സന്ദേശം അയച്ചത് നല്ലഭരണത്തിന്റെ ഭാഗം; നിയമലംഘനമില്ലെന്ന് ഹൈക്കോടതി; പ്രതിപക്ഷത്തിന് വീണ്ടും തിരിച്ചടി
കൊച്ചി: ജീവനക്കാർക്ക് ഡി എ സന്ദേശം അയച്ച സംസ്ഥാന സർക്കാരിന്റെ നടപടിയിൽ യാതൊരു നിയമവിരുദ്ധതയുമില്ലെന്ന് ഹൈക്കോടതി. നല്ല ഭരണനിർവഹണത്തിന്റെ ഭാഗമാണ് സന്ദേശം അയച്ചതെന്നും വിവര ചോർച്ച ഉണ്ടായിട്ടില്ലെന്നും ഹൈക്കോടതി നിരീക്ഷിച്ചു. വിവര ചോർച്ച ആരോപിച്ച് കോണ്‍ഗ്രസ് അനുകൂല സംഘടനാ നേതാക്കള്‍ സമര്‍പ്പിച്ച ഹർജി ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ് അധ്യക്ഷനായ സിംഗിൾ ബെഞ്ച് തള്ളി. ‘സ്പാർക്കി’ൽ നിന്നും ജീവനക്കാരുടെ വിവരം സർക്കാർ ചോർത്തിയെന്ന് ആരോപിച്ച് വലിയ കോലാഹലങ്ങൾ സൃഷ്ടിച്ച പ്രതിപക്ഷത്തിനും വലതുപക്ഷ മാധ്യമങ്ങൾക്കും കനത്ത തിരിച്ചടിയാണ് ഹൈക്കോടതി ഉത്തരവ്.
ഡി എ സന്ദേശം സ്വകാര്യതയുടെ ലംഘനമാണെന്ന ഹർജിക്കാരുടെ വാദം കോടതി മുഖവിലയ്ക്കെടുത്തില്ല. ശമ്പള സന്ദേശത്തിന്റെ ഭാഗമാണ് ഡി എ സന്ദേശവുമെന്ന സർക്കാരിന്റെ വാദം കോടതി ശരിവെച്ചു. സന്ദേശത്തിൽ രാഷ്ട്രീയമില്ലെന്നും കോടതി വിലയിരുത്തി.
സന്ദേശങ്ങൾ അയക്കുന്നതിൽ പൂർണമായ നിയന്ത്രണം ഐടി മിഷനാണെന്നും ഇതിൽ മറ്റ് ഏജൻസികൾക്ക് പങ്കില്ലെന്നും സർക്കാർ കോടതിയെ ബോധിപ്പിച്ചിരുന്നു. ഭരണപരമായ ആശയവിനിമയം മാത്രമാണ് നടത്തിയതെന്നും സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. ഭരണത്തലവനെന്ന നിലയിലാണ് മുഖ്യമന്ത്രി വാട്സാപ് സന്ദേശമയച്ചത്. മുഖ്യമന്ത്രിയുടെ ഓഫീസ് സമാന്തര ഡാറ്റാബേസ് സൂക്ഷിക്കുന്നില്ല. ജീവനക്കാരുടെ വിവരമൊന്നും ചോർന്നിട്ടില്ലെന്നും സത്യവാങ്മൂലത്തിൽ അറിയിച്ചു.
ക്ഷാമബത്ത അടക്കമുള്ള ആനുകൂല്യങ്ങളിൽ നിയമസഭയിൽ നൽകിയ വാക്കുപാലിച്ചതോടെ ജീവനക്കാർക്ക് പ്രചോദനമെന്ന നിലയിലാണ് സന്ദേശമയച്ചത്. മെറ്റയുടെ സ്വകാര്യതാ നയംകൂടി പാലിച്ചാണ് സന്ദേശങ്ങളയച്ചതെന്ന് ഐടി വകുപ്പ് അഡീഷണൽ സെക്രട്ടറി എം രാജേഷ് കുമാർ സത്യവാങ്മൂലത്തിൽ വ്യക്തമാക്കിയിരുന്നു.
