ഇറാൻ ആക്രമണം: പശ്ചിമേഷ്യയിലെ യുഎസ് സൈനിക താവളങ്ങൾ തകർന്നു
വാഷിങ്ടൺ: പശ്ചിമേഷ്യൻ മേഖലയിലെ യുഎസ് സൈനികതാവളങ്ങളിൽ ഇറാൻ തുടർച്ചയായി നടത്തുന്ന മിസൈൽ, ഡ്രോൺ ആക്രമണങ്ങൾ കാരണം നിരവധി പ്രധാന യുഎസ് താവളങ്ങൾ വാസയോഗ്യമല്ലാത്ത അവസ്ഥയിലായിരിക്കുകയാണെന്നും ഇതുമൂലം സൈനികരെ ഹോട്ടലുകൾ, ഓഫീസ് സ്ഥലങ്ങൾ എന്നിവയുൾപ്പെടെ താത്ക്കാലിക സൗകര്യങ്ങളിലേക്ക് മാറ്റാൻ നിർബന്ധിതമാക്കുന്നതായും റിപ്പോർട്ട്. ഈ മാറ്റം ഫലത്തിൽ യുഎസ് സൈന്യത്തിന്റെ ചില വിഭാഗങ്ങളെ “വിദൂരയുദ്ധ”ത്തിലേക്ക് നയിച്ചിരിക്കുകയാണെന്ന് ദി ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്തു.
ഈ മേഖലയിലെ 13 യുഎസ് സൈനിക താവളങ്ങളിൽ പലതും തകർന്നുതരിപ്പണമായതായി റിപ്പോർട്ടിൽ പറയുന്നു. ഇറാനോട് ചേർന്ന് സ്ഥിതി ചെയ്യുന്ന കുവൈത്തിലെ താവളങ്ങൾക്കാണ് ഏറ്റവും കൂടുതൽ നാശനഷ്ടമുണ്ടായതെന്ന് അമേരിക്കൻ ഉദ്യോഗസ്ഥരും സൈനിക ഉദ്യോഗസ്ഥരും പറഞ്ഞു. കുവൈത്തിലെ പോർട്ട് ഷുവൈബ, അലി അൽ സലേം എയർ ബേസ്, ക്യാമ്പ് ബ്യൂറിങ് തുടങ്ങിയ സൗകര്യങ്ങൾ ഇറാനിയൻ ആക്രമണങ്ങളിൽ തകർന്നിട്ടുണ്ട്. പ്രവർത്തന കേന്ദ്രങ്ങൾ, വിമാനങ്ങളുടെ അടിസ്ഥാന സൗകര്യങ്ങൾ, ഇന്ധന സംവിധാനങ്ങൾ എന്നിവയ്ക്ക് കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. ഈ ആക്രമണങ്ങൾ സൈനികവിന്യാസത്തെ തടസ്സപ്പെടുത്തുക മാത്രമല്ല, സൈനികരുടെ സുരക്ഷയെക്കുറിച്ചും ഈ സ്ഥലങ്ങളിൽ നിന്നുള്ള പ്രവർത്തനങ്ങളുടെ ദീർഘകാല നിലനിൽപ്പിനെക്കുറിച്ചും ഗുരുതരമായ ആശങ്കകൾ ഉയർത്തിയിട്ടുണ്ട്.
നിലവിലുള്ള യുഎസ്, ഇസ്രയേൽ സൈനിക നടപടികൾക്ക് പ്രതികരണമായാണ് ഇറാന്റെ പ്രതികാര നടപടി. ഇറാൻ മേഖലയിലുടനീളം താവളങ്ങൾ, എംബസികൾ, ഊർജ അടിസ്ഥാന സൗകര്യങ്ങൾ എന്നിവയെ ലക്ഷ്യമിടുന്നുണ്ട്. ഖത്തർ, ബഹ്റൈൻ, സൗദി അറേബ്യ തുടങ്ങിയ രാജ്യങ്ങളിലെ യുഎസ് ബന്ധമുള്ള സ്ഥലങ്ങളെ ലക്ഷ്യമിട്ടുള്ള മിസൈലുകളും ഡ്രോണുകളും ഈ ആക്രമണങ്ങളിൽ ഉൾപ്പെടുന്നു. യുഎസ് സെൻട്രൽ കമാൻഡിന്റെ പ്രാദേശിക ആസ്ഥാനം സ്ഥിതി ചെയ്യുന്ന ഖത്തറിലെ അൽ ഉദൈദ് എയർ ബേസിലുണ്ടായ ആക്രമണത്തിൽ ഒരു പ്രധാന മുന്നറിയിപ്പ് റഡാർ സംവിധാനത്തിന് കേടുപാടുകൾ സംഭവിച്ചു. ബഹ്റൈനിൽ, യുഎസ് ഫിഫ്ത് ഫ്ലീറ്റ് ആസ്ഥാനത്തെ ആശയവിനിമയ ഉപകരണങ്ങളെ ഇറാന്റെ ഡ്രോൺ ആക്രമണത്തിൽ നശിച്ചു. സൗദി അറേബ്യയിലെ പ്രിൻസ് സുൽത്താൻ എയർ ബേസിൽ, ഇന്ധനം നിറയ്ക്കുന്ന ടാങ്കറുകൾക്കും ആശയവിനിമയ സംവിധാനങ്ങൾക്കും നേരെ ആക്രമണമുണ്ടായതായും റിപ്പോർട്ടുണ്ട്.
സൈനികരെ നിയോഗിച്ചിട്ടുള്ള താവളങ്ങളിൽ നിന്ന് അവരെ മാറ്റുന്നത് ചെലവേറിയതാണെന്നാണ് സൈനിക വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നത്. താത്ക്കാലിക സ്ഥലങ്ങളിൽ നിന്ന് പ്രവർത്തിക്കുന്നത് ഏകോപനം കുറയ്ക്കുകയും പ്രതികരണ സമയം മന്ദഗതിയിലാക്കുകയും നിർണായക ഉപകരണങ്ങളിലേക്കുള്ള പ്രവേശനം പരിമിതപ്പെടുത്തുകയും ചെയ്യും.
