കൊച്ചിയിലെ വാടകവീട്ടിൽ രണ്ടു സ്ത്രീകളും മൂന്ന് കുട്ടികളും മരിച്ച നിലയിൽ
കൊച്ചി ∙ ഒരു കുടുംബത്തിലെ അഞ്ച് പേർ മരിച്ച നിലയിൽ. വടുതല കർഷക റോഡ് ഗ്രീൻ ഗാർഡനിലെ ഒരു വാടകവീട്ടിലാണ് രണ്ടു സ്ത്രീകളെയും മൂന്നു കുട്ടികളെയും മരിച്ച നിലയിൽ കണ്ടെത്തിയത്. ആത്മഹത്യയാണെന്നാണ് സംശയം. തിരുവനന്തപുരം വിളപ്പിൽശാല സ്വദേശി അശ്വതി എസ്.നായർ, അമ്മ ശ്രീകുമാരി, ആൺമക്കളായ കീർത്തിവൻ (14), കാർണിവൻ (10), രണ്ടു വയസുള്ള പെൺകുഞ്ഞ് എന്നിവരാണ് മരിച്ചത്. പൊലീസ് സംഭവസ്ഥലത്തെത്തിയിട്ടുണ്ട്.
ചികിത്സയ്ക്കായി കൊച്ചിയിലെത്തിയ ഇവരെ വാടകയ്ക്ക് താമസിച്ചിരുന്ന വീട്ടിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. വീട്ടുടമ വിദേശത്താണ്. രണ്ടു ദിവസമായി ആരെയും പുറത്തു കാണാതായതോടെ വീട്ടുടമയുടെ ബന്ധു എത്തി വീടു തുറന്നു പരിശോധിച്ചപ്പോഴാണ് സംഭവം പുറത്തറിയുന്നത്. തുടർന്ന് പൊലീസിനെ വിവരമറിയിക്കുകയായിരുന്നു.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്‌ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. ഹെൽപ്‌ലൈൻ നമ്പരുകൾ – 1056, 0471- 2552056)
