അടുത്ത മുഖ്യമന്ത്രി ചെന്നിത്തല? ‘ഹൈക്കമാൻഡ് തീരുമാനിക്കും, മുൻകൂട്ടി പ്രവചനം വേണ്ട’- സണ്ണി ജോസഫ്

Share our post

കണ്ണൂർ: അടുത്ത മുഖ്യമന്ത്രിയായി രമേശ് ചെന്നിത്തല വരണമെന്ന കെ. സുധാകരന്റെ പ്രസ്താവനയോട് പ്രതികരിച്ച് സണ്ണി ജോസഫ്. കോൺഗ്രസ് ഒരു ജനാധിപത്യ പാർട്ടിയാണെന്നും വ്യത്യസ്ത അഭിപ്രായങ്ങൾ ഉണ്ടാകുന്നത് സ്വാഭാവികമാണ്. യുഡിഎഫിന് ഭൂരിപക്ഷം കിട്ടിക്കഴിഞ്ഞാൽ ഹൈക്കമാൻഡ് എംഎൽഎമാരുടെ അഭിപ്രായം കേട്ട് ഉചിതമായ തീരുമാനമെടുക്കുമെന്നും അതാണ് പാർട്ടിയുടെ രീതി എന്നും അദ്ദേഹം പറഞ്ഞു. അതിനാൽ ഇത്തരം കാര്യങ്ങളിൽ മുൻകൂട്ടി പ്രവചനങ്ങൾ നടത്തേണ്ട ആവശ്യമില്ലെന്നും അദ്ദേഹം കൂട്ടിചേർത്തു.

കണ്ണൂരിലെ സിപിഎം ശക്തികേന്ദ്രങ്ങളിൽ ഇത്തവണ വലിയ വിള്ളലുകൾ ഉണ്ടായിട്ടുണ്ടെന്ന് സണ്ണി ജോസഫ് അവകാശപ്പെട്ടു. തളിപ്പറമ്പ് ഉൾപ്പെടെയുള്ള മണ്ഡലങ്ങളിൽ ഭരണപക്ഷത്ത് നിലനിൽക്കുന്ന അസംതൃപ്തി വോട്ടെടുപ്പിൽ പ്രതിഫലിക്കുമെന്നും അത് യുഡിഎഫിന് അനുകൂലമാകുമെന്നുമാണ് അദ്ദേഹത്തിന്റെ കണക്കുകൂട്ടൽ. എൽഡിഎഫിന്റെ പല സ്ഥാനാർഥി നിർണ്ണയങ്ങളിലും അണികൾക്കിടയിൽ പ്രതിഷേധമുണ്ടെന്നും അദ്ദേഹം സൂചിപ്പിച്ചു.

എൽഡിഎഫും യുഡിഎഫും തമ്മിൽ തെരഞ്ഞെടുപ്പ് ‘ഡീൽ’ ഉണ്ടെന്ന ആരോപണങ്ങളെ അദ്ദേഹം പൂർണ്ണമായും തള്ളിക്കളഞ്ഞു. രാഹുൽ ഗാന്ധി ബിജെപിയുടെ ബി-ടീമാണെന്ന് പറയാൻ മാത്രമുള്ള മൗഢ്യം കേരളത്തിലെ മുഖ്യമന്ത്രിക്കില്ലെങ്കിലും അദ്ദേഹത്തിന് അതിനുള്ള ക്രൂരതയും ദുഷ്ടബുദ്ധിയുമുണ്ടെന്ന് സണ്ണി ജോസഫ് കുറ്റപ്പെടുത്തി. പത്ത് വർഷത്തെ ഭരണത്തിലെ പരാജയങ്ങൾ മറച്ചുവെക്കാനാണ് എൽഡിഎഫ് ഇത്തരം ഡീൽ ആരോപണങ്ങൾ ഉന്നയിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.

മണ്ഡലത്തിലെ തന്റെ പ്രധാന എതിരാളിയായ കെ.കെ. ശൈലജ ടീച്ചറുമായി തനിക്ക് അടുത്ത വ്യക്തിബന്ധമാണുള്ളതെന്നും സണ്ണി ജോസഫ് പറഞ്ഞു. തങ്ങൾ തമ്മിൽ ഇതുവരെ വ്യക്തിപരമായ അധിക്ഷേപങ്ങൾ നടത്തിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ശൈലജ ടീച്ചർ തോറ്റാൽ അവരെ പി.ബിയിലേക്ക് പ്രമോട്ട് ചെയ്യുമെന്ന തന്റെ മുൻപത്തെ പ്രസ്താവന വിവാദമായെങ്കിലും അത് മോശമായ അർത്ഥത്തിലല്ല പറഞ്ഞതെന്നും ഒരു നല്ല കാര്യമായാണ് താൻ ഉദ്ദേശിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!