ഇന്ത്യൻ കുടുംബങ്ങളിലുള്ളത് 460 ലക്ഷം കോടി രൂപയുടെ സ്വർണം; ജി.ഡി.പി.യുടെ 125 ശതമാനം!

Share our post

മുംബൈ: ഇന്ത്യൻ കുടുംബങ്ങളുടെ പ്രിയപ്പെട്ട ആസ്തിയാണ് സ്വർണം. വർഷങ്ങളായി ഇന്ത്യൻ സ്ത്രീകൾ വാങ്ങിക്കൂട്ടിയ ഈ സ്വർണ ആസ്തികളുടെ മൂല്യം അഞ്ചു ലക്ഷം കോടി ഡോളർ (ഏകദേശം 460 ലക്ഷം കോടി രൂപ) കടന്നതായാണ് റിപ്പോർട്ട്. അടുത്തിടെ സ്വർണത്തിന്റെ വിലയിലുണ്ടായ വർധനയാണ് മൂല്യം ഉയരാൻ കാരണമായതെന്നും കൊടക് ഇൻസ്റ്റിറ്റ്യൂഷണൽ ഇക്വീറ്റിസ് തയ്യാറാക്കിയ റിപ്പോർട്ടിൽ പറയുന്നു. ഗാർഹിക ആസ്തിയിൽ ഇത് വർധനയുണ്ടാക്കിയിട്ടുണ്ടെങ്കിലും ഇന്ത്യൻ സമ്പദ് വ്യവസ്ഥയുടെ ദീർഘകാല സമ്പത്ത് വിപുലമാക്കാൻ ഇതുപകരിക്കുന്നില്ലെന്ന് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.

ഇപ്പോഴത്തെ വിപണിമൂല്യമനുസരിച്ച് വീടുകളിലുള്ള സ്വർണത്തിന്റെ മൂല്യം ഇന്ത്യൻ ജി.ഡി.പി.യുടെ 125 ശതമാനം വരും. എന്നാൽ, സ്വർണത്തിന്റെ വില ഉയർന്നതുകൊണ്ട് ആളുകൾ കൂടുതൽ പണം ചെലവിടുന്ന രീതിയില്ല. ഇന്ത്യൻ വീടുകളിൽ സ്വർണത്തെ മറ്റു പല രീതിയിലുമാണ് കരുതിവരുന്നത്. സൂക്ഷിച്ചുെവക്കാവുന്ന ഒരു ആസ്തി എന്ന നിലയിലാണ് ഇതിനെ കാണുന്നത്. പെട്ടെന്നുള്ള സാമ്പത്തിക ആവശ്യങ്ങൾ നിറവേറ്റുന്നതിന് ഇത് ബാങ്കുകളിൽ പണയപ്പെടുത്താമെന്ന സൗകര്യമുണ്ട്. മിക്കവാറും ആഭരണങ്ങളായാണ് ഈ സ്വർണം ആളുകൾ ഉപയോഗിക്കുക. എന്നാൽ ഓഹരികൾ, മ്യൂച്വൽ ഫണ്ടുകൾ എന്നിവപോലെ വരുമാനം കൊണ്ടുവരാൻ ഇതുപകരിക്കുന്നില്ല.

സാമ്പത്തികമായി നോക്കുമ്പോൾ സ്വർണം ഈടായിനൽകി അടിയന്തര സാഹചര്യങ്ങളിൽ പണം കണ്ടെത്താമെന്നതുമാത്രമാണ് ആകെയുള്ള നേട്ടം. രാജ്യത്ത് മൊത്തംവായ്പയിൽ 5.5 ശതമാനം മാത്രമാണ് സ്വർണപ്പണയ വായ്പ. അതുതന്നെ അടുത്തകാലത്തുമാത്രമാണ് ഇത്തരത്തിലുള്ള വായ്പയിൽ വളർച്ച പ്രകടമായിട്ടുള്ളത്. റീട്ടെയിൽ വായ്പകളുടെ 12 ശതമാനം മാത്രമാണിതെന്നും റിപ്പോർട്ട് വിലയിരുത്തുന്നു. അതായത് രാജ്യത്തെ ആളുകളുടെ കൈവശമുള്ള സ്വർണം വലിയ അളവിൽ സാമ്പത്തിക ആവശ്യങ്ങൾക്കോ പുതിയ ആസ്തികൾ നിർമിക്കുന്നതിനോ ഉപയോഗിക്കപ്പെടാതെ കിടക്കുന്നു.

അതിലുപരി ആളുകൾ സ്വർണം വാങ്ങിക്കൂട്ടുന്നതുവഴി രാജ്യത്തെ വലിയ അളവിലുള്ള ആസ്തി സമ്പദ് വ്യവസ്ഥയിൽനിന്ന് മാറ്റിനിർത്തപ്പെടുകയാണ്. ഈ പണം പിന്നീട് ബാങ്ക് നിക്ഷേപങ്ങളിലേക്കോ ഓഹരി, മ്യൂച്വൽ ഫണ്ട് നിക്ഷേപങ്ങളിലേക്കോ തിരികെയെത്തുന്നില്ല. സ്വർണം വിറ്റ് പണമാക്കുന്നതും ബുദ്ധിമുട്ടാണ്. ഇതുവഴി വ്യവസായങ്ങൾക്കും വായ്പകൾക്കും നിക്ഷേപങ്ങൾക്കും മറ്റും ഉപയോഗിക്കപ്പെടേണ്ട പണം ലോക്കറുകളിലോ വീടുകളിലെ അലമാരകളിലോ വെറുതേയിരിക്കുന്ന സാഹചര്യമുണ്ടാകുന്നു. ഇന്ത്യ ഉപയോഗിക്കുന്ന സ്വർണത്തിലധികവും ഇറക്കുമതി ചെയ്യുന്നതാണ്. ഇത് വിദേശനാണ്യം രാജ്യത്തിനു പുറത്തേക്കൊഴുകുന്നതിനും കാരണമാകുന്നുണ്ട്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!