ചികിത്സിച്ച് ഭേദമാക്കാൻ വെല്ലുവിളി നേരിടുന്ന അർബുദങ്ങളുടെ ചികിത്സയിൽ കൂടുതൽ പുരോഗതി നേടാനാകുമെന്നുമാണ് ഗവേഷകർ പ്രതീക്ഷിക്കുന്നത്.
ഗ്ലയോബ്ലാസ്റ്റോമ
ഗ്രേഡ് 5 ബ്രെയിൻ ട്യൂമറാണിത്. ദ്രുതഗതിയിൽ വളരുകയും ഇരട്ടിക്കുകയും ചെയ്യുന്ന കാൻസർ കോശങ്ങളാണ് ഇതിന്റെ പ്രത്യേകത. രോഗം മാറ്റാനുള്ള ചികിത്സ ലഭ്യമല്ലെങ്കിലും ജീവിതനിലവാരം മെച്ചപ്പെടുത്താനുള്ള ചികിത്സകളാണ് നടന്നുവരുന്നത്. കാഴ്ച മങ്ങൽ, തലവേദന, വിശപ്പില്ലായ്മ, ഓർമക്കുറവ്, മാനസികനിലയിലും സ്വഭാവത്തിലും വരുന്ന മാറ്റങ്ങൾ, ഛർദി, ഓക്കാനം, സംസാരിക്കാനുള്ള ബുദ്ധിമുട്ട്, തരിപ്പ് തുടങ്ങിയവയാണ് പ്രധാനലക്ഷണങ്ങൾ.
