‘ഏരിയ സെക്രട്ടറിയുടെ അക്കൗണ്ടിലേക്ക് അഞ്ച് ലക്ഷമെത്തി’; ആരോപണവുമായി വി. കുഞ്ഞികൃഷ്ണൻ
കണ്ണൂർ ∙ സിപിഎം രക്തസാക്ഷി ഫണ്ടിൽ തട്ടിപ്പു നടത്തിയെന്നതിന് കൂടുതൽ തെളിവുകൾ പുറത്തുവിട്ട് പയ്യന്നൂരിൽ യുഡിഎഫ് പിന്തുണയോടെ മത്സരിക്കുന്ന സ്വതന്ത്ര സ്ഥാനാർഥി വി. കുഞ്ഞികൃഷ്ണൻ. ധനരാജ് കുടുംബ സഹായനിധിയുടെ അക്കൗണ്ടിൽ നിന്ന് അഞ്ച് ലക്ഷം രൂപ അന്നത്തെ ഏരിയ സെക്രട്ടറിയുടെ പഴ്സനൽ അക്കൗണ്ടിലേക്ക് മാറ്റിയതിന്റെ തെളിവുകളാണെന്നാണ് കുഞ്ഞികൃഷ്ണൻ അവകാശപ്പെടുന്നത്. ബാങ്കിന്റെ അക്കൗണ്ട് സ്റ്റേറ്റ്മെന്റ്, ധനരാജ് രക്തസാക്ഷി ഫണ്ട് ചെലവഴിച്ചതിന്റെ കണക്ക്, പാർട്ടി കമ്മിറ്റിക്ക് മുൻപാകെ കാണിച്ചതിന്റെ പകർപ്പ് തുടങ്ങിയവ അദ്ദേഹം സമൂഹ മാധ്യമത്തിൽ പോസ്റ്റ് ചെയ്തു.
‘‘പയ്യന്നൂരിൽ തിരഞ്ഞെടുപ്പ് പ്രചാരണം ആരംഭിച്ചത് മുതൽ സിപിഎം കേന്ദ്രങ്ങൾ പറഞ്ഞു കൊണ്ടിരിക്കുന്നത് പയ്യന്നൂരിൽ ഒരു തരത്തിലുമുള്ള ഫണ്ട് തിരിമറിയും നടന്നിട്ടില്ല, പാർട്ടിയുടെ ഒരു രൂപ പോലും നഷ്ടപ്പെട്ടിട്ടില്ല എന്നാണ്. നിഷേധിക്കാൻ പറ്റാത്ത വിധം തെളിവുകൾ സംസാരിക്കട്ടെ എന്നാണെങ്കിൽ, ഫണ്ട് വെട്ടിപ്പ് തെളിവ് സഹിതം കണ്ടെത്തിയ ഞാൻ തയാറാണ്. ഈ തെളിവുകൾക്കെതിരെയും ആശ്രിതരെ വച്ച് ന്യായീകരണവുമായി ഈ സംഘം എത്താൻ സാധ്യതയുണ്ട്. പക്ഷേ ഏത് ന്യായീകരണങ്ങൾക്കും മേലെയാണ് സൂര്യനെ പോലെ തിളങ്ങി നിൽക്കുന്ന സത്യം. ആ സത്യത്തെ നിങ്ങൾ ഇരുട്ടുകൊണ്ട് മറയ്ക്കാനാണ് ശ്രമിക്കുന്നതെങ്കിൽ ഇനിയും സംസാരിക്കുന്ന തെളിവുകൾ പുറത്ത് വരും. ഒന്നുകൊണ്ടും നിങ്ങൾ ‘ധൈര്യപ്പെടേണ്ട’.
2018 ജൂലൈ ഒൻപതിന് പയ്യന്നൂർ റൂറൽ ബാങ്ക് മെയിൻ ബ്രാഞ്ചിലുള്ള, രക്തസാക്ഷി സഖാവ് ധനരാജ് കുടുംബ സഹായനിധിയുടെ അക്കൗണ്ടിൽ നിന്ന് 5 ലക്ഷം രൂപ അന്നത്തെ ഏരിയ സെക്രട്ടറിയുടെ പഴ്സനൽ അക്കൗണ്ടിലേക്ക് മാറ്റിയതിന്റെ തെളിവ് പൊതുസമക്ഷം വയ്ക്കുകയാണ്. പയ്യന്നൂരിലെ പാർട്ടി നേതൃത്വം രക്തസാക്ഷി ധനരാജിന്റെ പേരിൽ പിരിച്ച ഫണ്ടിൽ നിന്ന് പോലും പണം അപഹരിച്ചിട്ടുണ്ട് എന്നതിന് ഇതിൽ കൂടുതൽ എന്ത് തെളിവാണ് ഈ പാർട്ടിക്കും ജനങ്ങൾക്കും മാധ്യമങ്ങൾക്കും ഇനി വേണ്ടത്?
നിങ്ങൾ നടത്തിയ ഈ ധനാപഹരണം ഈ പാർട്ടിയേയും പാർട്ടിയെ വിശ്വസിക്കുന്ന പാർട്ടി കുടുംബങ്ങളേയും അനുഭാവികളേയും വഞ്ചിക്കുന്നതല്ല എന്ന് ഇപ്പോഴും നെഞ്ചിൽ തൊട്ട് പറയാൻ സാധിക്കുമോ നിങ്ങൾക്ക്? ഈ തെളിവുകൾ പയ്യന്നൂരിലെ ജനങ്ങൾ മനസ്സിലാക്കും. അഴിമതിക്കാർ ആരാണെന്ന് ജനം വിലയിരുത്തും. പോരാട്ടം തുടരുകയാണ്’’– കുഞ്ഞികൃഷ്ണൻ സമൂഹ മാധ്യമത്തിൽ കുറിച്ചു.
വിവിധ പാർട്ടി ഫണ്ടുകളിൽ ലക്ഷങ്ങളുടെ തട്ടിപ്പ് നടത്തിയെന്ന് ആരോപിച്ചതിന് പിന്നാലെ സിപിഎം ജില്ലാ കമ്മിറ്റി അംഗമായിരുന്ന കുഞ്ഞികൃഷ്ണനെ പാർട്ടിയിൽ നിന്ന് പുറത്താക്കിയിരുന്നു. തുടർന്ന് തട്ടിപ്പ് കണക്കുകൾ വ്യക്തമാക്കി അദ്ദേഹം പുസ്തകം പുറത്തിറക്കി. ആരോപണ വിധേയനായ എംഎൽഎ ടി.ഐ. മധുസൂദനൻ മത്സരിച്ചാൽ താൻ മത്സരിക്കുമെന്നും കുഞ്ഞികൃഷ്ണൻ പറഞ്ഞു. തുടർന്ന് യുഡിഎഫ് പിന്തുണയോടെ സ്ഥാനാർഥിയാകുകയായിരുന്നു.
