‘വിചാരണയില്ലാതെ തടങ്കലിൽ വെക്കുന്നത് ശിക്ഷയ്ക്ക് തുല്യം’; പ്രതിക്ക് ജാമ്യം അനുവദിച്ച് സുപ്രീംകോടതി

Share our post

ന്യൂഡൽഹി: വിചാരണ പൂർത്തിയാകാതെ പ്രതികളെ ദീർഘകാലം ജയിലിലടക്കുന്നത് ശിക്ഷാ നടപടിക്ക് തുല്യമാണെന്ന് സുപ്രീംകോടതി. വധശ്രമം, കവർച്ച തുടങ്ങിയ ഗുരുതരമായ കുറ്റങ്ങൾ ചുമത്തപ്പെട്ട് രണ്ട് വർഷമായി ജയിലിൽ കഴിയുന്ന വ്യക്തിക്ക് ജാമ്യം അനുവദിച്ചുകൊണ്ടാണ് കോടതിയുടെ ഈ സുപ്രധാന നിരീക്ഷണം.

പ്രതിയെ അറസ്റ്റ് ചെയ്ത് രണ്ട് വർഷം പിന്നിട്ടിട്ടും വിചാരണ നടപടികൾ ആരംഭിക്കാത്ത സാഹചര്യത്തിലാണ് കോടതി ഇടപെടൽ. വരുംദിവസങ്ങളിൽ വിചാരണ തുടങ്ങാൻ സാധ്യതയില്ലെന്ന് ബോധ്യപ്പെട്ട കോടതി, നടപടികൾ വൈകുന്നത് പ്രതിയുടെ മൗലികാവകാശങ്ങളുടെ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടി.

വിചാരണ വൈകുന്ന സാഹചര്യത്തിൽ പ്രതിയെ ഇനിയും തടവിൽ വെക്കേണ്ടതില്ലെന്നും കോടതി വ്യക്തമാക്കി. ഇന്ത്യയിലെ ജയിലുകളിൽ കഴിയുന്നവരിൽ ഭൂരിഭാഗവും വിചാരണ തടവുകാരാണെന്ന ആശങ്കാജനകമായ കണക്കുകൾ നിലനിൽക്കെയാണ് കോടതിയുടെ ഈ പരാമർശം. കഴിഞ്ഞ വർഷത്തെ ‘ഇന്ത്യ ജസ്റ്റിസ് റിപ്പോർട്ട്’ പ്രകാരം രാജ്യത്തെ ജയിലുകളിലുള്ളവരിൽ 76 ശതമാനം പേരും വിചാരണ തടവുകാരാണ്.

കുറ്റം തെളിയുന്നതിന് മുമ്പ് തന്നെ വർഷങ്ങളോളം ജയിലിൽ കഴിയേണ്ടി വരുന്ന അവസ്ഥ നീതിന്യായ വ്യവസ്ഥയുടെ പോരായ്മയാണെന്ന് നിയമവിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. ഭരണഘടനയുടെ 21-ാം അനുച്ഛേദം ഉറപ്പുനൽകുന്ന വ്യക്തിസ്വാതന്ത്ര്യത്തിനും വേഗത്തിലുള്ള വിചാരണയ്ക്കുമുള്ള അവകാശത്തിന് ഊന്നൽ നൽകുന്നതാണ് സുപ്രീംകോടതിയുടെ ഈ നടപടി.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!