ഇറാനിൽ ഇന്റർനെറ്റ് വിച്ഛേദനം 26-ാം ദിവസത്തിലേക്ക്; ലോകവുമായുള്ള ബന്ധം അറ്റു
ടെഹ്റാൻ: ഇറാൻ ഭരണകൂടം രാജ്യവ്യാപകമായി ഏർപ്പെടുത്തിയ ഇന്റർനെറ്റ് നിരോധനം 26 ദിവസം പിന്നിടുന്നു. ഇന്റർനെറ്റ് ലഭ്യത നിരീക്ഷിക്കുന്ന അന്താരാഷ്ട്ര സംഘടനയായ നെറ്റ്ബ്ലോക്സ് പുറത്തുവിട്ട വിവരമനുസരിച്ച്, ഇറാനിൽ ഇന്റർനെറ്റ് നിലച്ചിട്ട് ഇപ്പോൾ 600 മണിക്കൂർ പിന്നിട്ടിരിക്കുകയാണ്. യുദ്ധസമാനമായ സാഹചര്യങ്ങൾക്കിടയിൽ ജനങ്ങളുടെ വിവരശേഖരണത്തിനുള്ള അവകാശത്തെ ഈ നടപടി തടയുന്നുവെന്ന് സംഘടന വിമർശിച്ചു.
ഇന്റർനെറ്റിന് പൂർണമായും നിരോധനം ഏർപ്പെടുത്തിയതോടെ ഇറാനിലെ സാധാരണ ജനങ്ങൾക്ക് ബാഹ്യലോകവുമായോ അന്താരാഷ്ട്ര വാർത്താ ഏജൻസികളുമായോ ബന്ധപ്പെടാൻ കഴിയാത്ത അവസ്ഥയാണ്. യുദ്ധകാലത്തോ സംഘർഷ സമയത്തോ വിവരങ്ങൾ അറിയാനുള്ള പൗരന്മാരുടെ അവകാശം നിഷേധിക്കുന്നത് മനുഷ്യാവകാശ ലംഘനമാണെന്ന് നെറ്റ്ബ്ലോക്സ് ചൂണ്ടിക്കാട്ടി. എക്സ് പ്ലാറ്റ്ഫോമിലൂടെയാണ് സംഘടന ഈ വിവരം പങ്കുവെച്ചത്.
