‘പ്രിയപ്പെട്ടവരേ…’; ധർമടം മണ്ഡലത്തിലെ വോട്ടർമാർക്ക് മുഖ്യമന്ത്രിയുടെ കത്ത്, പേരെടുത്ത് അഭിസംബോധന

Share our post

കണ്ണൂർ ∙ ധർമടം മണ്ഡലത്തിലെ ഓരോ വോട്ടർമാരെയും പേരെടുത്ത് അഭിസംബോധന ചെയ്ത് മുഖ്യമന്ത്രി പിണറായി വിജയന്റെ കത്ത്. സിപിഎം പ്രവർത്തകർ ഓരോ വീട്ടിലും ഇതിനകം തന്നെ മുഖ്യന്ത്രിയുടെ കത്ത് എത്തിച്ചു കഴിഞ്ഞു. ധർമടം മണ്ഡലത്തിലെ 2,05,273 വോട്ടർമാരുടേയും പേരുകളിൽ അച്ചടിച്ച കത്തുകളാണ് വിതരണം ചെയ്തത്. കത്തിന്റെ അവസാനം ഓരോ വോട്ടറുടേയും പേരും വീട്ടുനമ്പറും വിലാസവും ചേർത്തിട്ടുണ്ട്. എൽഡിഎഫ് പ്രവർത്തകർ വീടുവീടാന്തരം കയറിയാണ് കത്ത് നൽകുന്നത്. കഴിഞ്ഞ രണ്ട് തിരഞ്ഞെടുപ്പുകളിലും ലഭിച്ച പിന്തുണയ്ക്ക് നന്ദി പറഞ്ഞ് തുടങ്ങുന്ന കത്തിൽ മണ്ഡലത്തിൽ യാഥാർഥ്യമാക്കിയ വികസന നേട്ടങ്ങളാണ് പ്രധാനമായും പ്രതിപാദിക്കുന്നത്.

‘പ്രിയപ്പെട്ട… നന്ദിപൂർവം തുടങ്ങട്ടെ… കഴിഞ്ഞ രണ്ട് തിരഞ്ഞെടുപ്പുകളിലും വലിയ പരിഗണനയാണ് നമ്മുടെ മണ്ഡലത്തിൽനിന്ന് എനിക്ക് ലഭിച്ചത്. അർപ്പിച്ച വിശ്വാസം എന്റെ ഭൂരിപക്ഷത്തിൽ പ്രതിഫലിക്കുകയും ചെയ്തു. ആ സ്നേഹവിശ്വാസങ്ങൾ നന്ദി പറഞ്ഞുതീർക്കാനാവാത്ത കടപ്പാടായി മനസ്സിൽ സൂക്ഷിക്കുന്ന വ്യക്തിയാണ് ഞാൻ. എന്റെ പൊതു ജീവിതത്തിലെ ഏറ്റവും വലിയ ശക്തിയാണ് ഈ മണ്ഡലവും ഇവിടുത്തെ ജനസമൂഹവും’ -എന്നിങ്ങനെയാണ് കത്ത് തുടരുന്നത്.

മുഖ്യമന്ത്രി സംസ്ഥാനം മുഴുവൻ പ്രചാരണം നയിക്കുന്നതിനാൽ അദ്ദേഹത്തിന്റെ മണ്ഡലത്തിൽ പാർട്ടി പ്രവർത്തകരാണ് പ്രചാരണം ഏറ്റെടുത്തിരിക്കുന്നത്. തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിന് മുൻപ് തന്നെ മുഖ്യമന്ത്രി വികസന സംവാദം നടത്തിയിരുന്നു. പ്രഖ്യാപനത്തിന് ശേഷം ചുരുക്കം പരിപാടികളിലാണ് അദ്ദേഹം പങ്കെടുത്തത്. വി.പി. അബ്ദുൽ റഷീദാണ് യുഡിഎഫ് സ്ഥാനാർഥി. ബിജെപി സംസ്ഥാന സെക്രട്ടറി കെ. രഞ്ജിത് ആണ് എൻഡിഎ സ്ഥനാർഥി. വൻ പ്രചാരണമാണ് ബിജെപി ധർമടത്ത് നടത്തുന്നത്. ത്രിപുര മുഖ്യമന്ത്രി ഡോ. മണിക് സാഹ, തിരുവനന്തപുരം മേയർ വി.വി. രാജേഷ് എന്നിവർ വരും ദിവസങ്ങളിൽ പ്രചാരണത്തിന് എത്തും.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!