പ്രകൃതിയിൽ സംഭവിച്ച മാറ്റം തിരിച്ചടിയായി, മാവുകൾ കുലകുത്തി കായ്ച്ചു; കുറ്റ്യാട്ടൂർ മാമ്പഴം വൻഭീഷണിയിൽ

Share our post

ഭൗമസൂചികാ പദവി ലഭിച്ച കണ്ണൂർ കുറ്റ്യാട്ടൂർ മാമ്പഴം വൻഭീഷണിയിൽ. കാലംതെറ്റി മാവു പൂത്തെങ്കിലും പഴുക്കുമ്പോഴേക്കും മഴക്കാലമാകുമെന്നതിനാൽ പ്രതീക്ഷയറ്റിരിക്കുകയാണു കർഷകർ. മാവു പൂക്കുന്ന സമയത്ത് മഴ പെയ്തതോടെ പൂവുകൾ കൊഴിഞ്ഞു. കാലാവസ്ഥ അതിജീവിച്ച് മാസം തെറ്റി മാവുകൾ പൂവിട്ടു. ധാരാളം മാങ്ങ വിരിഞ്ഞു. വീണ്ടും മഴ വില്ലനായതോടെ വിരിഞ്ഞ മാങ്ങകൾ കൊഴിയാൻ തുടങ്ങി.

മാങ്ങയുടെ ഭാരം താങ്ങാനാകാതെ കൊമ്പുകൾ മുറിഞ്ഞു വീണും മാങ്ങ നഷ്ടമാകാൻ കാരണമായി. ശേഷിക്കുന്നത് അഞ്ചു ടണ്ണോളം മാങ്ങയാണ്. അവ വിളവെടുപ്പിനു തയാറാകുമ്പോഴേക്കും മഴക്കലമാകുമെന്ന് മാമ്പഴക്കർഷകർ പറയുന്നു. വൻ സാമ്പത്തിക നഷ്ടമാണ് ഇതുവഴി മാമ്പഴ കർഷകർക്കു ഉണ്ടായിട്ടുള്ളത്. കഴിഞ്ഞ ഏതാനും കൊല്ലങ്ങളായി കുറ്റ്യാട്ടൂർ മാങ്ങയുടെ ഉൽപാദനത്തിൽ വൻ ഇടിവാണ്. 100 ടണ്ണിലേറെ ഉൽപാദനം മുൻപു ലഭിച്ചിരുന്നു.

∙ ഭൗമ സൂചിക പദവി ലഭിച്ച മാങ്ങ

കുറ്റ്യാട്ടൂർ എന്ന ഗ്രാമത്തിന്റെ പേരും പെരുമയും ആഗോള വിപണിയിൽ വരെ എത്തിച്ച കുറ്റ്യാട്ടൂർ മാങ്ങയ്ക്ക് ഏറെ കാലത്തെ കാത്തിരിപ്പിനു ഒടുവിലാണ് ഭൗമസൂചിക പദവി ലഭിച്ചത്. കുറ്റ്യാട്ടൂർ പഞ്ചായത്ത്, കൃഷി വകുപ്പ്, കുറ്റ്യാട്ടൂർ മാംഗോ പ്രൊഡ്യൂസേഴ്സ് കമ്പനി എന്നിവയുടെ നേതൃത്വത്തിൽ വർഷങ്ങളായി നടത്തിയ പരിശ്രമത്തിലൂടെയാണ് ആ പദവി ലഭിച്ചത്. ഫൈബറിന്റെ അളവ് വളരെ കൂടുതലുള്ള കുറ്റ്യാട്ടൂർ മാങ്ങ ഏറെ രുചികരവും മാംസളവുമാണ്. കുറ്റ്യാട്ടൂർ മാങ്ങ, നമ്പ്യാർ മാങ്ങ എന്നും അറിയപ്പെടുന്നു. നൂറ്റാണ്ടുകൾക്കു മുൻപ് നീലേശ്വരം രാജ കുടുംബത്തിൽ നിന്നും വേശാലയിലെ കാവില്ലത്തും, കുറ്റ്യാട്ടൂർ ചാത്തോത്ത് തറവാട്ടിലും എത്തിയതാണ് കുറ്റ്യാട്ടൂർ മാവിൻ തൈകൾ എന്നാണ് ഐതിഹ്യം. മണ്ണും കാലാവസ്ഥയും അനുകൂലമായതോടെ തൈകൾ വളർന്നു പന്തലിച്ചു.

നിലവിൽ കുറ്റ്യാട്ടൂർ പഞ്ചായത്തിൽ എവിടെ നോക്കിയാലും മാവുകളും സീസൺ സമയങ്ങളിൽ നിറയെ മാമ്പഴങ്ങളും കാണാം. ഇവിടെ നിന്നും തൈകൾ കൊണ്ടു പോയി നട്ടു പരിപാലിച്ച് സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും ഇപ്പോൾ മാങ്ങ ലഭിക്കുന്നുണ്ട്. എന്നാൽ മാങ്ങയുടെ ഗുണ നിലവാരവും തനിമയും കുറ്റ്യാട്ടൂരിൽ ഉണ്ടാകുന്ന മാങ്ങയ്ക്ക് മാത്രമാണ്.

∙ മാങ്ങയേക്കാ‌ൾ കാശുവാരി മാവില

മാങ്ങയേക്കാൾ വില ലഭിക്കുന്നുണ്ട് ഇതിന്റെ ഇലയ്ക്കും. മാങ്ങ കിലോയ്ക്ക് 70 രൂപ എങ്കിൽ മാവില കിലോയ്ക്ക് 150 രൂപ വരെ ലഭിച്ചിരുന്നു. ഒരു സമയത്ത് മാവുടമകൾ കൊഴിഞ്ഞു വീഴുന്ന മാവില പെറുക്കിവിറ്റു കാശാക്കുകയും ചെയ്തിരുന്നു. കേന്ദ്രസർക്കാരിന്റെ സഹായത്തോടുകൂടി പ്രവർത്തിക്കുന്ന നീലേശ്വരത്തുള്ള കമ്പനിയാണ് പൽപൊടി ഉൽപാദനത്തിനും മറ്റുമായി മാമ്പഴത്തിന്റെ ഇലകൾ ശേഖരിച്ചിരുന്നത്. കുറ്റ്യാട്ടൂർ മാവിലയ്ക്ക് മറ്റുള്ളവയെക്കാൾ കട്ടി കൂടുതലാണെന്നതും ഞെടുപ്പിനു പ്രത്യേക സുഗന്ധം പരത്താൻ കഴിയുമെന്നതുമാണ് ഇതിന് കാരണം. പാഴായിപ്പോകുന്ന മാവിലയ്ക്ക് മാങ്ങയെക്കാൾ വില കിട്ടുമെന്നതിനാൽ കർഷകർ കൂട്ടമായി ഇല ശേഖരിച്ചിരുന്നു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!