പെൺകുട്ടികളുടെ ചിത്രങ്ങൾ മോർഫ് ചെയ്ത് പ്രചരിപ്പിച്ച 18-കാരൻ അറസ്റ്റിൽ

Share our post

കല്പറ്റ: പെൺകുട്ടികളുടെ ചിത്രങ്ങൾ മോർഫ് ചെയ്ത് സാമൂഹികമാധ്യമങ്ങൾ വഴി പ്രചരിപ്പിച്ച 18-കാരൻ പിടിയിൽ. തരിയോട് കാവുമന്ദം കോമത്തൊടി വീട്ടിൽ യദുകൃഷ്ണയാണ് അറസ്റ്റിലായത്. വയനാട് സൈബർ പോലീസാണ് ഇയാളെ പിടികൂടിയത്. ഇൻസ്റ്റഗ്രാം, ടെലിഗ്രാം അക്കൗണ്ടുകൾവഴിയാണ് യുവാവ് ചിത്രങ്ങൾ പ്രചരിപ്പിച്ചത്. മുൻപ് ഇതേ കുറ്റത്തിന് ഇയാൾ പിടിയിലാകുകയും പ്രായപൂർത്തിയാവാത്തതിനാൽ താക്കീത് ചെയ്ത് വിട്ടയക്കുകയും ചെയ്തിരുന്നെങ്കിലും വീണ്ടും കുറ്റം ആവർത്തിക്കുകയായിരുന്നു.

2025 ഒക്‌ടോബറിലാണ് തന്റെയും കൂട്ടുകാരികളുടെയും ചിത്രങ്ങൾ മോശമായ രീതിയിൽ മോർഫ് ചെയ്ത് പ്രചരിപ്പിക്കുന്നുണ്ടെന്ന പെൺകുട്ടിയുടെ ആദ്യപരാതി വയനാട് സൈബർ പോലീസിന് ലഭിക്കുന്നത്. പരാതിപ്രകാരം അന്വേഷണം തുടങ്ങിയ പോലീസ് ‘മുണ്ടേരി തിങ്സ്’ എന്ന അക്കൗണ്ടിലൂടെയാണ് ചിത്രങ്ങൾ പ്രചരിപ്പിച്ചതെന്നും അക്കൗണ്ട് ഉപയോഗിച്ചിരുന്നത് യദുകൃഷ്ണയാണെന്നും കണ്ടെത്തി. എന്നാൽ, യദുവിന് അന്ന് പ്രായപൂർത്തിയാവാത്തതിനാൽ മാതാപിതാക്കളുടെ സാന്നിധ്യത്തിൽ കുറ്റകൃത്യം ആവർത്തിക്കരുതെന്ന് താക്കീത് നൽകി വിട്ടയക്കുകയായിരുന്നു. എന്നാൽ, ഇയാൾ 2026 മാർച്ചിൽ കുറ്റകൃത്യം ആവർത്തിക്കുകയും ഇയാൾക്കെതിരേ പരാതി ലഭിക്കുകയും ചെയ്തു. മറ്റു രണ്ട് ഇൻസ്റ്റഗ്രാം അക്കൗണ്ടുകൾവഴിയും ടെലിഗ്രാം അക്കൗണ്ടുകൾവഴിയുമാണ് വീണ്ടും ചിത്രങ്ങൾ പ്രചരിപ്പിച്ചത്. അച്ഛന്റെ പേരിലുള്ള ഫോൺനമ്പർ ഉപയോഗിച്ചാണ് ഇയാൾ അക്കൗണ്ടുകൾ തുടങ്ങിയത്. സൈബർ ക്രൈം സ്റ്റേഷൻ ഇൻസ്പെക്ടർ എസ്.എച്ച്.ഒ. സി.ആർ. രാജേഷ് കുമാറിന്റെ നേതൃത്വത്തിലാണ് അന്വേഷണം. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!