ലഹരി എത്തിയത് വിദേശത്ത് നിന്ന്; കൊച്ചി പഞ്ചനക്ഷത്ര ഹോട്ടലിലെ ലഹരിവേട്ട കസ്റ്റംസ് അന്വേഷിക്കും
കൊച്ചി: നഗരത്തിലെ പഞ്ചനക്ഷത്ര ഹോട്ടലിലെ വൻ ലഹരിവേട്ട കസ്റ്റംസ് അന്വേഷിക്കും. ലഹരി എത്തിയത് വിദേശത്ത് നിന്നാണെന്നാണ് വിവരം. ഇതുൾപ്പടെയുള്ള അന്വേഷണമാണ് കസ്റ്റംസിന് കൈമാറിയിരിക്കുന്നത്.
പോലീസ് നടത്തിയ മിന്നൽ പരിശോധനയിൽ ആഡംബര ഹോട്ടലിൽനിന്നും മയക്കുമരുന്നുമായി എട്ടുപേരെയാണ് പിടികൂടിയത്. ഇവരുടെ പക്കൽ നിന്നും കൊക്കെയ്ൻ, എം.ഡി.എം.എ, എക്സ്റ്റസി തുടങ്ങിയ മാരകമായ ലഹരിവസ്തുക്കൾ കണ്ടെടുത്തിരുന്നു. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു റെയ്ഡ്. യുവതികൾ ഉൾപ്പെടെ പിടിയിലായ സംഘത്തിലുണ്ട്.
പിടിയിലായ ഇവന്റ് മാനേജ്മെന്റ് സ്ഥാപനം നടത്തുന്ന തിരുവനന്തപുരം സ്വദേശി ഷാജി ഫെർണാണ്ടോ എന്ന ഷോൺ ഇതിന് മുൻപും ക്രൂയിസ് പാർട്ടി നടത്തിയതായും കസ്റ്റംസ് കണ്ടെത്തിയിട്ടുണ്ട്. ഇതിനെത്തുടർന്ന് കഴിഞ്ഞ വർഷം ഷോൺ പദ്ധതിയിട്ട ക്രൂയിസ് ആഫ്റ്റർ പാർട്ടി കസ്റ്റംസ് തകർത്തിരുന്നു. പാർട്ടികളുടെ മുഖ്യ സംഘാടകനാണ് ഷാജി ഫെർണാണ്ടോ. ഇന്നലെ നടന്നതും രണ്ട് ദിവസം മുൻപ് നടന്ന ലഹരി പാർട്ടിയുടെ ആഫ്റ്റർ പാർട്ടിയാണെന്ന് പോലീസ് വ്യക്തമാക്കി. നിലവിൽ ഇന്നലെ പിടിയിലായ പ്രതികൾ എല്ലാവരും സ്റ്റേഷൻ ജാമ്യത്തിൽ പുറത്തിറങ്ങി.
