‘ഇനി വേദനയില്ലാ ലോകത്ത്…’: ഹരീഷ് റാണ മരണത്തിന് കീഴടങ്ങി, രാജ്യത്തെ ആദ്യ ദയാമരണം

Share our post

ന്യൂഡൽഹി: രാജ്യത്തെ ആദ്യ ദയാമരണത്തിന് സുപ്രീം കോടതി അനുമതി നൽകിയ ഹരീഷ് റാണ വിടവാങ്ങി. ഹരീഷ് റാണയുടെ മരണം പിടിഐ റിപ്പോർട്ട് ചെയ്തു. അവസാന നിമിഷങ്ങളിൽ മാതാവിന് മാത്രമായിരുന്നു ഹരീഷിനൊപ്പം തുടരാനുള്ള അനുമതി ഉണ്ടായിരുന്നത്.

മാർച്ച് 11നാണ് സുപ്രീം കോടതി സുപ്രധാനവിധി പുറപ്പെടുവിക്കുന്നത്. 13 വർഷമായി അബോധാവസ്ഥയിൽ കഴിയുന്ന ഹരീഷ് റാണയുടെ ചികിത്സ പിൻവലിക്കാനുള്ള ഉത്തരവായിരുന്നു സുപ്രീം കോടതിയുടെ ഭാഗത്ത് നിന്ന് ഉണ്ടായത്. ഇതേത്തുടർന്ന് ഹരീഷ് റാണയെ എയിംസിലേക്ക് മാറ്റിയിരുന്നു.

2013 ഓഗസ്റ്റ് 20-നായിരുന്നു ഹരീഷിന് അപകടമുണ്ടായത്. ചണ്ഡീഗഡ് യൂണിവേഴ്‌സിറ്റിയിൽ സിവിൽ എഞ്ചിനീയറിങ് പഠിക്കുകയായിരുന്ന ഹരീഷ്, തന്റെ താമസസ്ഥലത്തിന്റെ നാലാം നിലയിലെ ബാൽക്കണിയിൽനിന്ന് വീഴുകയായിരുന്നു. തലയ്ക്ക് ഗുരുതരമായി പരിക്കേൽക്കുകയും 100% വൈകല്യം സംഭവിക്കുകയും ചെയ്തു. ഹരീഷിന് കണ്ണുതുറക്കാനോ കൈകാലുകൾ ചലിപ്പിക്കാനോ കഴിയാതായി.

ഇന്ത്യയിൽ ആദ്യമായിട്ടാണ് ‘നിഷ്‌ക്രിയ ദയാവധം’ അനുവദിച്ചുകൊണ്ട് സുപ്രീംകോടതിയുടെ ചരിത്രവിധി വരുന്നത്. 13 വർഷമായി അബോധാവസ്ഥയിൽ ചലനമറ്റുകിടക്കുന്ന ഡൽഹിയിലെ ഹരീഷ് റാണയ്ക്ക് (32) വയറ്റിൽ ഘടിപ്പിച്ച ട്യൂബിലൂടെ നൽകുന്ന മരുന്നും ചികിത്സയും നിർത്തിവെക്കാനാണ് സുപ്രീംകോടതി അനുവദിച്ചത്. ഹരീഷിന്റെ ജീവൻരക്ഷാ സംവിധാനങ്ങൾ നിർത്താമെന്ന് ഗാസിയാബാദ് ജില്ലാ ആശുപത്രിയിലെ പ്രാഥമിക മെഡിക്കൽ ബോർഡും എയിംസിലെ രണ്ടാം മെഡിക്കൽ ബോർഡും നൽകിയ റിപ്പോർട്ട് പരിഗണിച്ചാണ് ജസ്റ്റിസുമാരായ ജെ.ബി. പർദിവാല, കെ.വി. വിശ്വനാഥൻ എന്നിവരുടെ നടപടി ഉണ്ടായത്.

വീട്ടിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന ഹരീഷിനെ അവിടെനിന്ന് എയിംസിന്റെ പാലിയേറ്റീവ് കെയർ വകുപ്പിലേക്ക് മാറ്റിയശേഷം അവിടെവെച്ച് സി.എ.എൻ.എച്ച്. (ക്ലിനിക്കലി അസിസ്റ്റഡ് ന്യുട്രീഷ്യൻ ആൻഡ് ഹൈഡ്രേഷൻ-കുഴൽവഴിയോ ഡ്രിപ്പായോ പോഷകവും ജലാംശവും നൽകൽ) ഉൾപ്പെടെയുള്ള ജീവൻരക്ഷാ സംവിധാനങ്ങൾ പിൻവലിക്കുകയായിരുന്നു.

ഹരീഷിന്റെ മാതാപിതാക്കളെ കോടതിയിലേക്ക് വിളിപ്പിച്ച് ജഡ്ജിമാർ ചേംബറിൽവെച്ച് വിശദമായി സംസാരിച്ചിരുന്നു. അവരുടെ അഭിഭാഷക രശ്മി നന്ദകുമാറിനെയും കേന്ദ്ര സർക്കാരിന്റെ അഡീഷണൽ സോളിസിറ്റർ ജനറൽ ഐശ്വര്യാ ഭാട്ടിയെയും ഹരീഷിന്റെ വീട്ടിലയച്ച് അവിടത്തെ സാഹചര്യങ്ങളും വിലയിരുത്തിയശേഷം അതിയായ കരുതലോടെയാണ് സുപ്രീംകോടതി വിധി പുറപ്പെടുവിച്ചത്. അഡ്വ. രശ്മി നന്ദകുമാറിന്റെ അഭ്യർഥനപ്രകാരം ‘നിഷ്‌ക്രിയ ദയാവധം’ എന്നതിനുപകരം ‘ചികിത്സ പിൻവലിക്കൽ’ എന്നാണ് വിധിയിൽ പറയുന്നതെന്നതും ശ്രദ്ധേയമാണ്.

 


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!