ആറളത്തെ 47 പട്ടികവർഗ കുടുംബങ്ങൾക്ക് കൈവശ രേഖ നൽകി
ആറളം: ആറളം പുനരധിവാസ മേഖലയിൽ താമസിക്കുന്ന 47 പട്ടികവർഗ കുടുംബങ്ങൾക്ക് മന്ത്രി ഒ.ആർ. കേളു കൈവശരേഖ വിതരണം ചെയ്തു. തീരേ ഭൂമിയില്ലാത്ത കുടുംബങ്ങൾക്ക് അഞ്ച് സെന്റ് എങ്കിലും ഭൂമി അനുവദിക്കണമെന്ന് പട്ടികവർഗ വകുപ്പ് ഉത്തരവ് ഇറക്കിയതായി മന്ത്രി പറഞ്ഞു. ഭൂമി കണ്ടെത്താനുള്ള അധികാരം ഗുണഭോക്താവിന് തന്നെയാണ് നൽകിയത്. എത്രയും പെട്ടെന്ന് എല്ലാ കുടുംബത്തിനും ഭൂമി നൽകാനുള്ള പ്രവർത്തനങ്ങളാണ് നടത്തുന്നത്.
ആറളം ഫാമിലെ വളയംചാൽ കമ്യൂണിറ്റി ഹാളിൽ നടന്ന ചടങ്ങിൽ മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ അധ്യക്ഷത വഹിച്ചു. സണ്ണി ജോസഫ് എംഎൽഎ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബിനോയ് കുര്യൻ എന്നിവർ മുഖ്യാതിഥികളായിരുന്നു.
ഡോ. കൗശികൻ, ഡോ. മിഥുൻ പ്രേംരാജ്, തലശേരി സബ് കളക്ടർ കാർത്തിക് പാണിഗ്രാഹി എന്നിവർ വിശിഷ്ടാതിഥികളായിരുന്നു. ആറളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി. ശോഭ, പഞ്ചായത്ത് അംഗങ്ങളായ സുജാത, കെ.കെ. സബിത, പി.കെ. സുരേഷ് ബാബു, ആർ. രാജേഷ് കുമാർ, എസ്. സുജീഷ്, കെ. മോഹനനൻ, രാഷ്ട്രീയ എന്നിവർ പ്രസംഗിച്ചു.
1049 പേരുടെ കൈവശ രേഖ റദ്ദ് ചെയ്തു
ആറളം പുനരധിവാസ മേഖലയിൽ ഭൂമി അനുവദിച്ച 3375 കുടുംബങ്ങളിൽ വർഷങ്ങളായിട്ടും 1746 കുടുംബങ്ങൾ അനുവദിച്ച ഭൂമിയിൽ അധിവസിക്കാത്തതിനാൽ വസ്തുവകകൾ കാട് കയറി വന്യമൃഗ ശല്യം രൂക്ഷമായതിനാൽ താമസിക്കുവാൻ തയാറാകാതെ ഒഴിഞ്ഞു പോയവരുടെ ഭൂമി റദ്ദ് ചെയ്യുന്നതിന് നോട്ടീസ് നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ഭൂമി വേണ്ട എന്ന് അറിയിച്ചവരുടെയും, താമസിക്കുവാൻ താത്പര്യമില്ലെന്ന് അറിയിച്ചവരുടെയും ഉൾപ്പെടെ 1049 പേരുടെ കൈവശരേഖ റദ്ദ് ചെയ്തിട്ടുണ്ട്.
കൈയേറി താമസിക്കുന്നവരിൽ ശേഷിക്കുന്ന 70 പേരിൽ എട്ട് പേർ ഉപകുടുംബത്തിൽപ്പെട്ടതും എട്ട് പേർ ഭൂമി വേണ്ട എന്ന് അറിയിച്ചവരുമാണ്. ഒരാൾക്ക് നിലവിൽ കൈവശരേഖ ഉള്ളതിനാലും ഒരാൾക്ക് കൈയേറിയ സ്ഥലം പ്ലോട്ട് തിരിച്ച് നൽകിയിട്ടില്ലാത്തതിനാലും അഞ്ചുപേർക്ക് ചതിരൂർ ഉന്നതിയിലുള്ള ഭൂമി റദ്ദ് ചെയ്യേണ്ടതിനാലും ഇവരെ ഒഴിവാക്കി ബാക്കിയുളള 47 പേരെയാണ് നിലവിൽ ഭൂമി അനുവദിക്കുന്നതിനായി തെരഞ്ഞെടുത്തത്.
