കുട്ടികളിലെ അമിതവണ്ണം: ലോകത്ത് രണ്ടാം സ്ഥാനത്ത് ഇന്ത്യ; ജീവതശൈലി രോഗങ്ങളും കൂടുമെന്ന് റിപ്പോർട്ട്
ന്യൂഡൽഹി: കുട്ടികളിലെ അമിതവണ്ണം ഇന്ത്യയിൽ കുതിച്ചുയരുന്നതായി വേൾഡ് ഒബിസിറ്റി അറ്റ്ലസ് 2026 റിപ്പോർട്ട്. അമിതഭാരമുള്ള കുട്ടികളുടെ എണ്ണത്തിൽ ചൈനയ്ക്ക് തൊട്ടുപിന്നാലെ ലോകത്ത് രണ്ടാം സ്ഥാനത്താണ് ഇന്ത്യ.
2025-ലെ കണക്കനുസരിച്ച് ഇന്ത്യയിൽ അഞ്ച് മുതൽ ഒമ്പത് വയസ്സുവരെയുള്ള 1.5 കോടി കുട്ടികളും, പത്ത് മുതൽ 19 വയസ്സുവരെയുള്ള 2.6 കോടി കുട്ടികളും അമിതഭാരമുള്ളവരോ അമിതവണ്ണമുള്ളവരോ ആണ്.
- ചൈനയിൽ 6.2 കോടി കുട്ടികൾക്ക് അമിത ബിഎംഐ ഇൻഡക്സ് (ബിഎംഐ) ഉള്ളപ്പോൾ ഇന്ത്യയിൽ ഇത് 4.1 കോടിയാണ്. മൂന്നാം സ്ഥാനത്തുള്ള അമേരിക്കയിൽ 2.7 കോടി കുട്ടികളാണ് ഈ വിഭാഗത്തിലുള്ളത്.
- കുട്ടികളിലെ അമിതവണ്ണം പകുതിയായി കുറയ്ക്കണമെന്ന 2025-ലെ ആഗോള ലക്ഷ്യം കൈവരിക്കാൻ ഇന്ത്യയുൾപ്പെടെയുള്ള രാജ്യങ്ങൾക്ക് സാധിച്ചിട്ടില്ല. ഈ സമയപരിധി 2030 വരെ നീട്ടിയിരിക്കുകയാണ്.
അമിതവണ്ണം മൂലം കുട്ടികളിൽ ഭാവിയിൽ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകുമെന്ന് റിപ്പോർട്ട് മുന്നറിയിപ്പ് നൽകുന്നു.
- രക്തസമ്മർദ്ദം : രോഗികളുടെ എണ്ണം 29.9 ലക്ഷത്തിൽ നിന്ന് 42.1 ലക്ഷമായി ഉയരാം.
- പ്രമേഹം: 13.9 ലക്ഷത്തിൽ നിന്ന് 19.1 ലക്ഷമായി വർധിക്കാം.
- കരൾ രോഗങ്ങൾ : നിലവിലുള്ള 83.9 ലക്ഷം കേസുകൾ 1.18 കോടിയായി വർധിക്കാൻ സാധ്യതയുണ്ട്.
കാരണങ്ങൾ:
- ശാരീരിക അധ്വാനമില്ലായ്മ: 11-17 പ്രായത്തിലുള്ള 74% കൗമാരക്കാരും ആവശ്യത്തിന് വ്യായാമം ചെയ്യുന്നില്ല.
- ഭക്ഷണരീതി: 6-10 വയസ്സുള്ള കുട്ടികൾ പ്രതിദിനം ശരാശരി 50 മില്ലി ലിറ്റർ മധുരപാനീയങ്ങൾ ഉപയോഗിക്കുന്നു.
- മറ്റ് ഘടകങ്ങൾ: മുലയൂട്ടലിലെ കുറവ്, സ്കൂളുകളിൽ പോഷകാഹാര ലഭ്യതയുടെ കുറവ് എന്നിവയും കാരണങ്ങളാണ്.
നിർദ്ദേശങ്ങൾ:
സർക്കാരുകൾ അടിയന്തരമായി ഇടപെടണമെന്ന് വേൾഡ് ഒബിസിറ്റി ഫെഡറേഷൻ സി.ഇ.ഒ ജൊഹാന റാൽസ്റ്റൺ ആവശ്യപ്പെടുന്നു. മധുരപാനീയങ്ങൾക്ക് നികുതി ഏർപ്പെടുത്തുക, കുട്ടികളെ ലക്ഷ്യം വെച്ചുള്ള ജങ്ക് ഫുഡ് പരസ്യങ്ങൾ നിയന്ത്രിക്കുക, സ്കൂളുകളിൽ ആരോഗ്യകരമായ ഭക്ഷണം ഉറപ്പാക്കുക തുടങ്ങിയ നിർദ്ദേശങ്ങളാണ് റിപ്പോർട്ട് മുന്നോട്ട് വെക്കുന്നത്.
