തിരഞ്ഞെടുപ്പ് ജോലി: ഹെൽത്ത് ഇൻസ്‌പെക്ടർമാർക്കും ‘പണി’ കിട്ടി

Share our post

തൊടുപുഴ : തിരഞ്ഞെടുപ്പ് ജോലിയിൽനിന്ന് ഒഴിവാക്കേണ്ട പട്ടികയിൽ ഉൾപ്പെട്ട ഹെൽത്ത് ഇൻസ്‌പെക്ടർമാർക്ക് വ്യാപകമായി തിരഞ്ഞെടുപ്പ് ജോലി നൽകിയതായി പരാതി. നോഡൽ ഓഫിസർമാരുടെ ശ്രദ്ധയ്ക്ക് എന്ന പ്രത്യേക പരാമർശത്തോടെ തിരഞ്ഞെടുപ്പ് കമ്മിഷൻ ഇറക്കിയ നിർദേശത്തിൽ യൂണിഫോം ഫോഴ്സ്, ആരോഗ്യ വകുപ്പിലെ ഡോക്ടർമാർ, നഴ്സുമാർ, മൃഗാശുപത്രിയിലെ ഡോക്ടർമാർ, ലൈവ് സ്റ്റോക്ക് ഇൻസ്പെക്ടർ,ആരോഗ്യ വകുപ്പിലെ ഹെൽത്ത് ഇൻസ്പെക്ടർമാർ, പോസ്റ്റ് ഓഫിസ് ജീവനക്കാർ, വനം വകുപ്പിലെ ഫീൽഡ് ജോലി ചെയ്യുന്നവർ, ആയുർവേദം, യൂനാനി ഹോമിയോ മെഡിക്കൽ ഓഫിസർമാർ, എഐആർ, ദുരദർശൻ, എഫ്സിഐ ഓഫിസർമാർ,

ബിഎസ്എൻഎൽ സാങ്കേതിക വിഭാഗം ജീവനക്കാർ, കെഎസ്ഇബി സാങ്കേതിക വിഭാഗം ജീവനക്കാർ, കെഎസ്ആർടിസി, സഹകരണ ബാങ്ക് ജീവനക്കാർ, റവന്യൂ വകുപ്പ് ഓഫിസുകൾ എന്നിവരെ തിരഞ്ഞെടുപ്പ് ഡ്യൂട്ടി ഓർഡർ സോഫ്റ്റ്‌വെയറിൽ ചേർക്കുന്നതിൽനിന്ന് ഒഴിവാക്കണമെന്ന് പറഞ്ഞിരുന്നു. എന്നാൽ ഇതിന് വിരുദ്ധമായി ആരോഗ്യ വകുപ്പിലെ ഹെൽത്ത്‌ ഇൻസ്‌പെക്ടർ വിഭാഗം ജീവനക്കാരെ കൂട്ടത്തോടെ തിരഞ്ഞെടുപ്പ് ജോലിക്ക് നിയോഗിച്ചു എന്നാണ് പരാതി.

അതേസമയം നിയമസഭ തിരഞ്ഞെടുപ്പിനെക്കാൾ ജീവനക്കാർ ആവശ്യമുണ്ടായിരുന്ന ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ പോലും ആരോഗ്യ വകുപ്പ് ജീവനക്കാരെ ഒഴിവാക്കിയിരുന്നതായി ജീവനക്കാർ ചൂണ്ടിക്കാട്ടി. എന്നാൽ അത്യാവശ്യ വിഭാഗം ഒഴികെയുള്ള ജീവനക്കാരുടെ പട്ടിക നൽകണമെന്ന പ്രത്യേക പരാമർശത്തോടെയാണ്‌ ആരോഗ്യ വകുപ്പിന്റ ഓഫിസിലേക്ക് കത്ത് നൽകിയതെന്നും ആരോഗ്യ വകുപ്പ് നൽകിയ പട്ടികയിൽ ഉൾപ്പെട്ടവരെ മാത്രമാണ് നിയമിച്ചതെന്നും തിരഞ്ഞെടുപ്പ് ചുമതലയുള്ള എഡിഎം പറഞ്ഞു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!