സമരം ചെയ്ത നഴ്‌സുമാരെ ബേബി മെമ്മോറിയല്‍ ആശുപത്രി പിരിച്ചുവിട്ടു ;

Share our post

കോഴിക്കോട്: വേതന വര്‍ധനവ് ആവശ്യപ്പെട്ട് സമരം ചെയ്ത നഴ്‌സുമാരെ പിരിച്ചുവിട്ട് കോഴിക്കോട് ബേബി മെമ്മോറിയല്‍ ആശുപത്രി. സമരം ചെയ്ത രണ്ട് നഴ്‌സുമാരെയാണ് പിരിച്ചുവിട്ടത്. ഇതേത്തുടര്‍ന്ന് നഴ്‌സുമാരുടെ സംഘടനയായ യുഎന്‍എയുടെ നേതൃത്വത്തില്‍ ആശുപത്രിയില്‍ സമരം സംഘടിപ്പിച്ചു.

കരാര്‍ അടിസ്ഥാനത്തില്‍ ജോലി ചെയ്തിരുന്ന രണ്ട് നഴ്‌സുമാര്‍ക്കാണ് പിരിച്ചുവിടല്‍ നോട്ടീസ് നല്‍കിയത്. സമരം ചെയ്ത നഴ്സുമാരോട് ഹോസ്റ്റല്‍ ഒഴിഞ്ഞുപോകാനും ആവശ്യപ്പെട്ടിട്ടുണ്ട്. ഇന്ന് ജോലിയില്‍ പ്രവേശിക്കാത്ത മുഴുവന്‍ നഴ്‌സുമാരും 24 മണിക്കൂറിനകം ഹോസ്റ്റലുകള്‍ ഒഴിഞ്ഞു പോകണമെന്നാണ് നിര്‍ദേശം.

പ്രതിഷേധത്തിലുള്ള നഴ്‌സുമാരെ മാനേജ്‌മെന്റിന്റെ ആളുകള്‍ നേരിട്ടെത്തി ഭീഷണിപ്പെടുത്തുകയും കയ്യേറ്റത്തിന് ശ്രമിക്കുകയും ചെയ്തു. സമരം ചെയ്ത നഴ്‌സുമാരെ ആശുപത്രി മാനേജ്‌മെന്റിന്റെ ഭാഗമായ ഡോ. അലക്‌സാണ്ടര്‍ മുറിയില്‍ അടച്ചിട്ടെന്നും നഴ്‌സുമാര്‍ ആരോപിക്കുന്നു. ന്യായമായ അവകാശത്തിന് വേണ്ടിയാണ് സമരം ചെയ്തതെന്നും സ്ഥാപനത്തിന്റെ പ്രവര്‍ത്തനത്തെ ഒരുതരത്തിലും ബാധിച്ചില്ലെന്നും നഴ്‌സുമാര്‍ പറയുന്നു.

ശമ്പള പരിഷ്‌കരണ കരാറില്‍ ഒപ്പിടാത്ത ആശുപത്രികളിലാണ് നഴ്‌സുമാര്‍ ഇന്നുമുതല്‍ പണിമുടക്ക് ആരംഭിച്ചത്. മിനിമം വേതനം 40,000 രൂപയായി ഉയര്‍ത്തണമെന്നാവശ്യപ്പെട്ടാണ് സമരം. അടിസ്ഥാന ശമ്പളം വര്‍ധിപ്പിച്ച് കരാര്‍ ഒപ്പിടുന്ന ആശുപത്രികളിലെ സമരം അവസാനിപ്പിക്കും. ശമ്പള വര്‍ധനയില്‍ യുഎന്‍എയുമായി ധാരണയില്‍ എത്താത്ത എറണാകുളം, തൃശൂര്‍, കോഴിക്കോട്, വയനാട്, കണ്ണൂര്‍ ജില്ലകളിലെ ആശുപത്രികളിലാണ് ശക്തമായ സമരം.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!