വിദേശ സംഭാവന നിയന്ത്രണ നിയമഭേദഗതി; പ്രധാനമന്ത്രിക്ക് കത്തയച്ച് മുഖ്യമന്ത്രി
തിരുവനന്തപുരം: വിദേശ സംഭാവന സ്വീകരിക്കൽ നിയന്ത്രണ നിയമത്തിൽ കേന്ദ്ര സർക്കാർ കൊണ്ടുവരുന്ന പുതിയ ഭേദഗതികൾക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയൻ. ഈ ഭേദഗതികൾ രാജ്യത്തെ ന്യൂനപക്ഷ വിഭാഗങ്ങൾക്കിടയിലും വിവിധ മതവിഭാഗങ്ങൾ നടത്തുന്ന ധർമ്മസ്ഥാപനങ്ങൾക്കിടയിലും വലിയ ആശങ്കയ്ക്ക് കാരണമായിട്ടുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഇക്കാര്യത്തിൽ ഉന്നയിക്കപ്പെട്ട ആശങ്കകൾ പരിഹരിക്കാതെ ബില്ലുമായി മുന്നോട്ട് പോകരുതെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചു.
പുതിയ ഭേദഗതി പ്രകാരം, വിദേശ സംഭാവന സ്വീകരിക്കുന്നതിനുള്ള അനുമതി നിശ്ചിത സമയപരിധിക്കുള്ളിൽ പുതുക്കാൻ കഴിയാതിരുന്നാലോ അപേക്ഷ നിരസിക്കപ്പെട്ടാലോ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് റദ്ദാക്കപ്പെട്ടതായി കണക്കാക്കും. ഇത്തരം സാഹചര്യങ്ങളിൽ ബന്ധപ്പെട്ട സ്ഥാപനങ്ങളുടെ വിദേശ സംഭാവനകളും ആസ്തികളും കേന്ദ്ര സർക്കാർ നിശ്ചയിക്കുന്ന ഒരു അതോറിറ്റിയുടെ നിയന്ത്രണത്തിലേക്ക് മാറ്റപ്പെടുമെന്നതാണ് പ്രധാന ആശങ്ക. തികച്ചും സാങ്കേതികമായ കാരണങ്ങളാൽ അപേക്ഷ വൈകുകയോ അപേക്ഷ സമർപ്പിക്കുന്നതിൽ പിഴവുകൾ സംഭവിക്കുകയോ ചെയ്താൽ പോലും ആസ്തികൾ സർക്കാർ താൽക്കാലികമായി ഏറ്റെടുക്കുന്ന അവസ്ഥയിലേക്കാണ് ഇത് നയിക്കുന്നത്.
പൊതുതാൽപര്യത്തിന് വിരുദ്ധമായ നടപടികൾ ഉണ്ടായാൽ അത് തടയാൻ നിലവിലുള്ള 2010-ലെ നിയമം തന്നെ പര്യാപ്തമാണെന്നിരിക്കെയാണ് പുതിയ ഭേദഗതികൾ കൊണ്ടുവരുന്നത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ മതന്യൂനപക്ഷങ്ങളുടെ ആരാധനാലയങ്ങൾക്കെതിരെ ആക്രമണങ്ങൾ നടക്കുന്ന പശ്ചാത്തലത്തിൽ, ഈ പുതിയ നിയമപരമായ നീക്കങ്ങൾ വലിയ ആശങ്കയുണ്ടാക്കുന്നുണ്ടെന്നും ഇത് ഗൗരവത്തോടെ കാണേണ്ടതുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. അപേക്ഷ സമർപ്പിക്കുന്നതിലെ ചെറിയ സാങ്കേതിക പിഴവുകൾ പോലും സ്ഥാപനങ്ങളുടെ ആസ്തികൾ കണ്ടുകെട്ടപ്പെടുന്ന സാഹചര്യത്തിലേക്ക് മാറുന്നത് യുക്തിസഹമല്ലെന്നും അദ്ദേഹം വിമർശിച്ചു.
ഭേദഗതിയുമായി മുന്നോട്ട് പോകുന്നതിൽ നിന്ന് കേന്ദ്ര സർക്കാർ പിന്തിരിയണമെന്ന് സംസ്ഥാന സർക്കാർ ശക്തമായി ആവശ്യപ്പെടുന്നു. ന്യൂനപക്ഷ വിഭാഗങ്ങളും സ്ഥാപനങ്ങളും ഉന്നയിക്കുന്ന ആശങ്കകൾ പൂർണ്ണമായും ദൂരീകരിച്ച ശേഷം മാത്രമേ ബില്ലിന്റെ തുടർനടപടികൾ സ്വീകരിക്കാവൂ എന്നും മുഖ്യമന്ത്രി തന്റെ കത്തിലൂടെ പ്രധാനമന്ത്രിയോട് വ്യക്തമാക്കിയിട്ടുണ്ട്. നിലവിലെ വ്യവസ്ഥകൾ തന്നെ മതിയായവയാണെന്നും സ്ഥാപനങ്ങളുടെ സ്വയംഭരണാധികാരത്തെ ബാധിക്കുന്ന ഇത്തരം നീക്കങ്ങളിൽ നിന്ന് കേന്ദ്രം പിന്മാറണമെന്നുമാണ് സംസ്ഥാനത്തിന്റെ നിലപാട്.
