എസ്.ഐ.ആർ : ബി.എൽ.ഒ.മാരുടെ പ്രതിദിന വേതനം 20 രൂപയിൽ താഴെ
എടപ്പാൾ: സമഗ്ര വോട്ടർ പട്ടിക പരിഷ്കരണത്തിൽ പങ്കെടുത്ത ബി.എൽ.ഒമാരുടെ പ്രതിഫലം വെട്ടിക്കുറച്ചു. 6000 രൂപ നൽകുമെന്ന് പ്രഖ്യാപിച്ച് ആരംഭിച്ച പ്രവൃത്തി അവസാനിപ്പിച്ചപ്പോൾ അത് 2000 ആക്കി വെട്ടിക്കുറയ്ക്കുകയായിരുന്നു. ഇതിൽ ശക്തമായ പ്രതിഷേധവുമായി ബി.എൽ.ഒ. മാർ രംഗത്ത്. നാലുമാസത്തെ ജോലിക്ക് പ്രതിദിനം ലഭിക്കുന്നത് 20 രൂപയിൽ താഴെ മാത്രം.
നവംബർ നാലു മുതൽ ഫെബ്രുവരി 21 വരെയായിരുന്നു കേരളത്തിൽ വോട്ടർപട്ടിക പരിഷ്കരണം നടന്നത്. രാവും പകലുമില്ലാതെ തിരഞ്ഞെടുപ്പു കമ്മിഷൻ പറഞ്ഞ എല്ലാ ജോലികളും ഏറെ വെല്ലുവിളികൾ സഹിച്ചാണ് ഇവർ കുറ്റമറ്റരീതിയിൽ പൂർത്തീകരിച്ചത്.
സ്വന്തം സ്ഥാപനങ്ങളിലെ ജോലിക്കൊപ്പം ഇതും സമാന്തരമായി, അവധി ദിവസങ്ങൾ പോലുമില്ലാതെയാണ് മിക്കവരും ഏറ്റെടുത്തത്. മാനസികസംഘർഷം അനുഭവിച്ചവരുമേറെ. ഫീൽഡ് വർക്കിനായി കൈയിൽനിന്ന് ആയിരക്കണക്കിന് രൂപയാണ് പലർക്കും ചെലവായത്. ഇരുചക്രവാഹനങ്ങൾക്ക് ഇന്ധനത്തിനായി ഇപ്പോൾ അനുവദിച്ചതിലധികം തുക ചെലവായിട്ടുണ്ട്.
തൊഴിൽസമ്മർദവും മറ്റുംമൂലം ബി.എൽ.ഒ.മാർ ആത്മഹത്യചെയ്ത സംഭവം പോലുമുണ്ടായി. കഠിനമായ ജോലി ചെയ്തിട്ടും അർഹമായ പ്രതിഫലം നൽകാതെ അപമാനിക്കുന്ന രീതി വളരെയേറെ പ്രയാസമുണ്ടാക്കുന്നതോടൊപ്പം ആത്മവീര്യം തകർക്കുന്നതുമാണെന്ന് ബി.എൽ.ഒമാർ പറയുന്നു.
